ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് തങ്ങളുടെ ക്രെഡിറ്റ് കാർഡ്, ക്യാഷ് മാനേജ്മെന്റ് സർവീസ് വിഭാഗങ്ങളിൽ നിന്ന് അടുത്ത സാമ്പത്തിക വർഷം മുതൽ 200 കോടി രൂപ വീതം ത്രൈമാസ ലാഭം പ്രതീക്ഷിക്കുന്നു. പലിശ ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി ഡിജിറ്റൽ ബിസിനസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബാങ്കിന്റെ തീരുമാനം. ക്രെഡിറ്റ് കാർഡ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ക്യാഷ് മാനേജ്മെന്റ് സർവീസുകൾ എന്നീ മൂന്ന് പ്രധാന മേഖലകൾക്കായി പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ബാങ്ക് രൂപീകരിച്ചിട്ടുണ്ടെന്ന് പിഎൻബി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അശോക് ചന്ദ്ര പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചതിന് ശേഷം ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ബിസിനസ്സിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 മാർച്ച് വരെ 6.04 ലക്ഷം കാർഡുകളുണ്ടായിരുന്നിടത്ത് തുടർന്നുള്ള ഒമ്പത് മാസത്തിനുള്ളിൽ അഞ്ച് ലക്ഷം പുതിയ കാർഡുകൾ കൂടി കൂട്ടിച്ചേർക്കാൻ ബാങ്കിന് സാധിച്ചു. ഇതോടെ ആകെ കാർഡുകളുടെ എണ്ണം 11 ലക്ഷമായി ഉയർന്നു. 2027 മാർച്ചോടെ ആകെ ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 13 ലക്ഷത്തിന് മുകളിലെത്തിക്കാനും, പ്രീമിയം കാർഡായ 'പിഎൻബി മെറ്റൽ ക്രെഡിറ്റ് കാർഡ് ലക്സുറ' ഉപഭോക്താക്കളുടെ എണ്ണം 30,000 ആക്കി ഉയർത്താനുമാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
സപ്ലൈ ചെയിൻ ഫിനാൻസ് മേഖലയിലും ബാങ്ക് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഡീലർമാർക്കും വെണ്ടർമാർക്കുമായി പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളിൽ ഏകദേശം 7,800 കോടി രൂപയുടെ വായ്പകൾ അനുവദിക്കാൻ ബാങ്കിന് കഴിഞ്ഞു. നിലവിൽ 130 മുതൽ 140 കോടി രൂപ വരെ ത്രൈമാസ ലാഭം നൽകുന്ന ക്യാഷ് മാനേജ്മെന്റ് വിഭാഗം, അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തോടെ 200 കോടി രൂപ എന്ന ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാഭക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം പ്രവർത്തന ചെലവുകൾ കുറയ്ക്കാനും ബാങ്ക് ഊന്നൽ നൽകുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷം ചെലവ്-വരുമാന അനുപാതം 50 ശതമാനത്തിൽ താഴെയെത്തിക്കാനും, 2028-29 ഓടെ ഇത് 45 ശതമാനമായി കുറയ്ക്കാനുമാണ് പിഎൻബി ലക്ഷ്യമിടുന്നത്. നിലവിൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇത് 50.38 ശതമാനമാണ്. നിക്ഷേപങ്ങളുടെ ചെലവ്, വായ്പകളിൽ നിന്നുള്ള വരുമാനം എന്നിവ കൃത്യമായി അവലോകനം ചെയ്ത് പ്രവർത്തന മികവ് വർദ്ധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ബാങ്ക്.
Content Highlights: Punjab National Bank (PNB) aims to generate ₹200 crore in quarterly profit each from its credit card and cash management businesses from the next financial year.