ഡിവിഡൻഡ് ഇനത്തിൽ കിട്ടിയത് 26,600 രൂപ; ഒടുവിൽ കൈയിൽ ബാക്കിയായത് 300 മാത്രം, യുവതിയുടെ കുറിപ്പ് വൈറൽ

ഇന്ത്യയിൽ ഡിവിഡൻഡ് വരുമാനം നിക്ഷേപകന്റെ ആകെ വരുമാനത്തിന്റെ ഭാഗമായാണ് നികുതി കണക്കാക്കുന്നത്

ഓഹരി നിക്ഷേപത്തിൽ നിന്ന് ലാഭവിഹിതമായി ഒരു നിശ്ചിത തുക ലഭിക്കുന്നത് നിക്ഷേപകർക്ക് സാധാരണയായി സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ, നികുതി ബാധ്യതയും പലിശയും കൃത്യമായി കണക്കാക്കാതെ പോയാൽ ആ സന്തോഷം നിമിഷങ്ങൾക്കകം നിരാശയായി മാറാം.

ഡൽഹിയിലെ ഒരു യുവതിക്ക് ലഭിച്ച 26,600 രൂപ, ഡിവിഡൻഡ് വരുമാനത്തിൽ നിന്ന് നികുതിയും പലിശയും അടച്ചശേഷം കൈയിൽ ബാക്കിയായത് വെറും 300 മാത്രമായ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

'Story of a Salaried Employee' എന്ന തലക്കെട്ടോടെ പ്രിയൽ പാൽ എന്ന യുവതി സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച റീലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് സമാന അനുഭവങ്ങൾ പങ്കുവെച്ചതും നികുതി നിയമങ്ങളെക്കുറിച്ച് ചർച്ച ആരംഭിച്ചതും. ശമ്പളത്തിന് പുറമെ ഡിവിഡൻഡ്, പലിശ, മൂലധനലാഭം തുടങ്ങിയ അധിക വരുമാനമുള്ളവർക്ക് നികുതി ബാധ്യതയെക്കുറിച്ച് കൂടുതൽ ബോധവത്കരണം ആവശ്യമാണെന്നും പലരും അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ ഡിവിഡൻഡ് വരുമാനം നിക്ഷേപകന്റെ ആകെ വരുമാനത്തിന്റെ ഭാഗമായാണ് നികുതി കണക്കാക്കുന്നത്. അതിനാൽ ഉയർന്ന നികുതി സ്ലാബിലുള്ളവർക്ക് ഡിവിഡൻഡ് വരുമാനത്തിനും അതേ നിരക്കിൽ നികുതി ബാധകമാകും. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി അഡ്വാൻസ് ടാക്സ് അടയ്ക്കാതിരുന്നാൽ, ആദായനികുതി നിയമപ്രകാരം പലിശയും ഈടാക്കപ്പെടും. ഈ പലിശയും നികുതിയും ചേർന്നതാണ് ഈ കേസിൽ അടയ്‌ക്കേണ്ട തുക ഗണ്യമായി വർധിക്കാൻ കാരണമായത്.

സാമ്പത്തിക വിദഗ്ധർ പറയുന്നതനുസരിച്ച്, ശമ്പള വരുമാനത്തിന് പുറമെ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉള്ളവർ വർഷം മുഴുവൻ നികുതി ബാധ്യത നിരീക്ഷിക്കുകയും ആവശ്യമായ അഡ്വാൻസ് ടാക്സ് സമയത്ത് അടയ്ക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം, ലഭിച്ച ലാഭത്തിന്റെ വലിയൊരു പങ്ക് നികുതിയായും പലിശയായും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഈ സംഭവം നിക്ഷേപകർക്ക് ഒരു പ്രധാന ഓർമ്മപ്പെടുത്തലായാണ് വിലയിരുത്തപ്പെടുന്നത്. ലാഭം നേടുക മാത്രമല്ല, അതിന്റെ നികുതി ബാധ്യതയും കൃത്യമായി ആസൂത്രണം ചെയ്യേണ്ടത് സാമ്പത്തിക മാനേജ്മെന്റിന്റെ പ്രധാന ഭാഗമാണെന്ന് ഇത് വ്യക്തമാക്കുന്നു.

Content HIghlights: Delhi woman earns Rs 26,600 from dividends, pays Rs 26,300 in tax & interest: ‘Have Rs 300 left

To advertise here,contact us