മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ HDFC ബാങ്കിന്റെ താത്കാലിക ചെയർമാൻ. മൂന്ന് വർഷത്തേക്കാണ് രാജീവ് കുമാർ ചെയർമാനായി തുടരുക. കഴിഞ്ഞ ദിവസം ചേർന്ന ബാങ്കിന്റെ ബോർഡ് യോഗം രാജീവ് കുമാറിന്റെ നിയമനത്തിന് അംഗീകാരം നൽകി. ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി നാല് വർഷത്തേക്ക് അഡീഷണൽ സ്വതന്ത്ര ഡയറക്ടറായി നിയമിക്കുന്നതിനും ബോർഡ് അംഗീകാരം നൽകി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാകുന്നതിന് മുൻപ് കേന്ദ്രസർക്കാരിൽ ഫിനാൻസ് സെക്രട്ടറിയായിരുന്നു രാജീവ് കുമാർ. 2020 ഫെബ്രുവരിയിലാണ് അദ്ദേഹം വിരമിച്ചത്. താത്കാലിക ചെയർമാനായുള്ള രാജീവ് കുമാറിന്റെ നിയമനം ആർബിഐ അംഗീകരിച്ചുകഴിഞ്ഞു. രാജീവ് കുമാർ ചുമതലയേറ്റെടുത്ത ശേഷം ബാങ്കിന്റെ ബോർഡ് എംഡിയും സിഇഒയുമായ ശശിധർ ജഗദീഷിന്റെ പുനർനിയമനം സംബന്ധിച്ച് ചർച്ചകൾ നടത്തും. ഒക്ടോബറിലാണ് ശശിധർ ജഗദീഷിന്റെ കാലാവധി അവസാനിക്കുക.
രാജീവ് കുമാറിന് മുൻപ് അതാനു ചക്രവർത്തി ആയിരുന്നു ബാങ്കിന്റെ താത്കാലിക ചെയർമാൻ. മാർച്ചിലാണ് അദ്ദേഹം രാജിവെച്ചത്. ബാങ്കിനുള്ളിലെ ചില സംഭവങ്ങളും രീതികളും തന്റെ വ്യക്തിപരമായ മൂല്യങ്ങൾക്കും ധാർമ്മികതയ്ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം രാജിവെക്കുകയായിരുന്നു. പിന്നാലെ താത്ക്കാലിക പാർട്ട് ടൈം ചെയർമാനായി മുതിർന്ന ബാങ്കർ കേകി മിസ്ത്രി ചുമതലയേറ്റെടുത്തിരുന്നു. ചക്രവർത്തിയുടെ രാജിക്കത്തിലെ ആരോപണങ്ങളെ തള്ളിയ ബാങ്ക് എക്സ്ചേഞ്ചുകളെ അറിയിച്ച ശേഷമാണ് രാജീവ് കുമാറിനെ നിയമിച്ചത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു രാജീവ് കുമാർ. 1984 ബാച്ച് ഐഎഎസ് ഓഫീസറാണ് അദ്ദേഹം. 2017 മുതൽ 2020 വരെ സാമ്പത്തിക കാര്യ വകുപ്പിൽ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
Content Highlights: Former Chief Election Commissioner Rajeev Kumar has been appointed as the temporary Chairman of HDFC Bank for a tenure of three years. The appointment was approved by the bank's board of directors during its recent meeting