മില്‍മയുടെ ലക്ഷ്യം 2031-ഓടെ 10,000 കോടി വിറ്റുവരവ്; ആഗോള വിപണി ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പുമായി പങ്കാളിത്തം

2025-26 സാമ്പത്തിക വർഷത്തിൽ 4,344 കോടി രൂപയുടെ വിറ്റുവരവാണ് മിൽമ നേടിയത്

3 min read|13 Jun 2026, 12:11 pm

കൊച്ചി: കേരളത്തിന്റെ ശക്തമായ ക്ഷീരമേഖലയെ പ്രയോജനപ്പെടുത്തിയും ആഭ്യന്തര-അന്തർദ്ദേശീയ വിപണികളിൽ സാന്നിധ്യം ശക്തമാക്കിയും 2030-31 സാമ്പത്തിക വർഷത്തോടെ 10,000 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കാൻ ലക്ഷ്യമിട്ട് മിൽമ. കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (സിസിസിഐ), അൽറ്റാസിറ്റ് ഗ്ലോബലുമായി സഹകരിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച 'കേരള റീട്ടെയിൽ കോൺക്ലേവ്' ഉദ്ഘാടന സമ്മേളനത്തിൽ മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കിയതാണ് ഇക്കാര്യം.

കേരളത്തിലെ ക്ഷീരമേഖലയിൽ വൻ നിക്ഷേപസാധ്യതകളുണ്ടെന്ന് കെ.എസ്. മണി ചൂണ്ടിക്കാട്ടി. പാൽ ഉൽപ്പാദനക്ഷമതയിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളത്തിനെങ്കിലും, സംസ്ഥാനത്തെ പാലിന്റെ ആവശ്യകതയുടെ പകുതിയോളം ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതിയിലൂടെയാണ് പരിഹരിക്കുന്നത്. ഇത് ഈ മേഖലയിൽ വിപുലീകരണത്തിനും വലിയ തോതിലുള്ള നിക്ഷേപങ്ങൾക്കും അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2025-26 സാമ്പത്തിക വർഷത്തിൽ 4,344 കോടി രൂപയുടെ വിറ്റുവരവാണ് മിൽമ നേടിയത്. പാലിന്റെ വില്പനവിലയുടെ 83 ശതമാനത്തോളം തുകയും ക്ഷീരകർഷകർക്ക് നേരിട്ട് ലഭ്യമാക്കുന്ന കർഷക കേന്ദ്രീകൃത ബിസിനസ്സ് മാതൃകയാണ് മിൽമയുടേത്. ആഗോള വിപണിയിലെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി ലുലു ഗ്രൂപ്പുമായി മിൽമ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തുടനീളമുള്ള പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ വിപണി വിപുലീകരിക്കാനും മിൽമ പദ്ധതിയിടുന്നുണ്ടെന്ന് ചെയർമാൻ കൂട്ടിച്ചേർത്തു.

അൽറ്റാസിറ്റ് ഗ്ലോബൽ സ്ഥാപകനും സി.ഇ.ഒയുമായ സുധീർ രാജ രവീന്ദ്രൻ, അസോസിയേറ്റ് പാർട്ണർ അഡ്വ. മഞ്ജു അമ്മനാഥ്, കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് വിനോദിനി സുകുമാർ, വൈസ് പ്രസിഡന്റ് ബിബു ബി. പുന്നൂരാൻ എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.

കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഇന്ത്യൻ ഉപഭോക്തൃ സമ്പദ്‌വ്യവസ്ഥയുടെ ഡിജിറ്റൽ പരിണാമം' എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയിൽ കേരളത്തിലെ റീട്ടെയിൽ മേഖലയുടെ ദ്രുതഗതിയിലുള്ള മാറ്റങ്ങളെക്കുറിച്ച് വിദഗ്ധർ വിലയിരുത്തി. കേരളത്തിലെ റീട്ടെയിൽ വിപണിയുടെ വാർഷിക മൂല്യം 3.5 ലക്ഷം കോടി മുതൽ 4.5 ലക്ഷം കോടി രൂപ വരെയാണെന്ന് പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. സംഘടിത റീട്ടെയിൽ മേഖലയുടെ വ്യാപനം, ഡിജിറ്റൽ പേയ്‌മെന്റുകൾ, ഫ്രോസൺ-കൺവീനിയൻസ് ഫുഡുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം, അനുഭവവേദ്യമായ റീട്ടെയിൽ ഫോർമാറ്റുകൾ, ടയർ-2, ടയർ-3 വിപണികളുടെ വളർച്ച, പരിസ്ഥിതി സൗഹൃദ-ആരോഗ്യ ഉൽപ്പന്നങ്ങളോടുള്ള താല്പര്യം, പ്രൈവറ്റ് ലേബൽ ബ്രാൻഡുകളുടെ കടന്നുവരവ് എന്നിവയാണ് ഈ മേഖലയിലെ പ്രധാന ട്രെൻഡുകൾ.

