രാജ്യത്തെ ഏകീകൃത പണമിടപാട് സംവിധാനമായ യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിലും തുകയിലും സെപ്റ്റംബർ മാസത്തിൽ 1.5 ശതമാനം കുറവ് രേഖപ്പെടുത്തി. ഒക്ടോബർ 15 മുതൽ നടപ്പിലാക്കാൻ പോകുന്ന മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) പരിഷ്കരണങ്ങൾക്ക് മുന്നോടിയായാണ് ഈ മാറ്റം ദൃശ്യമായിരിക്കുന്നത്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.
കഴിഞ്ഞ ഓഗസ്റ്റ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബറിലെ മൊത്തം ഇടപാടുകളുടെ എണ്ണം 24.51 ബില്യണിൽ നിന്ന് 24.07 ബില്യണായി കുറഞ്ഞു. ഇതേ കാലയളവിൽ പണമിടപാടുകളുടെ ആകെ മൂല്യം 29.82 ലക്ഷം കോടി രൂപയിൽ നിന്ന് 29.37 ലക്ഷം കോടി രൂപയായും കുറഞ്ഞിട്ടുണ്ട്.
മാസാവസാന കണക്കുകളിൽ കുറവുണ്ടായെങ്കിലും, പ്രതിദിന യുപിഐ ഇടപാടുകളിൽ രാജ്യം പുതിയ റെക്കോർഡ് കുറിച്ചു. ചരിത്രത്തിലാദ്യമായി പ്രതിദിന യുപിഐ ഇടപാടുകൾ 800 മില്യൺ മറികടന്നു. സെപ്റ്റംബറിൽ പ്രതിദിനം ശരാശരി 97,913 കോടി രൂപ മൂല്യം വരുന്ന 802 മില്യൺ ഇടപാടുകളാണ് ഇന്ത്യക്കാർ നടത്തിയത്. വാർഷിക അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ 23 ശതമാനവും മൂല്യത്തിൽ 18 ശതമാനവും വളർച്ച ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
വരാനിരിക്കുന്ന എംഡിആർ ചട്ടങ്ങൾ യുപിഐ ഉപയോഗത്തെ കാര്യമായി ബാധിക്കില്ലെന്നാണ് വിപണിയിലെ പൊതുവിലയിരുത്തൽ. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളെ അപേക്ഷിച്ച് യുപിഐ വഴിയുള്ള ചാർജുകൾ വ്യാപാരികൾക്ക് ലാഭകരമാണെന്നതും സാധാരണക്കാർക്ക് ഇതൊരു ശീലമായി മാറിയതുമാണ് കാരണം. വരാനിരിക്കുന്ന ഉത്സവ സീസണിലെ ഷോപ്പിംഗ്, യാത്രകൾ, സമ്മാനങ്ങൾ നൽകൽ എന്നിവയിലൂടെ യുപിഐ ഇടപാടുകൾ വരും മാസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്.
Content Highlights:UPI transaction volume and value declined by around 1.5% in September compared with August.Total transactions fell from 24.51 billion in August to 24.07 billion in September.The total transaction value declined from ₹29.82 lakh crore to ₹29.37 lakh crore.