ജൂൺ മാസത്തെ ഡെറിവേറ്റീവ്സ് (F&O) കരാറുകളുടെ എക്സ്പയറി ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ചാഞ്ചാട്ടം. തുടക്കത്തിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും ഐടി ഓഹരികളിലെ ശക്തമായ വില്പനാ സമ്മർദവും വിദേശ നിക്ഷേപകരുടെ വിറ്റഴിക്കലും കാരണം വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് ഏകദേശം 250 പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 23,900ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇ സെൻസെക്സ് 250 പോയിന്റിലേറെ നഷ്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ എൻഎസ്ഇ നിഫ്റ്റി 50 , 80 പോയിന്റിലേറെ ഇടിഞ്ഞ് 23,900ന് താഴെ അവസാനിച്ചു. പ്രതിമാസ എഫ്&ഒ എക്സ്പയറി ദിനമായതിനാൽ വ്യാപാരത്തിൽ വലിയ ചാഞ്ചാട്ടമാണ് തുടക്കം മുതൽ തന്നെ കാണാൻ സാധിച്ചത്.
ഐടി മേഖലയാണ് ഇന്നത്തെ ഇടിവിന് പ്രധാന കാരണം. അമേരിക്കയിൽ പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരുമെന്ന ആശങ്ക നിക്ഷേപകരുടെ വികാരം പ്രതികൂലമാക്കി. ഇതോടെ പ്രധാന ഐടി കമ്പനികളുടെ ഓഹരികൾ കനത്ത സമ്മർദം നേരിട്ടു. മറുവശത്ത് ഫാർമ, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും വിപണിയുടെ മൊത്തത്തിലുള്ള നഷ്ടം നികത്താൻ അതുകൊണ്ട് സാധിച്ചില്ല. ബ്രോഡർ മാർക്കറ്റും ദുർബലമായിരുന്നു. നേട്ടമുണ്ടാക്കിയ ഓഹരികളേക്കാൾ കൂടുതൽ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിദഗ്ധരുടെ അഭിപ്രായത്തിൽ നിഫ്റ്റിക്ക് 23,800–23,900 മേഖല പ്രധാന സപ്പോർട്ട് മേഖലയാണ് . 24,000–24,100 മേഖലയിൽ ശക്തമായ പ്രധിരോധ മേഖലയും തുടരുന്നതിനാൽ ആ പരിധി മറികടക്കാൻ വിപണിക്ക് പുതിയ അനുകൂല ഘടകങ്ങൾ ആവശ്യമായി വരും.
അതേസമയം, മാസത്തിലെ അവസാന ദിനത്തിൽ നഷ്ടം ഉണ്ടായെങ്കിലും ജൂൺ മാസത്തെ മൊത്തം പ്രകടനം പോസിറ്റീവാണ്. ക്രൂഡ് ഓയിൽ വിലയിലെ ഇടിവും റിസർവ് ബാങ്കിന്റെ ചില നടപടികളും ബാങ്കിംങ് ഓഹരികളുടെ മുന്നേറ്റവും വിപണിക്ക് നൽകിയിട്ടുണ്ട്. ഐടി സൂചികയാണ് ജൂണിൽ ഏറ്റവും കൂടുതൽ സമ്മർദം നേരിട്ട പ്രധാന മേഖല
Content Highlights: Nifty below 23,900 on June expiry; Sensex sheds 250 pts as IT stocks drag