രാജ്യത്ത് ഇന്ധന വില റോക്കറ്റ് പോലെയാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ ഏകദേശം 10 രൂപയോളമാണ് ഇന്ധന വില കൂടിയത്. സമൂഹത്തിന്റെ എല്ലാ ശ്രേണിയിൽ ഉള്ളവരെയും ബാധിക്കുന്ന തരത്തിലേക്ക് ഈ വിലവർധനവ് മാറിക്കഴിഞ്ഞു. വിലക്കയറ്റം വരുംമാസങ്ങളിൽ മൂർദ്ധന്യാവസ്ഥയിൽ എത്തുമെന്നാണ് വിലയിരുത്തൽ.
ഇങ്ങനെയിരിക്കെ വരുംമാസങ്ങളിൽ ഇന്ധനവില കുറയുമെന്ന് പറയുകയാണ് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. സിഎൻഎൻ ന്യൂസ് 18നോടായിരുന്നു മന്ത്രി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും ഇന്ത്യക്ക് ആവശ്യത്തിന് എണ്ണ സ്റ്റോക്കുണ്ടെന്നും എല്ലായ്പ്പോഴും എണ്ണവിലയ്ക്ക് ഇങ്ങനെ ഉയർന്നുനിൽക്കാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
76 മുതൽ 80 ദിവസം വരെയുള്ള സ്റ്റോക്കാണ് നിലവിൽ ഇന്ത്യക്കുള്ളത്. ആഗോളതലത്തിൽ എണ്ണവില 40 ശതമാനത്തോളമാണ് വർധിച്ചത്. ഹോർമുസ് കടലിടുക്ക് പ്രതിസന്ധി വ്യാപകമാകുകയും ചെയ്തു. ക്രൂഡ് ഓയിലിന്റെ 40 ശതമാനവും എൽപിജിയുടെ 90 ശതമാനവും ഇന്ത്യ ഹോർമുസ് വഴിയാണ് ഇറക്കുമതി ചെയ്യുന്നത്. പ്രതിസന്ധി മറികടക്കാൻ യുഎസ്, കാനഡ എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി പരിശോധിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.
അതേസമയം, പെട്രോൾ ഡീസൽ എന്നിവയുടെ വില വർധിച്ചിട്ടും എണ്ണകമ്പനികൾ നഷ്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥയിലെത്താൻ ഇനിയും 5 രൂപയുടെയെങ്കിലും വർധനവ് വേണമെന്നാണ് കണക്കുകൂട്ടൽ.
എണ്ണകമ്പനികളല്ല, മറിച്ച് മേഖലയിലെ വിദഗ്ധരാണ് ഈ കണക്ക് മുന്നോട്ടുവെച്ചത്. നിലവിൽ എണ്ണകമ്പനികൾ പെട്രോൾ ലിറ്ററിന് 5.5 രൂപയും ഡീസൽ ലിറ്ററിന് 4.5 രൂപയുമാണ് നഷ്ടം നേരിടുന്നത്. ഒരു ദിവസം 550 മുതൽ 600 കോടി രൂപയുടെ നഷ്ടമാണ് ഇവർക്ക് ഉണ്ടാകുന്നത്. ഈ നഷ്ടം നികത്താൻ കുറഞ്ഞത് 5 രൂപയുടെ വർധനവ് വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഈ വർധനവ് കൊണ്ട് ലാഭം ഉണ്ടാകില്ലെങ്കിലും നഷ്ടം ഒഴിവാക്കാമെന്നാണ് വിലയിരുത്തൽ.
Content Highlights: Petroleum Minister Hardeep Singh Puri stated in a CNN-News18 interview that fuel prices are expected to reduce in the coming months. He assured that India has sufficient oil stock despite ongoing global conflicts and emphasized that oil prices cannot remain high indefinitely