'മാസ ശമ്പളം 3.3 ലക്ഷം രൂപ': ബംഗളൂരുവിൽ നിന്നും ലഭിച്ച ഓഫർ നിരസിച്ച് യുവാവ്; നാട്ടിലെ 2.3 ലക്ഷം മതി; കാരണം

സ്വന്തം നാട്ടിൽ 28 ലക്ഷം രൂപ ലഭിക്കുമ്പോൾ ബംഗളൂരുവിലെ 40 ലക്ഷത്തിന്റെ ജോലി എന്നത് ശരിയായ ഓപ്ഷനല്ല

വലിയ സാലറി പാക്കേജുകള്‍ മാത്രം വിജയത്തിന്റെ അളവുകോലായി കാണുന്ന ഇന്നത്തെ കോർപ്പറേറ്റ് ലോകത്ത്, ലക്ഷങ്ങളുടെ ഓഫർ വേണ്ടെന്നുവെച്ച് സ്വന്തം നാട്ടിൽ തുടരാൻ തീരുമാനിച്ച ഒരു യുവാവിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബംഗളൂരുവിൽ നിന്നും ലഭിച്ച 40 ലക്ഷം രൂപയുടെ (മാസം 3.3 ലക്ഷം) വാർഷിക ശമ്പള ഓഫർ നിരസിച്ച്, സ്വന്തം നാട്ടിൽ 28 ലക്ഷം രൂപയുടെ ജോലിയിൽ തന്നെ തുടരാൻ തീരുമാനിച്ച പ്രൊഫഷണലിന്റെ കഥ ലിങ്ക്ഡ്ഇന്നിലൂടെയാണ് പുറത്ത് വന്നത്.

അഭിഷേക് അഗർവാൾ എന്ന ലിങ്ക്ഡ്ഇൻ ഉപയോക്താവാണ് തന്റെ സുഹൃത്തിന്റെ ഈ വേറിട്ട തീരുമാനം മറ്റുള്ളവരുമായി പങ്കുവെച്ചത്. സുഹൃത്തിന് ഇത്രയും വലിയൊരു തുകയുടെ ഓഫർ വന്നിട്ട് അത് വേണ്ടെന്നുവെച്ചപ്പോൾ അയാൾക്ക് ഭ്രാന്ത് പിടിച്ചെന്നാണ് താൻ ആദ്യം കരുതിയതെന്ന് അഭിഷേക് കുറിക്കുന്നു. "എന്റെ സുഹൃത്ത് 40 ലക്ഷത്തിന്റെ ഓഫർ നിരസിച്ചപ്പോൾ അവന് ഭ്രാന്ത് പറ്റി എന്നാണ് ഞാൻ കരുതിയത്," അഭിഷേക് കുറിച്ചു.

എന്നാൽ എന്തുകൊണ്ടാണ് ഈ തീരുമാനം എടുത്തതെന്ന് സുഹൃത്തിനോട് തന്നെ ചോദിച്ചപ്പോൾ ലഭിച്ച മറുപടി അഭിഷേകിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. "സ്വന്തം നാട്ടിൽ 28 ലക്ഷം രൂപ ലഭിക്കുമ്പോൾ ബംഗളൂരുവിലെ 40 ലക്ഷത്തിന്റെ ജോലി എന്നത് ശരിയായ ഓപ്ഷനല്ല," എന്നായിരുന്നു സുഹൃത്തിന്റെ ലളിതമായ മറുപടി. ശമ്പളത്തില്‍ 12 ലക്ഷം രൂപയുടെ വലിയൊരു വർദ്ധനവ് പേപ്പറിൽ കാണാമെങ്കിലും, ഇതിന്റെ മറഞ്ഞിരിക്കുന്ന ചിലവുകൾ കണക്കുകൂട്ടി നോക്കിയപ്പോഴാണ് സുഹൃത്ത് എടുത്ത തീരുമാനത്തിന്റെ ആഴം മനസ്സിലായതെന്നും അഭിഷേക് പറയുന്നു.

ബംഗളൂരു പോലുള്ള ഒരു മെട്രോ നഗരത്തിലേക്ക് മാറുമ്പോൾ വീട്ടുവാടകയ്ക്ക് മാത്രം പ്രതിമാസം 50,000 രൂപയോളം ചിലവ് വരും. ഭക്ഷണത്തിന് 20,000 രൂപയും യാത്രാച്ചിലവുകൾക്കായി 10,000 രൂപയും മാറ്റിവെക്കണം. ഇതിനൊക്കെ പുറമെ ഇടയ്ക്കിടെ നാട്ടിൽ വന്നുപോകാനായി ഓരോ തവണയും 25,000 രൂപയോളം ചിലവാകും. ഉയർന്ന നികുതി നിരക്കുകൾ, നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്ക്, കുടുംബത്തിൽ നിന്നും മാറിനിൽക്കുമ്പോഴുണ്ടാകുന്ന മാനസിക സമ്മർദ്ദം എന്നിവയും ഇതിനോടൊപ്പം കൂട്ടിവായിക്കണം.

ചുരുക്കത്തിൽ, കൂടുതൽ സമയവും പണവും സമാധാനവും കളഞ്ഞുകൊണ്ട് ബംഗളൂരുവിൽ ചെയ്യുന്ന അതേ ജോലി തന്നെയാണ് സ്വന്തം നാട്ടിൽ സമാധാനത്തോടെ ചെയ്യാൻ സാധിക്കുന്നത്. അതുകൊണ്ട് സുഹൃത്ത് നാട്ടിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ അദ്ദേഹം നാട്ടിലെ ഓഫീസിൽ 20 പേരടങ്ങുന്ന ഒരു ടീമിനെ നയിക്കുകയും തന്റെ ജീവിതത്തിൽ പൂർണ്ണ സംതൃപ്തനുമാണെന്നും അഭിഷേക് കൂട്ടിച്ചേർത്തു.

ഈ ലിങ്ക്ഡ്ഇൻ പോസ്റ്റ് വലിയൊരു ചർച്ചയ്ക്കാണ് സോഷ്യൽ മീഡിയയിൽ വഴിതുറന്നിരിക്കുന്നത്. ജീവിതത്തിലെ സമ്പത്ത് എന്നത് ബാങ്ക് ബാലൻസ് മാത്രമല്ലെന്നും മറിച്ച് സമയം, കുടുംബം, സമാധാനം, ജീവിതനിലവാരം എന്നിവയൊക്കെ ചേർന്നതാണെന്നും പലരും കുറിക്കുന്നു. എന്നാൽ, ഈ തീരുമാനത്തോട് വിയോജിക്കുന്നവരും കുറവല്ല. ഏതാനും വർഷങ്ങൾ ഉയർന്ന ശമ്പളമുള്ള ജോലി നോക്കിയിരുന്നെങ്കിൽ ഭാവിയിൽ അതിലും വലിയ അവസരങ്ങളിലേക്കുള്ള വാതിൽ തുറക്കുമായിരുന്നെന്നും, അടുത്ത ജോലി മാറുമ്പോൾ ഈ 40 ലക്ഷം രൂപ ഒരു ബേസിക് ആയി ഉപയോഗിക്കാമായിരുന്നു എന്നുമാണ് അവരുടെ വാദം.

Content Highlights: A young professional reportedly declined a Bengaluru job offering a monthly salary of ₹3.3 lakh and instead chose a work-from-home role paying ₹2.3 lakh. The decision was influenced by factors beyond salary, including quality of life, living expenses, family considerations, and the flexibility of working from home.

To advertise here,contact us