കാറുകൾക്ക് വിലക്കുറവുകളും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹോണ്ട. ഹോണ്ട എലവേറ്റ്, ഹോണ്ട അമേസ്, ഹോണ്ട സിറ്റി തുടങ്ങിയ കാറുകൾക്കാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, ലോയൽറ്റി റിവാർഡുകൾ, വാറന്റി ഓഫറുകൾ തുടങ്ങിയവയെല്ലാമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ട എലവേറ്റ്, ഹോണ്ട അമേസ് എന്നിവയ്ക്കാണ് ഏറ്റവും വലിയ ഓഫറുകൾ പ്രഖ്യാപിച്ചരിക്കുന്നത്. സെഡാൻ സെഗ്മെന്റിലുള്ള കാറുകൾക്കാണ് ഓഫർ. ജൂൺ 30 വരെയാണ് ഓഫറുകളുടെ കാലാവധി. നഗരവും ഡീലർഷിപ്പും അനുസരിച്ച് ഓഫറുകളിൽ വ്യത്യാസം ഉണ്ടാകാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഹോണ്ട എലവേറ്റിന് 2 .15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ട എലവേറ്റ് ZX MT, ഹോണ്ട എലവേറ്റ് ZX CVT വേരിയന്റുകൾക്കാണ് ആനുകൂല്യങ്ങൾ ഉള്ളത്. ഡിസ്കൗണ്ടുകൾ, ആനുകൂല്യങ്ങൾ എന്നിവയ്ക്ക് പുറമെ ഹോണ്ട എലവേറ്റ് കാർ വാങ്ങിയാൽ സൗജന്യമായി 360 ഡിഗ്രി കാമറ, പ്രീമിയം ഡാഷ്ക്യാം തുടങ്ങി നിരവധി വസ്തുക്കളും ലഭിക്കും. ഹോണ്ട എലവേറ്റ് വി അപെക്സിന് 1.61 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ഉള്ളത്. ഹോണ്ട എലവേറ്റ് VX ട്രിമ്മിന് 1.53 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുക. ക്രെറ്റ, കിയ സെൽടോസ്, മാരുതി ഗ്രാൻഡ് വിതാര തുടങ്ങിയ വണ്ടികൾക്ക് കടുത്ത മത്സരം നൽകുന്ന വണ്ടിയാണ് ഹോണ്ട എലവേറ്റ്.
അമേസിന് 67000 രൂപയുടെ ആനുകൂല്യങ്ങളാണ് ഉള്ളത്. അമേസ് VX എടുക്കുന്ന കസ്റ്റമറിന് 48000 രൂപയുടെ അനുകൂല്യങ്ങളാണ് ലഭിക്കുക. അമേസ് വി വേരിയന്റിന് 28000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. ചില അമേസ് വകഭേദങ്ങൾക്ക് അംഗീകൃത സിഎൻജി കിറ്റ് ഇൻസ്റ്റാളേഷനുകൾക്കായി ഹോണ്ട 20000 രൂപ വരെ റീഇംബേഴ്സ്മെന്റ് വാഗ്ദാനം ചെയ്യുന്നുമുണ്ട്.
പഴയ ഹോണ്ട സിറ്റി മോഡലുകൾക്കും ഹോണ്ട ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഹോണ്ട സിറ്റി പ്രട്രോൾ റേഞ്ചിന് 1.56 ലക്ഷം രൂപയുടെ അനുകൂല്യങ്ങളാണ് ഉള്ളത്. ഹോണ്ട സിറ്റി EHV ഹൈബ്രിഡ് സെഡാന് 1.97 ലക്ഷം രൂപ വരെയുള്ള ഡിസ്കൗണ്ടുകളുണ്ട്.
