അമേരിക്കയുടെ തീരുവ അനിശ്ചിതത്വത്തില്‍ തിരിച്ചടി നേരിട്ട് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കപ്പല്‍ഗതാഗതം തടസ്സപ്പെട്ടതും പ്രതിസന്ധിയായി. ഇതുമൂലം 2030ഓടെ നിശ്ചയിച്ചിരുന്ന വില്‍പ്പന ലക്ഷ്യം കൈവരിക്കാന്‍ സാധ്യത കുറവാണെന്നാണ് അനുമാനം.
2025 ഏപ്രിലില്‍ നിശ്ചയിച്ച ലക്ഷ്യമനുസരിച്ച് 2030ഓടെ ഫാര്‍മ വ്യവസായത്തിന്റെ വിപണി മൂല്യം 130 ബില്യണ്‍ ഡോളറിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് 80 മുതല്‍ 90 ബില്യണ്‍ ഡോളര്‍ വരെ മാത്രമാണ് കൈവരിക്കാന്‍ കഴിഞ്ഞേക്കുക. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഫാര്‍മ വ്യവസായത്തിന്റെ ആകെ മൂല്യം ഏകദേശം 60 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ 31 ബില്യണ്‍ ഡോളര്‍ കയറ്റുമതിയും 29 ബില്യണ്‍ ഡോളര്‍ ആഭ്യന്തര വില്‍പ്പനയുമാണ്.
അമേരിക്കന്‍ തീരുവയുടെ ആശങ്ക
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ജനറിക് മരുന്നുകള്‍ക്ക് അമേരിക്ക അധിക തീരുവ ചുമത്താന്‍ സാധ്യതയുള്ളതും വ്യവസായത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ചരക്കുകപ്പലുകള്‍ ചെങ്കടല്‍ വഴി പോകുന്നത് ഒഴിവാക്കുന്നതിനാല്‍ ഗതാഗതച്ചെലവും ചരക്ക് എത്തുന്നതിനുള്ള സമയവും വര്‍ധിച്ചിട്ടുണ്ട്. ലോകത്തിന്റെ 'ഫാര്‍മസി' എന്നറിയപ്പെടുന്ന ഇന്ത്യ, അമേരിക്കയിലെ ജനറിക് മരുന്നുകളുടെ പ്രധാന വിതരണക്കാരാണ്. 2022ല്‍ അമേരിക്കയില്‍ വിതരണം ചെയ്ത ജനറിക് മരുന്നുകളില്‍ ഏകദേശം പകുതിയും ഇന്ത്യയില്‍ നിന്നുള്ളവയായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചതനുസരിച്ച്, 2026 ഓഗസ്റ്റ് 1 മുതല്‍ രണ്ട് വര്‍ഷത്തേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് 0% തീരുവ തുടരും. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് 100% തീരുവയും, അതിന് ശേഷം 200% തീരുവയും ഏര്‍പ്പെടുത്തുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ ഫാര്‍മ കയറ്റുമതി 10.5 ബില്യണ്‍ ഡോളറില്‍ നിന്ന് 9.7 ബില്യണ്‍ ഡോളറായി കുറഞ്ഞു. എന്നാല്‍ ബ്രസീലിലെയും യൂറോപ്പിലെയും വര്‍ധിച്ച ആവശ്യകത മൂലം മൊത്തം ഫാര്‍മ കയറ്റുമതി 2.13 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
Content Highlights: India's pharmaceutical industry is expected to fall short of its $130 billion 2030 target as U.S. tariff uncertainty and Middle East shipping disruptions continue to impact exports and raise logistics costs