ഇനി വിമാനങ്ങള്‍ വഴി ടൂറിസം വളരും; വിനോദസഞ്ചാര മന്ത്രാലയവും ഇന്‍ഡിഗോയും കൈകോര്‍ക്കുന്നു

വെല്‍നസ് ടൂറിസം, സാഹസിക വിനോദസഞ്ചാരം, വന്യജീവി ടൂറിസം തുടങ്ങി രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര സാധ്യതകള്‍ ഇതിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും

ഇന്ത്യയെ ആഗോളതലത്തില്‍ മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിന് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം ഇന്‍ഡിഗോയുമായി കൈകോര്‍ക്കുന്നു.ഡിജിറ്റല്‍, അച്ചടി മാധ്യമങ്ങള്‍, വിമാനത്താവള ബ്രാന്‍ഡിംഗ്, വിമാനത്തിനുള്ളിലെ പ്രചാരണ പ്ലാറ്റ്‌ഫോമുകള്‍, സോഷ്യല്‍ മീഡിയ, അന്താരാഷ്ട്ര ട്രാവല്‍ എക്‌സിബിഷനുകള്‍ തുടങ്ങി വിവിധ പ്രചാരണ മാര്‍ഗങ്ങളിലൂടെ ക്യാംപെയ്ന്‍ നടപ്പാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ കമ്പനി ഒപ്പുവെച്ചു.

കേന്ദ്ര വിനോദസഞ്ചാര-സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന്റെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്ര കൈമാറ്റം. മന്ത്രാലയത്തിന്റെ പ്രമുഖ ബ്രാന്‍ഡായ ഇന്‍ക്രെഡിബിള്‍ ഇന്ത്യയും ഇന്‍ഡിഗോയുടെ വിപുലമായ ആഭ്യന്തര-അന്തര്‍ദേശീയ സര്‍വീസ് ശൃംഖലയും ഒന്നിക്കുന്നതിലൂടെ ഇന്ത്യയുടെ വിനോദസഞ്ചാര പ്രചാരണത്തിന് കൂടുതല്‍ ശക്തിയേകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള സഹകരണങ്ങള്‍ ഇന്ത്യയുടെ വിനോദസഞ്ചാര സന്ദേശം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കൂടുതല്‍ ആളുകളിലെത്തിക്കാനും, ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നെന്ന ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാനും സഹായിക്കുമെന്ന് ഷെഖാവത്ത് വ്യക്തമാക്കി.

ധാരണാപത്രത്തിന്റെ ഭാഗമായി 'Incredible India by IndiGo' എന്ന പേരില്‍ സംയുക്ത ആഗോള ആശയവിനിമയ ക്യാംപെയ്ന്‍ ആരംഭിക്കും. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, പ്രകൃതി സൗന്ദര്യം, ആത്മീയ വിനോദസഞ്ചാരം, വെല്‍നസ് ടൂറിസം, സാഹസിക വിനോദസഞ്ചാരം, വന്യജീവി ടൂറിസം തുടങ്ങി രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര സാധ്യതകള്‍ ഇതിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും.

ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് മെറ്റീരിയലുകളും പ്രചാരണ ഉള്ളടക്കങ്ങളും മന്ത്രാലയം ലഭ്യമാക്കും. ആവശ്യമായിടത്ത് വിവിധ വകുപ്പുകളുമായും ബന്ധപ്പെട്ട ഏജന്‍സികളുമായും ഏകോപനം നടത്തി ക്യാംപെയ്നിന് പിന്തുണയും നല്‍കും. ഇന്‍ഡിഗോ സ്വന്തം ഉപഭോക്തൃ ഇടപെടല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇന്ത്യയുടെ വിനോദസഞ്ചാര സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നതിനൊപ്പം, വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രത്യേക ഉള്ളടക്കവും തയ്യാറാക്കും. ആഭ്യന്തരവും അന്തര്‍ദേശീയവുമായ പ്രധാന വിപണികളില്‍ ഇന്ത്യയുടെ വിനോദസഞ്ചാര സാധ്യതകളുടെ ദൃശ്യപരത വര്‍ധിപ്പിക്കാന്‍ സംയുക്ത പ്രചാരണങ്ങളും പരിപാടികളും സംഘടിപ്പിക്കാനും ധാരണയായി.

ഈ ധാരണാപത്രത്തിന് പ്രാരംഭമായി രണ്ട് വര്‍ഷത്തെ കാലാവധിയുണ്ടാകും.

അതേസമയം, ജൂലൈ 27ന് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം എയര്‍ ഇന്ത്യയുമായും ഇന്‍ക്രെഡിബിള്‍ ഇന്ത്യ ബ്രാന്‍ഡിന് കീഴില്‍ ഇന്ത്യയെ ആഗോള വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനായി സമാനമായ ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

Content Higlights: Tourism Ministry partners with IndiGo to launch the ‘Incredible India by IndiGo’ campaign, aiming to showcase India’s diverse tourism offerings and strengthen its position as a global travel destination

To advertise here,contact us