മൈ ഡിസൈനേഷൻ സി.ഇ.ഒയും സഹസ്ഥാപകനുമായ സ്വരൂപ് കൃഷ്ണൻ, കപ്പോ ഫുഡ് ഇന്ത്യ സി.ഇ.ഒ ജോസ് അലക്‌സ്, വി.എൻ.ജി ഫുഡ്‌സ് മാനേജിംഗ് ഡയറക്ടർ ശ്രീനാഥ് വിഷ്ണു, സി.ജി.എച്ച് എർത്ത് സി.ഇ.ഒ മൈക്കൽ ഡൊമിനിക് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.

സ്‌പൈസ് കോസ്റ്റ് എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

കേരള റീട്ടെയിൽ കോൺക്ലേവിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള 'സ്‌പൈസ് കോസ്റ്റ് എക്‌സലൻസ് അവാർഡുകൾ' വിതരണം ചെയ്തു. പുരസ്‌കാര ജേതാക്കൾ താഴെ പറയുന്നവരാണ്:

  • വുമൺ ഒന്റർപ്രണർ ഓഫ് ദി ഇയർ: ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി സ്റ്റാർ)
  • എക്‌സലൻസ് ഇൻ സോഷ്യൽ റെസ്‌പോൺസിബിലിറ്റി: വി-ഗാർഡ്
  • എക്‌സലൻസ് ഇൻ സസ്റ്റൈനബിൾ ബിസിനസ്: സി.ജി.എച്ച് എർത്ത്
  • ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ അവാർഡ്: മേക്ക് യുവർ ഓൺ പെർഫ്യൂം
  • എക്‌സലൻസ് ഇൻ ഇ-കോമേഴ്‌സ് & ഡിജിറ്റൽ റീട്ടെയിൽ: മൈ ഡിസൈനേഷൻ
  • എക്‌സലൻസ് ഇൻ ഫുഡ് & ബെവറേജ്: പവിഴം
  • ഹോസ്പിറ്റാലിറ്റി ബ്രാൻഡ് ഓഫ് ദി ഇയർ: മിസ്റ്റി മൗണ്ടൻ പ്ലാന്റേഷൻ റിസോർട്ട്
  • ബെസ്റ്റ് റീട്ടെയിൽ ചെയിൻ ഓഫ് ദി ഇയർ: പിട്ടാപ്പള്ളിൽ ഏജൻസീസ്
  • എക്‌സലൻസ് ഇൻ എക്‌സ്‌പോർട്ട് & ട്രേഡ്: സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
  • റീട്ടെയിൽ ബ്രാൻഡ് ഓഫ് ദി ഇയർ: മെർസിലീസ് ഐസ്‌ക്രീം
  • വിഷനറി ബ്രാൻഡ് ഓഫ് ദി ഇയർ: ക്രേസ് ബിസ്‌ക്കറ്റ്സ്
  • കേരള ഗ്ലോബൽ ബ്രാൻഡ് ഓഫ് ദി ഇയർ: കല്ല്യാൺ ജ്വല്ലേഴ്‌സ്
  • സ്‌പൈസ് കോസ്റ്റ് ലെഗസി അവാർഡ്: മിൽമ (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ)

Content Highlights: Milma has announced an ambitious target of achieving a turnover of ₹10,000 crore by 2031. To support this goal, the dairy cooperative has partnered with Lulu Group to expand its presence in international markets. The collaboration is expected to boost exports, strengthen brand visibility, and create new growth opportunities for Kerala's dairy sector.

To advertise here,contact us