2026 സാമ്പത്തിക വര്‍ഷത്തില്‍ വാഹന അനുബന്ധ വ്യവസായത്തിന് 12.5% വരുമാന നേട്ടം; വളര്‍ച്ച തുടരുമെന്ന് പ്രതീക്ഷ

ഇലക്ട്രിക് വാഹന അനുബന്ധ ബിസിനസുകളും ഈ വര്‍ഷം മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ വാഹന അനുബന്ധ കമ്പനികളുടെ വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 12.5 ശതമാനം വര്‍ധിച്ചതായി ഇലാറ കാപിറ്റലിന്റെ റിപ്പോര്‍ട്ട്. വിവിധ വാഹന വിഭാഗങ്ങളിലെ മികച്ച വില്‍പ്പനയും ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങളുടെ വിഹിതം വര്‍ധിച്ചതുമാണ് വളര്‍ച്ചയ്ക്ക് പ്രധാനമായി കാരണമായത്. അതേസമയം, കമ്പനികളുടെ മൊത്തം എബിറ്റ്ഡ (പലിശ, നികുതി, മൂല്യത്തകര്‍ച്ച എന്നിവയ്ക്ക് മുമ്പുള്ള പ്രവര്‍ത്തനലാഭം) 13.3 ശതമാനം ഉയര്‍ന്നെങ്കിലും, ശരാശരി പ്രവര്‍ത്തന ലാഭവിഹിതം 13.6 ശതമാനത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നു.

59 കമ്പനികളില്‍ 25 എണ്ണത്തിലും ഇടിവ്

പഠനത്തില്‍ ഉള്‍പ്പെടുത്തിയ 59 ലിസ്റ്റഡ് ഓട്ടോ കോംപോണന്റ് നിര്‍മ്മാതാക്കളില്‍ 25 കമ്പനികളുടെ പ്രവര്‍ത്തന ലാഭവിഹിതം കുറഞ്ഞു. വാഹനങ്ങളുടെ സസ്‌പെന്‍ഷന്‍ & ബ്രേക്കിംഗ് വിഭാഗം 16% വളര്‍ച്ച കൈവരിച്ചു കൊണ്ട് വരുമാന വളര്‍ച്ചയില്‍ മുന്നിലെത്തി. മള്‍ട്ടി-പ്രോഡക്റ്റ് വിഭാഗം 15% വളര്‍ച്ച കൈവരിച്ചു. കൂടുതല്‍ ലാഭം നേടിയ വിഭാഗങ്ങള്‍ ടയര്‍, ലൈറ്റിങ്, സസ്‌പെന്‍ഷന്‍ വിഭാഗങ്ങളാണ്. ഫോര്‍ജിങ്, ബാറ്ററി വിഭാഗങ്ങള്‍ നഷ്ടം രേഖപ്പെടുത്തി. എന്നാല്‍ 2027 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച ഡിമാന്‍ഡ് പ്രതീക്ഷയാണുള്ളത്. ഇരുചക്ര വാഹനങ്ങള്‍, പാസഞ്ചര്‍ വാഹനങ്ങള്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍, ട്രാക്ടറുകള്‍, റീപ്ലേസ്മെന്റ് മാര്‍ക്കറ്റ് എന്നീ വാഹന വിഭാഗങ്ങളില്‍ മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്.

കൂടാതെ, ഇലക്ട്രിക് വാഹന അനുബന്ധ ബിസിനസുകളും ഈ വര്‍ഷം മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഇലക്ട്രോണിക്സ് അടിസ്ഥാനമാക്കിയ ഉല്‍പ്പന്നങ്ങള്‍, പ്രതിരോധ, എയ്‌റോസ്‌പേസ് മേഖലകള്‍ എന്നിവയും മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ വളരുമെന്നാണ് വിലയിരുത്തല്‍.

പ്രധാന വെല്ലുവിളി

അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധന വാഹന അനുബന്ധ ബിസിനസുകള്‍ക്ക് വലിയ വെല്ലുവിളിയാണ്. ചെമ്പ്, അലുമിനിയം, സ്റ്റീല്‍, റബര്‍, ക്രൂഡ് ഓയില്‍ അധിഷ്ഠിത അസംസ്‌കൃത വസ്തുക്കള്‍, ചരക്ക് ഗതാഗതം, ഊര്‍ജച്ചെലവ് എന്നിവയുടെ വില വര്‍ധിച്ചതിനാല്‍ 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ലാഭവിഹിതത്തിന് സമ്മര്‍ദമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിലവര്‍ധന ഉപഭോക്താക്കള്‍ക്ക് കൈമാറുന്ന സംവിധാനം നിലവിലുണ്ടെങ്കിലും, അതിന്റെ പ്രയോജനം ലഭിക്കാന്‍ ആറുമാസം വരെ സമയമെടുക്കും.

ഓട്ടോ അനുബന്ധ കമ്പനികള്‍ വാഹന നിര്‍മാതാക്കളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ നാല് പ്രധാന ഘടകങ്ങളുണ്ടെന്ന് ഇലാറ കാപിറ്റലിന്റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഉല്‍പ്പന്ന ശ്രേണി വികസിപ്പിക്കല്‍, പുതിയ വിപണി വിഭാഗങ്ങളിലേക്കുള്ള വ്യാപനം, ആഗോള വിപണികളിലേക്കുള്ള പ്രവേശനം എന്നിവ കമ്പനികള്‍ക്ക് കരുത്തു പകരും. ഏറ്റെടുക്കലുകളിലൂടെയുള്ള വളര്‍ച്ചയും ഗുണകരമാവും. ഈ ഘടകങ്ങള്‍ വിജയകരമായി നടപ്പാക്കുന്ന കമ്പനികള്‍ക്ക് വരും വര്‍ഷങ്ങളിലും മികച്ച വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Content Highlights: India's auto ancillary industry recorded a strong 12.5% revenue growth in FY26, with EV components, passenger vehicles, and two-wheelers expected to drive further expansion in FY27

To advertise here,contact us