മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾക്കുള്ള രജിസ്ട്രേഷൻ നടപടികൾ കൂടുതൽ ലളിതവും സുതാര്യവുമാക്കി രാജ്യത്തെ മൂലധന വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി).
നിലവിലുണ്ടായിരുന്ന മൂന്ന് വെവ്വേറെ ഫോമുകൾക്ക് പകരം ഇനി മുതൽ ഒറ്റ ഏകീകൃത ആപ്ലിക്കേഷൻ ഫോം വഴി മ്യൂച്വൽ ഫണ്ട് രജിസ്ട്രേഷനായി അപേക്ഷിക്കാം. നിലവിലുള്ള സങ്കീർണ്ണമായ പേപ്പർവർക്കുകളും നടപടിക്രമങ്ങളിലെ കാലതാമസവും ഒഴിവാക്കി കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെബിയുടെ ഈ പുതിയ പരിഷ്കാരം.
മുമ്പ് രാജ്യത്ത് മ്യൂച്വൽ ഫണ്ട് ആരംഭിക്കാൻ താല്പര്യപ്പെടുന്ന സ്പോൺസർമാരും ആസറ്റ് മാനേജ്മെന്റ് കമ്പനികളും ഘട്ടം ഘട്ടമായി വ്യത്യസ്ത ഫോമുകൾ സമർപ്പിക്കേണ്ടിയിരുന്നു. സ്പോൺസർക്ക് പ്രാരംഭ തത്വത്തിലുള്ള അംഗീകാരം ലഭിക്കുന്നതിനായി ഫോം-എ ആയിരുന്നു നൽകിയിരുന്നത്. തുടർന്ന് അസറ്റ് മാനേജ്മെന്റ് കമ്പനിയുടെയും ട്രസ്റ്റി കമ്പനിയുടെയും അന്തിമ രജിസ്ട്രേഷനായി ഫോം-സി, ഫോം-ഡി എന്നിവ സമർപ്പിക്കേണ്ടതുണ്ടായിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഫോം എ, സി, ഡി എന്നിവ പൂർണ്ണമായും ഒഴിവാക്കുകയും അവയെല്ലാം ഒന്നിച്ചു ചേർത്തുള്ള 'അനെക്ഷർ എ' എന്ന ഏകീകൃത ആപ്ലിക്കേഷൻ ഫോം നിലവിൽ വരികയും ചെയ്തു.
സെബി മ്യൂച്വൽ ഫണ്ട് റെഗുലേഷൻസ് 2026 പരിഷ്കരിച്ചതിന്റെ തുടർച്ചയായാണ് ഈ നീക്കം. രജിസ്ട്രേഷൻ ഫോം ലളിതമാക്കിയെങ്കിലും രജിസ്ട്രേഷനായി പാലിക്കേണ്ട തത്വങ്ങളിലോ യോഗ്യതാ മാനദണ്ഡങ്ങളിലോ സെബി മാറ്റമൊന്നും വരുത്തിയിട്ടില്ല.
പുതിയ അപേക്ഷാ ഫോമിൽ രണ്ട് പ്രധാന ഘട്ടങ്ങളാണുള്ളത്. ആദ്യ ഘട്ടത്തിൽ സ്പോൺസറുടെ വിവരങ്ങൾ, മൂലധന ഘടന, സാമ്പത്തിക ശേഷി, ബിസിനസ് പരിചയം തുടങ്ങിയവ ഉൾപ്പെടുത്തി തത്വത്തിലുള്ള അംഗീകാരത്തിനായി അപേക്ഷിക്കാം. അന്തിമ ഘട്ടത്തിൽ എഎംസി വികസനം, ഭരണപരമായ സൗകര്യങ്ങൾ, മറ്റ് അനുമതികൾ എന്നിവ ഉറപ്പാക്കി അവസാന രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.
ഈ പരിഷ്കാരത്തിലൂടെ പുതിയ മ്യൂച്വൽ ഫണ്ട് കമ്പനികൾക്ക് കൂടുതൽ വേഗത്തിൽ അനുമതി ലഭിക്കുകയും വിപണിയിലേക്ക് പുതിയ നിക്ഷേപ സ്ഥാപനങ്ങൾ എത്തുന്നത് എളുപ്പമാകുകയും ചെയ്യും. മാസ്റ്റർ സർക്കുലറിലെ മറ്റ് നിബന്ധനകളും മാനദണ്ഡങ്ങളും മാറ്റമില്ലാതെ തുടരുമെന്നും അപേക്ഷകൾ കൃത്യമായ മാനദണ്ഡങ്ങളോടെ പ്രൊസസ്സ് ചെയ്യുമെന്നും സെബി വ്യക്തമാക്കുന്നു.
Content Highlights: SEBI introduces a single consolidated application form ('Annexure A'), replacing the older Form A, Form C, and Form D for mutual fund registrations.Aims to improve the ease of doing business by cutting down on repetitive paperwork and reducing approval delays for new mutual fund applicants.Preserves the existing two-stage review framework—Stage 1 for initial in-principle approval and Stage 2 for final AMC/Trustee registration.Registration eligibility standards, sponsor requirements, and compliance guidelines under SEBI Mutual Fund Regulations remain intact.