വാഹന വിപണിയിൽ ഉത്സവ സീസൺ എഫക്റ്റ്; സെപ്റ്റംബറിൽ വില്പന കുതിച്ചുയർന്നു

ആഭ്യന്തര വിപണിയിലും ശക്തമായ ആവശ്യകതയാണ് മാരുതിക്ക് ലഭിച്ചത്

ഉത്സവ സീസണിന് മുന്നോടിയായി ഇന്ത്യൻ വാഹന വിപണിയിൽ ആവേശം നിറച്ച് സെപ്റ്റംബർ മാസത്തെ വില്പനാ കണക്കുകൾ. രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളിൽ ഭൂരിഭാഗവും മികച്ച മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ആവശ്യകത ഉയർന്നപ്പോൾ ട്രാക്ടർ വിപണിയിൽ ചില കമ്പനികൾക്ക് തിരിച്ചടി നേരിട്ടു.

മാരുതി സുസുക്കിയാണ് സെപ്റ്റംബറിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത്. കമ്പനിയുടെ മൊത്തം വിൽപ്പന 24 ശതമാനം ഉയർന്ന് 2.36 ലക്ഷം യൂണിറ്റിലെത്തി. ആഭ്യന്തര വിപണിയിലും ശക്തമായ ആവശ്യകതയാണ് മാരുതിക്ക് ലഭിച്ചത്. പ്രത്യേകിച്ച് എസ്‌യുവി വിഭാഗത്തിലെ മികച്ച പ്രകടനം കമ്പനിയുടെ വില്പന ഉയരാൻ സഹായിച്ചു.

ടാറ്റ മോട്ടോഴ്‌സിനും സെപ്റ്റംബർ മികച്ച മാസമായി. യാത്രാ വാഹന വില്പനയിൽ 15 ശതമാനം വളർച്ച രേഖപ്പെടുത്തിയ കമ്പനി 70,000-ത്തിലധികം വാഹനങ്ങളാണ് വിറ്റത്. ജൂലൈ-സെപ്റ്റംബർ പാദത്തിലും ടാറ്റയുടെ യാത്രാ വാഹന വില്പനയിൽ ശ്രദ്ധേയമായ മുന്നേറ്റമുണ്ടായി.

ഹ്യുണ്ടായിയും വില്പനയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ആഭ്യന്തര വില്പനയും കയറ്റുമതിയും ചേർന്ന് കമ്പനിയുടെ സെപ്റ്റംബർ വില്പന 77,916 വാഹനത്തിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 11 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

ഇരുചക്ര വാഹന വിപണിയിലും സെപ്റ്റംബറിൽ ചലനം ശക്തമായി. ടിവിഎസ് മോട്ടോറിന്റെ മൊത്തം വില്പന 24 ശതമാനം ഉയർന്ന് 6.73 ലക്ഷം വാഹനത്തിലെത്തി. കമ്പനിയുടെ ഇലക്ട്രിക് ഇരുചക്ര വാഹന വില്പനയിൽ ഉണ്ടായ കുതിപ്പും ശ്രദ്ധേയമായി. റോയൽ എൻഫീൽഡും റെക്കോർഡ് പ്രതിമാസ വില്പനയാണ്‌ രേഖപ്പെടുത്തിയത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വാഹന വിഭാഗത്തിലും 15 ശതമാനം വളർച്ചയുണ്ടായി. അതേസമയം ട്രാക്ടർ വില്പനയിൽ കമ്പനിക്ക് തിരിച്ചടി നേരിട്ടു. ബജാജ് ഓട്ടോയുടെ മൊത്തം വില്പന ഉയർന്നെങ്കിലും ആഭ്യന്തര ഇരുചക്ര വാഹന വില്പനയിൽ ഇടിവാണ് ഇത്തവണ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . എന്നാൽ കയറ്റുമതിയിൽ മികച്ച മുന്നേറ്റമാണ് ബജാജ് രേഖപ്പെടുത്തിയത്.

ഫോഴ്‌സ് മോട്ടോഴ്‌സും അശോക് ലെയ്‌ലാൻഡും സെപ്റ്റംബറിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. ഫോഴ്‌സ് മോട്ടോഴ്‌സിന്റെ വില്പനയിൽ 57 ശതമാനത്തിലധികം വർധനയുണ്ടായപ്പോൾ അശോക് ലെയ്‌ലാൻഡിന്റെ വില്പന 28 ശതമാനം ഉയർന്നു. സെപ്റ്റംബർ വാഹന വിപണിയിൽ യാത്രാ വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും ശക്തമായ ആവശ്യകതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഉത്സവ സീസൺ കൂടുതൽ സജീവമാകുന്നതോടെ ഒക്ടോബറിൽ വില്പന ഇനിയും ഉയരുമോ എന്നതാണ് വാഹന വിപണി ഉറ്റുനോക്കുന്നത്.

Content Highlights: September Auto Sales Live Updates: Hero MotoCorp Exports Fall 31%; TVS Motors Total Sales Rises 24%

To advertise here,contact us