കെ-പോപ്പും കെ-ഡ്രാമകളും; ദക്ഷിണ കൊറിയയെ ആഗോള ടൂറിസം ഹബ്ബാക്കി ഹല്ല്യുതരംഗം

കെ-ഡ്രാമകളിൽ കണ്ട സ്ഥലങ്ങൾ നേരിൽ കാണാനും പ്രിയപ്പെട്ട താരങ്ങളുടെ പാത പിന്തുടരാനുമാണ് വിദേശ സഞ്ചാരികൾ ഇവിടേയ്ക്കായി എത്തുന്നത്

കെ-പോപ്പിനും കെ-ഡ്രാമകൾക്കും ലോകമെമ്പാടും ലഭിക്കുന്ന വമ്പൻ സ്വീകാര്യത ദക്ഷിണ കൊറിയയുടെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവാണ് നൽകുന്നത്. പ്രത്യേകിച്ച് ബിടിഎസ് പോലുള്ള കെ-പോപ്പ് ഗ്രൂപ്പുകളുടെയും കൊറിയൻ സീരീസുകളുടെയും ജനപ്രീതി കാരണം ലക്ഷക്കണക്കിന് ആരാധകരാണ് ഓരോ വർഷവും ദക്ഷിണ കൊറിയയിലേക്ക് എത്തുന്നത്.

കൊറിയൻ സംസ്കാരത്തിന്റെ ആഗോള സ്വാധീനം, ഹല്ല്യു (Korean Wave) എന്നറിയപ്പെടുന്ന സാംസ്കാരിക തരംഗം, രാജ്യത്തെ ലോകത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്. കെ-ഡ്രാമകളിൽ കണ്ട സ്ഥലങ്ങൾ നേരിൽ കാണാനും പ്രിയപ്പെട്ട താരങ്ങളുടെ പാത പിന്തുടരാനുമാണ് നിരവധി വിദേശ സഞ്ചാരികൾ ഇവിടേയ്ക്കായി എത്തുന്നത്.

2026 മാർച്ചിൽ മാത്രം ദക്ഷിണ കൊറിയയിൽ 20.6 ലക്ഷം വിദേശ സഞ്ചാരികളാണ് എത്തിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്. ബിടിഎസിന്റെ തിരിച്ചുവരവും ലോക പര്യടനവും ടൂറിസം വളർച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്നാണെന്ന് ദക്ഷിണ കൊറിയൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ പാദത്തിൽ രാജ്യത്തെത്തിയ വിദേശികളുടെ എണ്ണം 47.6 ലക്ഷത്തിലെത്തി, കഴിഞ്ഞ വർഷത്തേക്കാൾ 23 ശതമാനം വർധനയാണ് കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ബിടിഎസ് സംഗീത പരിപാടികൾ മാത്രം രാജ്യത്തിന് വൻ സാമ്പത്തിക നേട്ടവും സമ്മാനിക്കുന്നുണ്ട് . മൂന്ന് ദിവസത്തെ കൺസേർട്ട് ഏകദേശം 55.5 ബില്യൺ വോൺ (ഏകദേശം 37 മില്യൺ ഡോളർ) വരുമാനം സൃഷ്ടിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഷോപ്പുകൾ, ഗതാഗത മേഖലകൾ എന്നിവയ്ക്കും ഇതിലൂടെ ഗണ്യമായ വരുമാനം ലഭിക്കുന്നുണ്ട്. അങ്ങനെ ഒട്ടനവധി മേഖലകളാണ് ഇതിന്റെ പ്രയോജനം നേടുന്നത്.

സിയോൾ, ഗാങ്നം, ഹോങ്ഡേ, ബുക്ചോൺ ഹനോക്ക് വില്ലേജ്, നംസാൻ ടവർ തുടങ്ങിയ സ്ഥലങ്ങൾ കെ-ഡ്രാമകളുടെയും കെ-പോപ്പ് സംസ്കാരത്തിന്റെയും സ്വാധീനത്തിൽ വിദേശ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റ് കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.ടൂറിസം മേഖലയിലെ പഠനങ്ങൾ പ്രകാരം ദക്ഷിണ കൊറിയ സന്ദർശിക്കുന്നവരിൽ 90 ശതമാനത്തിലേറെ പേരും കെ-കൾച്ചറാണ് യാത്രയ്ക്ക് പ്രചോദനമായതെന്ന് വ്യക്തമാക്കുന്നു. സംഗീതം, സിനിമ, സീരീസ്, ഫാഷൻ, ഭക്ഷണം എന്നിവയെല്ലാം ചേർന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ കരുത്തായി മാറുകയാണ്.

കെ-പോപ്പും കെ-ഡ്രാമകളും വെറും വിനോദമല്ല, ദക്ഷിണ കൊറിയയുടെ ടൂറിസത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും കരുത്തേകുന്ന ശക്തമായ ഘടകങ്ങളായി ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു.

Content Highlights: K-pop tourism boom, How BTS and K-dramas are making South Korea a global travel hotspot

To advertise here,contact us