യുഎഇയിൽ 'കേരള സർക്കാർ' വഴി ജോലി അവസരം: ടിക്കറ്റും വിസയും ഫ്രീ; ശമ്പളം 3500 ദിർഹം

കേരള സർക്കാരിന് കീഴിയില്‍ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം

3 min read|16 Jun 2026, 07:01 pm

കേരള സർക്കാരിന് കീഴിയില്‍ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഒഡെപെക് (ODEPC) വഴി യുഎഇയിലെ ഹോംകെയർ മേഖലയിലേക്ക് അസിസ്റ്റന്റ് നഴ്സ് തസ്തികകളിൽ സൗജന്യ റിക്രൂട്ട്മെന്റ് നടക്കുന്നു. ആകെ 50 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 3500 ദിർഹം ശമ്പളമായി ലഭിക്കും. അതായത് ഏകദേശം 90,000 രൂപയിലേറെ വരും. പൂർണ്ണമായും സൗജന്യമായ ഈ റിക്രൂട്ട്മെന്റിൽ ഉദ്യോഗാർത്ഥികൾ യാതൊരുവിധ റിക്രൂട്ട്മെന്റ് ഫീസും നൽകേണ്ടതില്ലെന്നതാണ് ശ്രദ്ധേയം.

അവസരം ആർക്ക്

വനിതകള്‍ക്ക് മാത്രമാണ് അവസരം. അപേക്ഷകർ ബിഎസ്സി നഴ്സിംഗ് (B.Sc Nursing) അല്ലെങ്കിൽ ജിഎൻഎം (GNM) പാസായിരിക്കണം. എംഒഎച്ച് (MOH) അല്ലെങ്കിൽ ഡിഎച്ച്എ (DHA) അസിസ്റ്റന്റ് നഴ്സ് ലൈസൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഇതിലേക്ക് അപേക്ഷിക്കാം. ഡാറ്റാഫ്ലോ (Dataflow) കഴിഞ്ഞവർക്കും നിലവിൽ പ്രൊസസ്സ് ചെയ്തുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ലൈസൻസ് ഇല്ലാത്തവർ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ലൈസൻസ് നേടിയെടുത്താൽ മതിയാകും.

യോഗ്യത

ഹോസ്പിറ്റൽ, ക്ലിനിക്, അല്ലെങ്കിൽ ഹോംകെയർ മേഖലകളിൽ കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവൃത്തിപരിചയം നിർബന്ധമാണ്. അപേക്ഷകരുടെ പ്രായം 20-നും 40-നും ഇടയിലായിരിക്കണം, ഒപ്പം കുറഞ്ഞത് 5 അടി ഉയരവും അനുയോജ്യമായ ബിഎംഐ (BMI) കണക്കുകളും ഉണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷിൽ മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ കഴിയുന്നവരുമാകണം.

ഹോംകെയർ അന്തരീക്ഷത്തിൽ സ്വതന്ത്രമായി ജോലി ചെയ്യാൻ താല്പര്യമുള്ളവർ മാത്രമാണ് അപേക്ഷിക്കേണ്ടത്. ട്രക്കിയോസ്റ്റമി കെയർ (Tracheostomy care), കത്തീറ്റർ കെയർ (Catheter care), ബെഡ്സോർ പ്രതിരോധവും ചികിത്സയും (Bedsore prevention/treatment), എൻ.ജി.ടി അല്ലെങ്കിൽ പി.ഇ.ജി വഴി രോഗികൾക്ക് ഭക്ഷണം നൽകൽ (Enteral feeding via NGT/PEG) എന്നിവയിൽ മികച്ച നൈപുണ്യമുള്ളവരായിരിക്കണം ഉദ്യോഗാർത്ഥികൾ. നിരീക്ഷണപാടവവും മികച്ച ആശയവിനിമയ ശേഷിയും ഇവർക്ക് ഉണ്ടായിരിക്കണം.

നിശ്ചിത സമയത്തിന് പുറമെ ജോലി ചെയ്യേണ്ടി വരികയാണെങ്കിൽ അധിക സമയത്തിനുള്ള ഓവർടൈം (Overtime) ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും. രണ്ട് വർഷത്തെ (24 മാസം) തൊഴിൽ വിസയും കരാറും കമ്പനി സൗജന്യമായി നൽകുന്നതാണ്. വാടകയില്ലാത്ത സൗജന്യ താമസസൗകര്യം കമ്പനി ഒരുക്കുമെങ്കിലും ഇന്റർനെറ്റ്, യൂട്ടിലിറ്റി ബില്ലുകൾ (SEWA) എന്നിവ ഉദ്യോഗാർത്ഥികൾ പങ്കിട്ട് നൽകേണ്ടി വരും. ജോലിസ്ഥലത്തേക്ക് പോകാനും വരാനും കമ്പനി വാഹനസൗകര്യം ഏർപ്പെടുത്തുന്നതാണ്. ഇതോടൊപ്പം അടിസ്ഥാന പ്ലാൻ പ്രകാരമുള്ള സൗജന്യ മെഡിക്കൽ ഇൻഷുറൻസും, ആദ്യ കരാർ കാലാവധിയിൽ ഇൻ-ഹൗസ് ജി.പി കൺസൾട്ടേഷനും ലഭ്യമാകും.

എങ്ങനെ അപേക്ഷിക്കാം

അപേക്ഷിക്കാൻ താല്പര്യമുള്ളവർ തങ്ങളുടെ അപ്ഡേറ്റ് ചെയ്ത സിവി (CV), പാസ്‌പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ recruit@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ഇമെയിൽ അയക്കുമ്പോൾ സബ്ജക്റ്റ് ലൈനിൽ "Assistant Nurse to UAE" എന്ന് കൃത്യമായി രേഖപ്പെടുത്താൻ ശ്രദ്ധിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂൺ 30 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഒഡെപെക്കിന്റെ ഔദ്യോഗിക ചാനലുകൾ വഴി ബന്ധപ്പെടാവുന്നതാണ്.

Content Highlights: The Overseas Development and Employment Promotion Consultants (ODEPC), under the Kerala government, has invited applications for job opportunities in the UAE. Selected candidates will receive a monthly salary of 3,500 dirhams, along with free visa and air tickets, making it an attractive overseas employment opportunity for eligible applicants.

To advertise here,contact us