രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപം കുതിച്ചുയരുന്നു. നിക്ഷേപ വളർച്ചാ നിരക്ക് 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ FCNR(B) നിക്ഷേപത്തിലുണ്ടായ വൻ വർധനയാണ് നിക്ഷേപ കുതിപ്പിന് പ്രധാന കാരണം. ബാങ്കുകളിൽ പണലഭ്യത വർധിച്ചതോടെ കോർപ്പറേറ്റ് കമ്പനികൾക്ക് ബാങ്കുകളിൽനിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കാനുള്ള സാധ്യതയേറുമെന്നാണ് വിലയിരുത്തൽ.
2026 ഓഗസ്റ്റ് 31ന് അവസാനിച്ച രണ്ടാഴ്ചയിൽ ബാങ്കുകളുടെ നിക്ഷേപം ഏകദേശം 9.5 ലക്ഷം കോടി രൂപ വർധിച്ചപ്പോൾ വായ്പയിൽ ഉണ്ടായ വർധന 3.8 ലക്ഷം കോടി രൂപയോളമാണ്. പ്രത്യേക FCNR(B) സ്വാപ് സൗകര്യത്തിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് നിക്ഷേപത്തിൽ വലിയ ഒഴുക്കുണ്ടായത്.
നിക്ഷേപവും വായ്പയും തമ്മിലുള്ള വ്യത്യാസം ബാങ്കുകളുടെ കണക്കുകളിലും വ്യക്തമാണ്. ബാങ്കുകളുടെ ഇൻക്രിമെന്റൽ ക്രെഡിറ്റ് -ഡെപ്പോസിറ്റ് അനുപാതം 92.22 ശതമാനത്തിൽനിന്ന് 62.56 ശതമാനമായി താഴ്ന്നു. അതായത് പുതിയതായി ബാങ്കുകളിലെത്തുന്ന ഓരോ 100 രൂപയിലും ഏകദേശം 63 രൂപ മാത്രമാണ് വായ്പയായി പുറത്തേക്ക് പോകുന്നത്.
ബാക്കി തുക ബാങ്കുകളുടെ കൈയിൽ അധിക പണലഭ്യതയായി തുടരുന്നു. ഈ പണം എങ്ങനെ വിനിയോഗിക്കണമെന്നത് ബാങ്കുകൾക്ക് മുന്നിലുള്ള പ്രധാന ചോദ്യമാണ്. പുതിയ കോർപ്പറേറ്റ് വായ്പകൾ നൽകുന്നതിലേക്കോ നിലവിലുള്ള വായ്പകൾക്ക് റീഫിനാൻസിങ് നൽകുന്നതിലേക്കോ ബാങ്കുകൾ കൂടുതൽ ശ്രദ്ധ നൽകിയേക്കാം. മികച്ച ക്രെഡിറ്റ് നിലവാരമുള്ള കമ്പനികളെ സ്വന്തമാക്കാൻ ബാങ്കുകൾ തമ്മിൽ മത്സരം ശക്തമായാൽ വായ്പാ പലിശയിൽ കുറവുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ബോണ്ട് മാർക്കറ്റിലെ പലിശനിരക്കുകൾ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ബാങ്ക് വായ്പ കൂടുതൽ ആകർഷകമാകാനും സാധ്യതയുണ്ട്. ഇതോടെ കമ്പനികൾക്ക് ഫണ്ട് കണ്ടെത്തുന്നതിനുള്ള ചെലവിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.
അതേസമയം വ്യവസായ മേഖലയിലേക്കുള്ള ബാങ്ക് വായ്പയിലും ശക്തമായ വളർച്ചയുണ്ട്. ജൂലൈയിൽ വ്യവസായ മേഖലയിലെ ബാങ്ക് വായ്പ വർഷാടിസ്ഥാനത്തിൽ ഏകദേശം 20 ശതമാനം ഉയർന്നു. ഇടത്തരം വ്യവസായങ്ങളിലേക്കുള്ള വായ്പയിൽ 30 ശതമാനത്തിലേറെയാണ് വളർച്ച. മൈക്രോ, ചെറുകിട സംരംഭങ്ങളിലേക്കുള്ള വായ്പയും 22.6 ശതമാനം വർധിച്ചു.
എന്നാൽ ഇപ്പോഴത്തെ 17.8 ശതമാനം നിക്ഷേപ വളർച്ച മുഴുവനായും സ്ഥിരമായ പ്രവണതയായി കാണാനാകില്ല. FCNR(B) നിക്ഷേപവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യമാണ് നിലവിലെ കുതിപ്പിന് വലിയൊരു കാരണം. അതിനാൽ വരും ആഴ്ചകളിൽ നിക്ഷേപ വളർച്ചയുടെ വേഗം കുറയാനും സാധ്യതയുണ്ട്.
എങ്കിലും ബാങ്കിങ് സംവിധാനത്തിലെ അധിക പണലഭ്യത വായ്പാ വിപണിയിൽ സ്വാധീനം ചെലുത്തുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. ബാങ്കുകൾ ഈ പണം കൂടുതൽ വായ്പയായി വിനിയോഗിക്കാൻ തുടങ്ങിയാൽ, പ്രത്യേകിച്ച് മികച്ച ക്രെഡിറ്റ് നിലവാരമുള്ള കോർപ്പറേറ്റുകൾക്ക്, പലിശനിരക്കിൽ താഴോട്ടുള്ള സമ്മർദ്ദം ഉണ്ടാകാം.
പ്രവാസി നിക്ഷേപത്തിൽ തുടങ്ങിയ ഈ മാറ്റം ഒടുവിൽ ബാങ്കുകളുടെ വായ്പാ നിരക്കുകളിലും കമ്പനികളുടെ ഫണ്ടിങ് ചെലവിലും എത്രത്തോളം പ്രതിഫലിക്കുമെന്നതാണ് ഇനി നിർണായകം.
Content Highlights: FCNR(B) deluge leaves banks flush, corporate loan rates set to soften