സ്മാര്‍ട്ട്‌ഫോണിന് വിലകുറയുമോ? 25,000ല്‍ താഴെയുള്ള ഫോണുകള്‍ക്ക് GST 5% ആക്കണമെന്ന് ശുപാര്‍ശ

ഇന്ത്യയിലെ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ ഏകദേശം മൂന്നില്‍ രണ്ടുഭാഗവും 25,000ല്‍ താഴെയുള്ള വിഭാഗത്തിലാണ്

25,000ല്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നിലവിലെ 18% ജിഎസ്ടിക്ക് പകരം 5% ജിഎസ്ടി ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ. ഗ്രാന്റ് തോണ്‍ട്ടണ്‍ ഭാരത്, പോളിസി വാച്ച് ഇന്ത്യ ഫൗണ്ടേഷനും ചേര്‍ന്ന് തയ്യാറാക്കിയ ധവളപത്രത്തിലാണ് ജിഎസ്ടി സംബന്ധിച്ച ശുപാര്‍ശ.

25,000ല്‍ താഴെ വിലയുള്ള ഫോണുകള്‍ക്ക് 5% ജിഎസ്ടി നടപ്പാക്കണമെന്നും 25,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകള്‍ക്ക് 18% ജിഎസ്ടി തുടരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ വിലയുള്ള ഫോണുകളുടെ വില കുറയുന്നതിലൂടെ കൂടുതല്‍ ആളുകള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കും.

റിപ്പോര്‍ട്ടനുസരിച്ച്, ഇന്ത്യയിലെ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ ഏകദേശം മൂന്നില്‍ രണ്ടുഭാഗവും 25,000ല്‍ താഴെയുള്ള വിഭാഗത്തിലാണ്. ഈ വിഭാഗം പ്രധാനമായും ആദ്യമായി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍, ഗ്രാമപ്രദേശങ്ങളിലെ ഉപയോക്താക്കള്‍, വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ എന്നിവരെയാണ് ലക്ഷ്യമിടുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഇപ്പോഴും 35 കോടി ആളുകള്‍ ഫീച്ചര്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളുടെ ഉയര്‍ന്ന വില ഡിജിറ്റല്‍ സേവനങ്ങളിലേക്കുള്ള പ്രവേശനത്തിന് പ്രധാന തടസ്സമായി തുടരുകയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

കുറഞ്ഞ ജിഎസ്ടി നിരക്ക് നടപ്പാക്കിയാല്‍, ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് കൂടുതല്‍ കരുത്താകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. സാധാരണക്കാര്‍ക്കായുള്ള സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ധിക്കുകയും ഡിജിറ്റല്‍ സേവനങ്ങളിലേക്കുള്ള പ്രവേശനം കൂടുതല്‍ എളുപ്പമാകുകയും ചെയ്യും. ആഭ്യന്തര ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖലയ്ക്കും പ്രോത്സാഹനം ലഭിക്കും.

മറ്റ് രാജ്യങ്ങളിലെ നികുതി

വിയറ്റ്‌നാം, തായ്ലന്‍ഡ്, ഇന്‍ഡോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇന്ത്യയേക്കാള്‍ കുറഞ്ഞ നികുതിയാണ് ഈടാക്കുന്നത്. അതിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വര്‍ധിക്കുകയും നിര്‍മ്മാണ മത്സരക്ഷമത മെച്ചപ്പെടുകയും ചെയ്തതിട്ടുണ്ട്.

സ്മാര്‍ട്ട്‌ഫോണുകള്‍ ഇനി ആഡംബര ഉപഭോക്തൃ ഉല്‍പ്പന്നമല്ല, മറിച്ച് ഡിജിറ്റല്‍ ലോകത്തിലേക്കുള്ള അടിസ്ഥാന പ്രവേശന ഉപകരണം ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ കുറഞ്ഞ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കുറഞ്ഞ ജിഎസ്ടി ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ഗുണകരമാകുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: A GT Bharat-PWIF report has proposed cutting GST on smartphones priced below ₹25,000 from 18% to 5%, arguing that lower taxes would make smartphones more affordable, accelerate Digital India, and help millions of first-time users transition from feature phones to smartphones

To advertise here,contact us