ശമ്പളക്കാർക്ക് സന്തോഷ വാര്‍ത്ത; EPF വേതനപരിധി 25,000 ആയി ഉയർത്താൻ ധനമന്ത്രാലയത്തിന്റെ അംഗീകാരം

ജീവനക്കാരും തൊഴിലുടമയും നൽകുന്ന പിഎഫ് വിഹിതത്തിലും മാറ്റം വരാനിടയുണ്ട്

ഇപിഎഫ് അംഗങ്ങൾക്ക് വലിയ ആശ്വാസമാകുന്ന നിർദേശവുമായി കേന്ദ്ര സർക്കാർ. നിലവിലെ15,000 പ്രതിമാസ ശമ്പളപരിധി 25,000 ആയി ഉയർത്താനുള്ള നിർദേശത്തിന് ധനമന്ത്രാലയം അംഗീകാരം നൽകി. കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അംഗീകാരം ലഭിച്ചാൽ രാജ്യത്തെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചേക്കും.

നിലവിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പദ്ധതിയിൽ, അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്ന് പ്രതിമാസം 15,000 വരെ ലഭിക്കുന്ന ജീവനക്കാരാണ് നിർബന്ധമായും ഇപിഎഫ് പരിധിയിൽ ഉൾപ്പെടുന്നത്. ഈ ശമ്പളപരിധിയാണ് 25,000 ആയി ഉയർത്താൻ നിർദേശിച്ചിരിക്കുന്നത്. 2014-ലാണ് അവസാനമായി ഈ പരിധി പുതുക്കിയത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ വേതനനിരക്കുകളിലും ജീവിതച്ചെലവിലും ഗണ്യമായ വർധനയുണ്ടായ സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരത്തിന് നീക്കമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. പുതിയ ശമ്പളപരിധി നിലവിൽ വന്നാൽ കൂടുതൽ ജീവനക്കാർക്ക് ഇപിഎഫ്, എംപ്ലോയീസ് പെൻഷൻ സ്കീം (EPS) എന്നിവയുടെ ആനുകൂല്യം ലഭിക്കാൻ വഴിയൊരുങ്ങും. ഇതോടൊപ്പം ജീവനക്കാരും തൊഴിലുടമയും നൽകുന്ന പിഎഫ് വിഹിതത്തിലും മാറ്റം വരാനിടയുണ്ട്.

EPS -ലേക്കുള്ള സംഭാവന വർധിക്കുന്നതിനാൽ വിരമിക്കുമ്പോൾ ലഭിക്കുന്ന പെൻഷൻ തുകയിലും അനുകൂല സ്വാധീനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ സംഭാവനാ കണക്കുകളും മറ്റ് വിശദാംശങ്ങളും സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും നിർദേശം ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരവും തുടർന്ന് ഔദ്യോഗിക വിജ്ഞാപനവും പുറത്തിറങ്ങിയ ശേഷമേ പുതിയ ശമ്പളപരിധി നിലവിൽ വരികയുള്ളൂ.

Content Highlights: EPF wage ceiling may rise to Rs 25,000: What it means for your PF, salary and pension

To advertise here,contact us