മൂന്ന് ബില്യൺ ഡൗൺലോഡുകൾ; മെറ്റയേയും ഗൂഗിളിനേയും പിന്നിലാക്കി അലിബാബയുടെ Qwen എഐ

ഡീപ്‌സീക്ക്, മൂൺഷോട്ട് എഐ തുടങ്ങിയ ചൈനീസ് എഐ കമ്പനികളും ആഗോള വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കുകയാണ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ചൈനീസ് ഇ-കൊമേഴ്‌സ്,ടെക് ഭീമൻ അലിബാബയുടെ Qwen എഐ മോഡലുകൾക്ക് വൻ മുന്നേറ്റം. കഴിഞ്ഞ ആറുമാസത്തിനിടെ Qwen എഐ മോഡലുകൾക്ക് മൂന്ന് ബില്യണിലധികം ഡൗൺലോഡുകൾ വന്നതായി കമ്പനി അറിയിച്ചു. ഇതോടെ മെറ്റയുടെയും ഗൂഗിളിന്റെയും ഓപ്പൺ എഐ മോഡലുകളെ ഡൗൺലോഡ് എണ്ണത്തിൽ Qwen പിന്നിലാക്കി.

ഹഗ്ഗിങ് ഫേസിന്റെ കണക്കുകൾ പ്രകാരം, 2026ൽ ഗൂഗിളിന്റെ എഐ മോഡലുകൾക്ക് ഏകദേശം 41.8 കോടി ഡൗൺലോഡുകളും, മെറ്റയുടെ മോഡലുകൾക്ക് 22.7 കോടി ഡൗൺലോഡുകളുമാണ് ലഭിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ Qwen നേടിയ മൂന്ന് ബില്യൺ ഡൗൺലോഡ് വലിയ മുന്നേറ്റമാണ്.

അലിബാബയുടെ Qwen കുടുംബത്തിൽ ഇതിനകം 460ലേറെ ഓപ്പൺ വെയ്റ്റ് എഐ മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇവയെ അടിസ്ഥാനമാക്കി മൂന്ന് ലക്ഷത്തിലേറെ ഡെറിവേറ്റീവ് മോഡലുകളും വികസിപ്പിച്ചതായി കമ്പനി വ്യക്തമാക്കി. മോഡലുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്ത് സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്താനും വിവിധ എഐ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാനും കഴിയുന്നതാണ് Qwen ന്റെ പ്രധാന ആകർഷണം. ഡെവലപ്പർമാരിൽ നിന്നുള്ള ഈ സ്വീകരണമാണ് ഡൗൺലോഡ് എണ്ണം വേഗത്തിൽ ഉയരാൻ പ്രധാന കാരണം.

അലിബാബയുടെ ക്യുവെൻ മാത്രമല്ല, ഡീപ്‌സീക്ക്, മൂൺഷോട്ട് എഐ തുടങ്ങിയ ചൈനീസ് എഐ കമ്പനികളും ആഗോള വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കുകയാണ്. കുറഞ്ഞ ചെലവിൽ വികസിപ്പിക്കാനും ആവശ്യാനുസരണം മാറ്റം വരുത്താനും കഴിയുന്ന തുറന്ന എഐ മോഡലുകളാണ് ചൈനീസ് കമ്പനികളുടെ പ്രധാന നേട്ടം.

ക്യുവെന്റെ വളർച്ച അമേരിക്കയും ചൈനയും തമ്മിലുള്ള എഐ മത്സരത്തിലും ശ്രദ്ധേയമായ മാറ്റത്തിന്റെ സൂചനയാണ്. കൂടുതൽ ഡെവലപ്പർമാർ Qwen ഉപയോഗിക്കുന്നതോടെ അതിനെ അടിസ്ഥാനമാക്കി പുതിയ മോഡലുകളും ആപ്ലിക്കേഷനുകളും രൂപപ്പെടുന്നു. ഇതിലൂടെ Qwen നെ ചുറ്റിപ്പറ്റിയുള്ള എഐ ആവാസവ്യവസ്ഥ കൂടുതൽ വലുതാകുകയാണ്. മൂന്ന് ബില്യൺ ഡൗൺലോഡുകൾ എന്ന നേട്ടം അലിബാബയുടെ Qwen മോഡലുകൾക്ക് ആഗോള എഐ രംഗത്ത് ലഭിക്കുന്ന സ്വീകാര്യതയുടെ ശക്തമായ സൂചനയാണ്.

Content Highlights: Alibaba AI Models Hit 3 Billion Downloads, Passing Meta, Google

To advertise here,contact us