റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ബദരിനാഥ് ക്ഷേത്രം സന്ദർശിച്ച് ദർശനം നടത്തി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. കർശന സുരക്ഷയിലാണ് ക്ഷേത്ര ദർശനം നടത്തിയത്.
പരമ്പരാഗതമായ രീതിയിലാണ് മുകേഷ് അംബാനിയെ ക്ഷേത്ര അധികാരികൾ സ്വീകരിച്ചത്. കാലത്ത് 9.15-ാടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. കുടുംബാംഗങ്ങളും വളരെ വേണ്ടപ്പെട്ടവരുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്തിയതിന് ശേഷം മുകേഷ് അംബാനി കേദാർനാഥിലേക്ക് യാത്ര തിരിച്ചു.
ക്ഷേത്ര കമ്മിറ്റിക്ക് 10 കോടി സംഭാവന നൽകിയ ശേഷമാണ് മുകേഷ് അംബാനി മടങ്ങിയത്. ഈ സംഭാവന ക്ഷേത്രത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കാനും വികസനപ്രവർത്തങ്ങൾ നടത്താനും ഉപയോഗിക്കുമെന്ന് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. എല്ലാ വർഷവും അംബാനി ബദരീനാഥ് ക്ഷേത്രം സന്ദർശിച്ച് സംഭാവന നൽകി മടങ്ങാറുണ്ട്. കഴിഞ്ഞ വർഷവും ബദരിനാഥ് ക്ഷേത്രത്തിലെത്തിയ അംബാനി 10 കോടി രൂപ സംഭാവന നൽകിയിരുന്നു.
അതേസമയം, ചർ ധാം യാത്രയുടെ ഭാഗമായി കേദാർനാഥ്, ബദരിനാഥ് ക്ഷേത്രങ്ങളിൽ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജൂൺ 13 വരേയ്ക്കും 12 ലക്ഷത്തിലധികം ഭക്തർ കേദാർനാഥിലെത്തി എന്നാണ് കണക്കുകൾ. 11 ലക്ഷം പേരാണ് ബദരിനാഥിലെത്തിയത്. ഗംഗോത്രി ക്ഷേത്രത്തിലേക്ക് 6 ലക്ഷം പേർ എത്തിയെന്നും യമുനോത്രിയിലേക്ക് 5 .56 ലക്ഷം പേർ എത്തിയെന്നുമാണ് കണക്ക്.
Content Highlights: Mukesh Ambani visited the sacred Badrinath Temple in Uttarakhand and offered prayers. The visit, carried out under tight security arrangements, is part of his recent spiritual pilgrimage to the Himalayan shrine.