സെബി നടപടിയിൽ ZEEയ്ക്ക് ഇടക്കാല ആശ്വാസം; ഫണ്ട് സമാഹരണത്തിന് വഴി തെളിയുന്നു

ഓരോ വാറന്റിനും 126 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്

സീ എന്റർടൈൻമെന്റ് ഓഹരികളിൽ വൻ മുന്നേറ്റം. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കേസിൽ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ (SAT ) ഇടക്കാല ആശ്വാസം നൽകിയതിന് പിന്നാലെയാണ് ഓഹരി വില 7 ശതമാനം വരെ ഉയർന്നത്.

കമ്പനിയുടെ പ്രധാന ആശങ്കയായിരുന്ന 3,143.52 കോടി രൂപയുടെ പ്രിഫറൻഷ്യൽ വാറണ്ട് ഇഷ്യൂ വിതരണം മുന്നോട്ട് കൊണ്ടുപോകാൻ SAT അനുമതി നൽകിയിട്ടുണ്ട്. പ്രൊമോട്ടർ ഗ്രൂപ്പ് സ്ഥാപനമായ സൺബ്രൈറ്റ് മൗറീഷ്യസ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡിന് 24.95 കോടി പൂർണമായും ഓഹരികളാക്കി മാറ്റാവുന്ന വാറന്റുകളാണ് നൽകുന്നത്. ഓരോ വാറന്റിനും 126 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

എന്നാൽ SAT യുടെ നടപടി ചില വ്യവസ്ഥകളോടെയാണ്. സീ എന്റർടൈൻമെന്റും പുനീത് ഗോയങ്കയും സെബി ചുമത്തിയ മുഴുവൻ പിഴത്തുകയും ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കണം. വാറണ്ട് വിതരണം പൂർത്തിയാക്കാനുള്ള സമയപരിധിയും ഒരാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്.

അതേസമയം, സെബി ഏർപ്പെടുത്തിയ ഓഹരി വിപണിയിലേക്കുള്ള പ്രവേശന വിലക്ക് പൂർണമായി നീക്കിയിട്ടില്ല.

പ്രത്യേക ഫണ്ട് സമാഹരണ നടപടിക്കാണ് SAT ഇളവ് അനുവദിച്ചത്. ദൈനംദിന പ്രവർത്തന ആവശ്യങ്ങൾക്കായി കമ്പനിക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഉപയോഗിക്കാനും അനുമതിയുണ്ട്. എന്നാൽ ലാഭവിഹിതം നൽകുന്നതുപോലുള്ള മറ്റ് ആവശ്യങ്ങൾക്ക് ഈ തുക ഉപയോഗിക്കാൻ കഴിയില്ല.

ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള സ്വത്തുമായി ബന്ധപ്പെട്ട ഇടപാടാണ് സീ എന്റർടൈൻമെന്റിനെതിരായ സെബി നടപടിക്ക് ആധാരം. എസ്സൽ ഗ്രൂപ്പ് കമ്പനികൾ എടുത്ത ഏകദേശം 726 കോടി രൂപയുടെ വായ്പയ്ക്ക് സീയുടെ സ്വത്ത് ഈടായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് സെബിയുടെ കണ്ടെത്തൽ. ആവശ്യമായ ഓഡിറ്റ് കമ്മിറ്റി, ഡയറക്ടർ ബോർഡ്, ഓഹരി ഉടമകളുടെ അനുമതികൾ ഇല്ലാതെയാണ് ഇടപാട് നടന്നതെന്നും ആവശ്യമായ വെളിപ്പെടുത്തലുകൾ നടത്തിയില്ലെന്നും സെബി ചൂണ്ടിക്കാട്ടിയിരുന്നു.

ജൂലൈ 31ലെ ഉത്തരവിൽ സീ എന്റർടൈൻമെന്റിനെ രണ്ട് മാസത്തേക്ക് സെക്യൂരിറ്റീസ് വിപണിയിൽ നിന്ന് വിലക്കിയിരുന്നു. പുനീത് ഗോയങ്കയ്ക്കും സുഭാഷ് ചന്ദ്രയ്ക്കും 12 മാസത്തെ വിലക്കും ഏർപ്പെടുത്തി. ആകെ 1.48 കോടി രൂപയുടെ പിഴയും ചുമത്തിയിരുന്നു.

SAT യുടെ ഇടക്കാല ആശ്വാസത്തോടെ സീയുടെ ഫണ്ട് സമാഹരണ പദ്ധതിക്ക് താൽക്കാലികമായി വഴിയൊരുങ്ങിയിരിക്കുകയാണ്. കേസിലെ തുടർ നിയമനടപടികളും സാറ്റിന്റെ അന്തിമ തീരുമാനവുമാണ് ഇനി വിപണി ഉറ്റുനോക്കുന്നത്.

Content Highlights: Zee Entertainment shares rally 8% after SAT grants interim relief in Sebi order

To advertise here,contact us