ഇന്ത്യയിലെ ഡാറ്റാ സെന്റർ ശൃംഖല അതിവേഗം വിപുലീകരിക്കുകയാണെന്ന് ടെക് ഭീമനായ മൈക്രോസോഫ്റ്റ്. രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ലോകത്തിന്റെ തന്നെ എഐ കേന്ദ്രമായി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഡാറ്റാ സെന്റർ ശേഷി വർധിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് ഇന്ത്യയിലെ ക്ലൗഡ്, ഡാറ്റാ സെന്റർ, എഐ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ നിക്ഷേപമാണ് കമ്പനി നടത്തുന്നത്.
ഇന്ത്യയുടെ ഡിജിറ്റൽ, എഐ അടിസ്ഥാനസൗകര്യ വികസനത്തിനായി പ്രഖ്യാപിച്ച 20.5 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയുടെ ഭാഗമായി, ഇന്ത്യയിലെ നാലാമത്തെ ക്ലൗഡ് മേഖല ഹൈദരാബാദിൽ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി ആരംഭിച്ചു.
ഇന്ത്യയിൽ എഐയുടെ ഉപയോഗം വിവിധ മേഖലകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ കമ്പ്യൂട്ടിങ് ശേഷിയും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കാനാണ് മൈക്രോസോഫ്റ്റിന്റെ പ്രധാന ശ്രദ്ധ. ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും എഐ സാങ്കേതികവിദ്യകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
ഇന്ത്യയിലെ വലിയ ഡിജിറ്റൽ ഉപഭോക്തൃ അടിത്തറയും വളർന്നുവരുന്ന സ്റ്റാർട്ടപ്പ് മേഖലയുമാണ് മൈക്രോസോഫ്റ്റിന്റെ വിപുലീകരണത്തിന് പ്രധാന പിന്തുണ. എഐ അധിഷ്ഠിത സേവനങ്ങളുടെ ഉപയോഗം വർധിക്കുന്നതിനനുസരിച്ച് രാജ്യത്ത് ഡാറ്റാ സെന്ററുകളുടെയും ക്ലൗഡ് സേവനങ്ങളുടെയും ആവശ്യകതയും ഉയരുകയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് രംഗത്തെ കഴിവുകൾ വികസിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനും കമ്പനി കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. വിദ്യാർഥികൾ, ഡെവലപ്പർമാർ, തൊഴിലാളികൾ, സ്ഥാപനങ്ങൾ എന്നിവർക്കിടയിൽ എഐ വിദഗ്ധ പരിശീലനം വർധിപ്പിക്കുന്നത് ഇന്ത്യയുടെ എഐ വളർച്ചയ്ക്ക് സഹായകരമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ആഗോള എഐ രംഗത്ത് ഇന്ത്യയ്ക്ക് വലിയ സാധ്യതയുണ്ടെന്നാണ് മൈക്രോസോഫ്റ്റിന്റെ വിലയിരുത്തൽ. ക്ലൗഡ് സേവനങ്ങളും എഐ പരിശീലനവും ഉൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപം വർധിപ്പിച്ച് ഇന്ത്യയെ ആഗോള എഐ ഹബ്ബാക്കി വളർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.
Content Highlights: Microsoft Expands India Data Centre Network, Eyes Global AI Hub Ambitions