ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിന്റെ ലിസ്റ്റിങ് വീണ്ടും ചർച്ചയായതോടെ എസ്.പി (ഷപൂർജി പല്ലോൻജി) ഗ്രൂപ്പുമായി ബന്ധപ്പെട്ട ഓഹരികളിൽ വൻ കുതിപ്പ്. ടാറ്റ സൺസ് പബ്ലിക് ലിസ്റ്റിങ്ങിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ എസ്.പി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ നിക്ഷേപകരുടെ താൽപര്യം ശക്തമായി. അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ഓഹരി 20 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. മറ്റ് എസ്.പി ഗ്രൂപ്പ് ഓഹരികളും 10 ശതമാനം വരെ നേട്ടം രേഖപ്പെടുത്തി.
ടാറ്റ സൺസിന്റെ ലിസ്റ്റിങ് സംബന്ധിച്ച് റിസർവ് ബാങ്കിന്റെ നിലപാട് നിർണായകമാണ്. ടാറ്റ സൺസ് ഒരു ‘അപ്പർ ലെയർ’ നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി എന്ന ഗണത്തിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ, ബാധകമായ ചട്ടങ്ങൾ പ്രകാരം സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യേണ്ട സാഹചര്യമാണുള്ളത്. ഇതാണ് ടാറ്റ സൺസ് ലിസ്റ്റിങ് വീണ്ടും വിപണിയുടെ ശ്രദ്ധയിൽ എത്താൻ പ്രധാന കാരണം.
എസ്.പി ഗ്രൂപ്പിനെ സംബന്ധിച്ചും ലിസ്റ്റിങ് നിർണായകമാണ്. ടാറ്റ സൺസിലെ എസ്.പി ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തം വലിയ ആസ്തിയാണ്. ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൽ എസ്.പി ഗ്രൂപ്പിന് 18.37% ഓഹരി പങ്കാളിത്തമുണ്ട്. ടാറ്റ സൺസ് ലിസ്റ്റ് ചെയ്താൽ ഈ ഓഹരിയുടെ വിപണി മൂല്യം കൂടുതൽ വ്യക്തമായി നിർണയിക്കപ്പെടും. ഇത് എസ്.പി ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതിയിലും കടബാധ്യത കൈകാര്യം ചെയ്യുന്നതിലും നിർണായക സ്വാധീനം ചെലുത്തിയേക്കാം.
ഏകദേശം 21,500 കോടി വരുന്ന പ്രമോട്ടർ കടബാധ്യതയാണ് എസ്.പി ഗ്രൂപ്പിന്റെ പ്രധാന സാമ്പത്തിക ബാധ്യതകളിലൊന്ന്. ടാറ്റ സൺസിന്റെ ലിസ്റ്റിങ് വഴി ഓഹരിയുടെ മൂല്യം ഉയർന്നാൽ, ഈ കടം കൂടുതൽ അനുകൂലമായ വ്യവസ്ഥകളിൽ റീഫൈനാൻസ് ചെയ്യാനുള്ള സാധ്യത വർധിക്കുമെന്നാണ് വിപണി വിലയിരുത്തൽ.
ടാറ്റ സൺസിന്റെ ലിസ്റ്റിങ് യാഥാർഥ്യമാകുന്നത് എസ്.പി ഗ്രൂപ്പിന്റെ ഓഹരികൾക്ക് മാത്രമല്ല, ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളുടെ മൂല്യനിർണയത്തിലും വിപണി താൽപര്യത്തിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയേക്കും. അതിനാൽ തന്നെ ലിസ്റ്റിങ് സംബന്ധിച്ച തുടർനടപടികളിലേക്കാണ് നിക്ഷേപകരുടെ ശ്രദ്ധ.
അതേസമയം ടാറ്റാ ഗ്രൂപ്പിന് കീഴിലെ ഭൂരിഭാഗം കമ്പനികളുടെയും ഓഹരികൾ ഐപിഒ വാർത്തകൾക്ക് പിന്നാലെ മികച്ച മുന്നേറ്റമാണ് നടത്തിയത്. ടാറ്റ കെമിക്കൽസ് ഓഹരിവില 20% കുതിച്ച് 734.5 രൂപയെന്ന അപ്പർ-സർക്യൂട്ടിലെത്തി. ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ, ടിസിഎസ് ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്, ടാറ്റ എൽക്സി, ടാറ്റ ടെക്നോളജീസ്, ടാറ്റ കമ്യൂണിക്കേഷൻസ്, ടാറ്റ പവർ, ടാറ്റാ സ്റ്റീൽ എന്നീ ഓഹരികളിൽ 2 ശതമാനം മുതൽ 12 ശതമാനത്തിൽ കൂടുതലും നേട്ടം രേഖപ്പെടുത്തി.
എൻബിഎഫ്സി പദവി ഒഴിവാക്കുന്നതിനായി ടാറ്റ സൺസ് റിസർവ് ബാങ്കിന് സർട്ടിഫിക്കറ്റ് ഓഫ് റെജിസ്ട്രേഷൻ (സിഒആർ) റദ്ദാക്കാനുള്ള അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ റിസർവ് ബാങ്കിന്റെ തീരുമാനം വൈകിയതാണ് ടാറ്റ സൺസിന്റെ ഐപിഒ നീളാൻ പ്രധാന കാരണം. ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുള്ള ‘അപ്പർ-ലെയർ’ എൻബിഎഫ്സികൾ നിർബന്ധമായും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നാണ് റിസർവ് ബാങ്കിന്റെ ചട്ടം. 2026 മാർച്ച് 31ലെ കണക്കനുസരിച്ച് ടാറ്റ സൺസിന്റെ ആസ്തി 2.01 ലക്ഷം കോടി രൂപയാണ്.
ഇതിനിടെ, ഓഗസ്റ്റിൽ റിസർവ് ബാങ്ക് പുതുക്കിയ അപ്പർ-ലെയർ എൻബിഎഫ്സി പട്ടിക പ്രസിദ്ധീകരിച്ചപ്പോഴും ടാറ്റ സൺസ് പട്ടികയിൽ തുടർന്നു. പിന്നാലെ സിഒആർ റദ്ദാക്കാനുള്ള അപേക്ഷ റിസർവ് ബാങ്ക് തള്ളിയതോടെ, നിർബന്ധിത ലിസ്റ്റിങ്ങിലേക്കുള്ള ടാറ്റ സൺസിന്റെ വഴി വീണ്ടും തുറക്കുകയായിരുന്നു. ടാറ്റാ സൺസ് ഐപിഒ നടത്തി ഓഹരി വിപണിയിൽ എത്തിയാൽ നിലവിലെ ഓഹരി ഉടമകൾക്കും ടാറ്റാ സൺസിന് കീഴിലെ ലിസ്റ്റഡ്, അൺലിസ്റ്റഡ് കമ്പനികൾക്കും സാമ്പത്തികമായി കോളടിക്കും. ഇതാണ് നിലവിൽ ഓഹരികളുടെ കുതിപ്പിന് വഴിവച്ചത്.
Content Highlights:Tata Sons IPO: Tata and SP Group Stocks Rally as Listing Prospects Resurface; Tata Chemicals Surges 20% Amid Fresh Listing Buzz