3 കോടി വരെ ഭവനവായ്പ; ഗ്രാമീണ സഹകരണ ബാങ്കുകളുടെ വായ്പാ പരിധി ഉയർത്താൻ ആർബിഐയുടെ കരട് നിർദേശം

സഹകരണ ബാങ്കുകളുടെ മത്സരശേഷിയും വർധിപ്പിക്കാൻ ഇത് സഹായകമാകുമെന്നാണ് വിദഗ്ധർ പറയുന്നത്

ഗ്രാമീണ സഹകരണ ബാങ്കുകളിൽ നിന്ന് ഭവനവായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമായ വാർത്ത. ഭവനവായ്പാ പരിധി ഉയർത്താനും വായ്പാ വിതരണവുമായി ബന്ധപ്പെട്ട എക്സ്പോഷർ ചട്ടങ്ങളിൽ ഇളവ് നൽകാനും ലക്ഷ്യമിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കരട് മാർഗനിർദേശങ്ങൾ പുറത്തിറക്കി.

നിലവിലെ വായ്പാ പരിധികൾ വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ചതാണെന്നും, ഭവനവിലയും നിർമാണച്ചെലവും ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ അവ കാലഹരണപ്പെട്ടതാണെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. ഇതോടെയാണ് പുതിയ കരട് ചട്ടങ്ങൾ മുന്നോട്ടുവച്ചിരിക്കുന്നത്.

കരട് നിർദേശമനുസരിച്ച്, ഗ്രാമീണ സഹകരണ ബാങ്കുകൾക്ക് അനുവദിക്കാവുന്ന ഭവനവായ്പയുടെ പരിധി ബാങ്കിന്റെ നിക്ഷേപ വലുപ്പത്തെ അടിസ്ഥാനമാക്കിയാകും നിശ്ചയിക്കുക.

10,000 കോടിയിലധികം നിക്ഷേപമുള്ള ബാങ്കുകൾക്ക് ഒരാൾക്ക് പരമാവധി 3 കോടി വരെ ഭവനവായ്പ നൽകാൻ അനുമതി ലഭിക്കും. നിലവിലെ പരിധിയേക്കാൾ വലിയ വർധനയാണിത്.

1,000 കോടി മുതൽ 10,000 കോടി വരെ നിക്ഷേപമുള്ള ബാങ്കുകൾക്ക് 2 കോടി വരെയും, 100 കോടി മുതൽ 1,000 കോടി വരെ നിക്ഷേപമുള്ള ബാങ്കുകൾക്ക് 1.4 കോടി വരെയും ഭവനവായ്പ അനുവദിക്കാം.

അതേസമയം, 100 കോടിയിൽ താഴെ നിക്ഷേപമുള്ള ചെറിയ ഗ്രാമീണ സഹകരണ ബാങ്കുകൾക്ക് പരമാവധി 60 ലക്ഷം വരെയാണ് ഭവനവായ്പ നൽകാൻ കഴിയുക.

കരട് നിർദേശപ്രകാരം, സാമ്പത്തികമായി ശക്തമായ ഗ്രാമീണ സഹകരണ ബാങ്കുകൾക്ക് കൂടുതൽ തുകയുടെ ഭവനവായ്പ അനുവദിക്കാനുള്ള അവസരം ലഭിക്കും. ഇതിനായി ബാങ്കുകളുടെ മൂലധന അടിത്തറ, സാമ്പത്തിക സ്ഥിതി, റിസ്ക് മാനേജ്മെന്റ് സംവിധാനം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും ഉയർന്ന വായ്പകൾ അനുവദിക്കുക.

ഈ മാറ്റം ഗ്രാമപ്രദേശങ്ങളിലെ ഭവന നിർമ്മാണത്തിനും വീട് വാങ്ങുന്നവർക്കും കൂടുതൽ സാമ്പത്തിക പിന്തുണ ലഭിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതോടൊപ്പം, സഹകരണ ബാങ്കുകളുടെ മത്സരശേഷിയും വർധിപ്പിക്കാൻ ഇത് സഹായകമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

എന്നിരുന്നാലും, ഇത് അന്തിമ തീരുമാനം അല്ല. കരട് മാർഗനിർദേശങ്ങളിന്മേൽ ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, മറ്റ് താൽപര്യക്കാർ എന്നിവരിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ആർബിഐ ക്ഷണിച്ചിട്ടുണ്ട്. അവ പരിശോധിച്ച ശേഷമായിരിക്കും അന്തിമ ചട്ടങ്ങൾ പ്രഖ്യാപിക്കുക.

Content Highlights: RBI proposes higher housing loan limits, new exposure norms for rural co-operative banks

To advertise here,contact us