ആഴ്ചകളോളം പേടിച്ചുള്ള ജീവിതം, ടെൻഷൻ; ഒടുവിൽ ജോലിയിൽ വില്ലനായി എഐ; മെറ്റയിലെ അനുഭവം കയ്പ്പേറിയതെന്ന് യുവതി

മെറ്റയിൽ ജോലി ചെയ്തിരുന്ന 24 വയസ് മാത്രം പ്രായമുള്ള മൊയാൻ ചെൻ എന്ന യുവതിയാണ് താൻ പിരിച്ചുവിടപ്പെട്ട കഥ പങ്കുവെച്ചത്

എഐയുടെ വരവിനെയും വ്യാപനത്തെയും ആശങ്കയോടെയാണ് ലോകം കാണുന്നത്. സമസ്ത തൊഴിൽമേഖലകളെയും അപ്പാടെ വിഴുങ്ങാൻ ശേഷിയുള്ള ഒന്നായാണ് എഐയെ ആളുകൾ കാണുന്നത്. ഇതില്‍ തന്നെ ടെക്ക് മേഖലയെയാണ് എഐയുടെ വ്യാപനം കൂടുതലായും ബാധിച്ചിരിക്കുന്നത്. ഒരുപാട് പേർ തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്കയിലുമാണ്. പലരുടെയും തൊഴിൽ ഇതിനകം നഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെയൊരു അനുഭവമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരിക്കുന്നത്.

മെറ്റയിൽ ജോലി ചെയ്തിരുന്ന 24 വയസ് മാത്രം പ്രായമുള്ള മൊയാൻ ചെൻ എന്ന യുവതിയാണ് താൻ പിരിച്ചുവിടപ്പെട്ട കഥ പങ്കുവെച്ചത്. ഡാറ്റ സയന്റിസ്റ്റ് ആയാണ് മൊയാൻ ചെൻ ജോലി ചെയ്തിരുന്നത്. മാസങ്ങളോളം അനിശ്ചിതത്വം നിലനിന്ന ശേഷമാണ് താൻ പിരിച്ചുവിടപ്പെട്ട കാര്യം യുവതി അറിയുന്നത്. ജോലി നഷ്ടപ്പെട്ടതിനേക്കാൾ ആ സമയപരിധിയായിരുന്നു തന്നെ വേദനിപ്പിച്ചത് എന്നാണ് മൊയാൻ ചെൻ പറയുന്നത്. ഒടുവിൽ എഐക്ക് മുൻപിൽ താൻ മുട്ടുമടക്കി എന്നും മൊയാൻ ചെൻ പറയുന്നു.

മാർച്ചിലാണ് തനിക്ക് ജോലി നഷ്ടപ്പെട്ടേക്കും എന്ന സൂചന മൊയാൻ ചെന്നിന് ലഭിച്ചത്. എന്നാൽ എപ്പോഴാണ് അതുണ്ടാകുക എന്ന് അവർക്ക് അറിയുമായിരുന്നില്ല. അങ്ങനെ അനിശ്ചിതത്വത്തിലും സമ്മർദ്ദത്തിലുമാണ് അവർ ജീവിച്ചത്. കമ്പനിയിൽ മുൻപേ പിരിച്ചുവിടലുകൾ ഉണ്ടായിരുന്നതിനാൽ സമ്മർദ്ദം കൂടി. ബുധൻ, ചൊവ്വ എന്നീ ദിവസങ്ങളിൽ മെറ്റ കൂട്ടപ്പിരിച്ചുവിടലുകൾ നടത്തിയിട്ടുണ്ട് എന്നതിനാൽ ഈ ദിവസങ്ങളിലും അവർ വലിയ സമ്മർദ്ദം അനുഭവിച്ചിരുന്നു. എല്ലാ ബുധനാഴ്ചകളും ഇ-മെയിൽ നോക്കും. ജോലി നഷ്ടപ്പെട്ട മെയിൽ ഇല്ലെങ്കിൽ ആശ്വസിക്കും.

ഒടുവിൽ മെയ് 20ന് ജോലി നഷ്ടപ്പെടും എന്ന മെയിൽ വന്നപ്പോൾ വേദനയേക്കാൾ തനിക്ക് ആശ്വാസമാണ് തോന്നിയത് എന്ന് മൊയാൻ ചെൻ പറയുന്നു. പിരിച്ചുവിടൽ സന്ദേശം വലിയ കോർപ്പറേറ്റ് കമ്പനികളിലെ ജോലി ഭാവി സുരക്ഷിതമാക്കും എന്ന തന്റെ ധാരണയെ തകിടം മറിക്കുന്നതായിരുന്നുവെന്ന് മൊയാൻ ചെൻ പറയുന്നു. തന്റെ ഒപ്പമുള്ള പലരുടെയും ജോലി നഷ്ടപ്പെട്ടു. എല്ലാവരും ഇപ്പോൾ പുതിയ ജോലി നോക്കുകയാണ്. പലരും ഇപ്പോൾ ജോലി സ്ഥിരതയ്ക്കും മറ്റുമായി ഫിനാൻസ് മേഖല ആശ്രയിക്കാനാണ് പദ്ധതിയിടുന്നത് എന്നും മൊയാൻ ചെൻ പറയുന്നു.

താൻ സിംഗിൾ ആയതുകാരണവും യുഎസിൽ തന്റെ കുടുംബാംഗങ്ങൾ ആരും ഇല്ലാത്തതുകാരണവും ജോലി നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയായി എന്നും മൊയാൻ ചെൻ പറയുന്നു. ചൈനയിലേക്ക് പോകുക എന്നത് മാത്രമാണ് ഇനി ഒരു വഴി. ഈ സംഭവം കോർപ്പറേറ്റ് ലോകത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ആകെ മാറ്റി. എവിടെ ജോലി ചെയ്താലും പിരിച്ചുവിടപ്പെടും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി.

തന്റെ ജോലിയെപ്പോലും പലതവണ എഐ ബാധിച്ചുതുടങ്ങി എന്നും മൊയാൻ ചെൻ പറയുന്നു. വിഷ്വലുകൾ ഉണ്ടാക്കുക, ഡാറ്റ അനാലിസിസ് തുടങ്ങിയ ജോലികളെല്ലാം എഐ ഏറ്റെടുത്തുതുടങ്ങിയിരുന്നു. കോഡിങ് അറിഞ്ഞതുകൊണ്ട് മാത്രം ഇന്നത്തെക്കാലത്ത് കാര്യമില്ല. പല കാര്യങ്ങളും തങ്ങൾ ചെയ്യുന്നത് ഇന്ന് എഐ ചെയ്യും. എഐ കണ്ടന്റുകൾ കൃത്യമാകും എന്നുറപ്പുള്ളതിനാൽ താൻ ഇപ്പോൾ കാര്യമായി പരിശോധിക്കുക പോലും ചെയ്യാറില്ലെന്നും മൊയാൻ ചെൻ പറയുന്നു.

Content Highlights: 24 year old women from meta shares her story on how she was laid off because of AI expansion

To advertise here,contact us