അതേസമയം, ഹോണ്ടയുടെ അപ്ഡേറ്റഡ് സിറ്റി മിഡ് സൈസ് സെഡാന് മാർക്കറ്റിൽ വൻ ഡിമാൻഡാണ് രേഖപ്പെടുത്തുന്നത്. മെയ് മാസം മാത്രം വണ്ടിയുടെ 1227 യൂണിറ്റുകളാണ് വിറ്റുപോയത്. ഏപ്രിലിൽ ഇത് വെറും 177 ആയിരുന്നു. 593.22% വളർച്ചയാണ് ഒരു മാസം കൊണ്ട് വില്പനയിൽ ഉണ്ടായിരിക്കുന്നത്. ഇതാദ്യമായല്ല ഹോണ്ടയുടെ ഒരു മോഡലിന്റെ വില്പന 1000 യൂണിറ്റ് കടക്കുന്നത്. നവംബർ 2023ൽ ഹോണ്ട സിറ്റിയുടെ 1336 യൂണിറ്റുകളാണ് ഒരു മാസം വിട്ടുപോയത്. അതിനുശേഷം ഇപ്പോഴാണ് വില്പന 1000 കടക്കുന്നത് എന്നാണ് ശ്രദ്ധേയം. രണ്ടര വർഷത്തിനിടെയുള്ള ഏറ്റവും വലിയ രണ്ടാമത്തെ സെയിൽസ് ആണ് മെയ് മാസത്തേത്. ഡിസംബർ 2025ൽ രേഖപ്പെടുത്തിയ 943 കാറുകളുടെ വില്പനയയ്ക്കായിരുന്നു നേരത്തെ രണ്ടാം സ്ഥാനം ഉണ്ടായിരുന്നത്.
കഴിഞ്ഞ മാസമാണ് ഹോണ്ടയുടെ പുതിയ സിറ്റി വണ്ടി നിരത്തിലിറക്കിയത്. ഡിസൈനുകളിൽ മാറ്റം വരുത്തിയാണ് ഹോണ്ട സിറ്റി ഇറക്കിയത്. മുൻഭാഗത്തെ ഷേപ്പിൽ മാറ്റം, പുതിയ ബ്ലേഡ് അയ് ലൈറ്റിങ് സിസ്റ്റം, ഗ്രിൽ ലൈറ്റ് ബാർ, പുതിയ ബമ്പർ ഡിസൈൻ, പുതിയ അലോയ് വീലുകൾ എന്നതായിരുന്നു മാറ്റം. എൽഇഡി റെയിൽ ലാമ്പുകൾ, പുതിയ ബമ്പർ ഗാർണിഷ് എന്നിവയും വണ്ടിയിൽ ഉണ്ടായിരുന്നു.
10.1 ഇഞ്ചിന്റെ ടച്ച്സ്ക്രീനാണ് വണ്ടിയിൽ ഉള്ളത്. വയർലെസ് സ്മാർട്ടഫോൺ കണക്ടിവിറ്റി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360 ഡിഗ്രി കാമറ, മുൻപിലത്തെയും പിന്നിലത്തെയും ഇരിപ്പിടങ്ങളിൽ ടൈപ്പ് സി ചാർജിങ് പോർട്ടുകൾ എന്നിവയും വണ്ടിയിലുണ്ട്.
സുരക്ഷാ സംവിധാനങ്ങളിലും ഹോണ്ട വിട്ടുവീഴ്ച ചെയ്തിട്ടില്ല. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, കൂട്ടിയിടി ഒഴിവാക്കാനും മുൻപേ സൂചനകൾ നൽകാനുമുള്ള ബ്രേക്കിംഗ് സിസ്റ്റം, ലെയിൻ കീപ്പ് അസിസ്റ്റ് സിസ്റ്റം തുടങ്ങി എല്ലാ സംവിധാനങ്ങളും വണ്ടിയിലുണ്ട്. പെട്രോൾ,എം ഹൈബ്രിഡ് ഓപ്ഷനുകളിലായാണ് വണ്ടി വിപണിയിൽ ഇറങ്ങിയിരിക്കുന്നത്, 12 മുതൽ 21 ലക്ഷം രൂപ വരെയാണ് വില.
Content Highlights: Honda Cars India has introduced special discounts and customer benefits on selected models, including the Honda Elevate SUV, Honda Amaze sedan, and Honda City. The offers include cash discounts, exchange bonuses, loyalty rewards, and corporate benefits, making the vehicles more affordable for buyers.