മാസ ശമ്പളം 7 ലക്ഷത്തോളം: എന്നിട്ടും സേവ് ചെയ്യാനാകുന്നത് 8000 രൂപ മാത്രം; ബംഗളൂരുവിലെ ചെലവ് പറഞ്ഞ് യുവാവ്

കണക്കനുസരിച്ച് ഏറ്റവും വലിയ ചെലവ് വരുന്നത് വീട്ടുവാടകയ്ക്കാണ്

ബെംഗളൂരു: വിദേശത്തെ സുഖസൗകര്യങ്ങൾ അവസാനിപ്പിച്ച് നീണ്ട 15 വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഒരു പ്രവാസി ഇന്ത്യൻ പൗരന്റെ പ്രതിമാസ ബഡ്ജറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. പ്രതിവർഷം 85 ലക്ഷം രൂപ സ്ഥിര ശമ്പളം ലഭിക്കുന്ന ജോലി കയ്യിലുണ്ടായിട്ടും, ബെംഗളൂരു നഗരത്തിലെ ചെലവുകൾ കഴിഞ്ഞ് നിക്ഷേപിക്കാൻ വെറും ഒരു ലക്ഷം രൂപ മാത്രമാണ് കയ്യിൽ അവശേഷിക്കുന്നത് എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. അതായത് മാസം 7 ലക്ഷത്തോളം രൂപ ശമ്പളമുണ്ടായിട്ടും നിക്ഷേപിക്കാനാകുന്നത് 8300 രൂപയോളം മാത്രം.

"എന്റെ ബഡ്ജറ്റ് യാഥാർത്ഥ്യബോധമുള്ളതാണോ അതോ എനിക്ക് എവിടെയെങ്കിലും കണക്കുകൂട്ടലുകളിൽ വൻ പിഴവ് സംഭവിച്ചിട്ടുണ്ടോ?" എന്ന ചോദ്യത്തോടെ റെഡ്ഡിറ്റിലാണ് നോർത്ത് ബെംഗളൂരുവിൽ ജോലി ലഭിച്ച യുവാവ് തന്റെ ആശങ്കകൾ പങ്കുവെച്ചത്. 85 ലക്ഷം രൂപ വാർഷിക ശമ്പളം എന്നത് നികുതികളെല്ലാം കഴിഞ്ഞ് പ്രതിമാസം കയ്യിൽ കിട്ടുക ഏകദേശം 4.6 ലക്ഷം രൂപയാണ്. എന്നാൽ ഈ തുക മുഴുവൻ ഒരു മാസം കൊണ്ട് എങ്ങനെ തീർന്നുപോകുന്നു എന്നതിന്റെ കൃത്യമായ കണക്കുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ചെലവ് ഇങ്ങനെ

കണക്കനുസരിച്ച് ഏറ്റവും വലിയ ചെലവ് വരുന്നത് വീട്ടുവാടകയ്ക്കാണ്. നോർത്ത് ബെംഗളൂരുവിൽ ഒരു 3-4 BHK ഫ്ലാറ്റിനായി 70,000 രൂപ മുതൽ 90,000 രൂപ വരെ വാടക വരും. ഇതുകൂടാതെ ഒരു വില്ലയുടെ വായ്പ ഇനത്തിൽ 35,000 രൂപയും, കാർ ലീസിന് എടുക്കുന്നതിനായി 25,000 മുതൽ 35,000 രൂപ വരെയും ചെലവാകും. വീട്ടിലെ ആവശ്യങ്ങൾക്കുള്ള കറന്റ്, വെള്ളം തുടങ്ങിയ യൂട്ടിലിറ്റികൾക്കായി 10,000 രൂപയും നീക്കിവെച്ചിട്ടുണ്ട്.

ഇതിന് പുറമെ വീട്ടുജോലിക്കാർക്കും പാചകക്കാർക്കുമായി 25,000 രൂപയും, കുട്ടികളുടെ സ്കൂൾ ഫീസിനും മറ്റ് ആക്ടിവിറ്റികൾക്കുമായി 20,000 രൂപയും, നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ 30,000 രൂപയും, പുറത്തുനിന്നുള്ള ഭക്ഷണത്തിനായി മറ്റൊരു 30,000 രൂപയും ചെലവ് വരുന്നു. ഷോപ്പിംഗിനും മറ്റ് പലവക ചെലവുകൾക്കുമായി 40,000 രൂപയും, യാത്രകൾക്കായി 25,000 രൂപയും, കുട്ടിയുടെ ഭാവി കോളേജ് പഠനത്തിനായി 20,000 രൂപയും മാറ്റിവെക്കുന്നു.

"വെറും സാധാരണ ജീവിതം നയിക്കാൻ മാത്രം (വാടക, സ്കൂൾ, വീട്ടുജോലിക്കാർ, പലചരക്ക്) മാസം 1.5 ലക്ഷം രൂപയോളം വരുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇതെല്ലാം കഴിഞ്ഞ് എനിക്ക് വെറും ഒരു ലക്ഷം രൂപ മാത്രമാണ് പതിവ് സമ്പാദ്യത്തിനോ നിക്ഷേപത്തിനോ ആയി കയ്യിൽ മിഞ്ചുന്നത്. ബെംഗളൂരുവിനെ സംബന്ധിച്ച് ഇത് ശരിയായ കണക്കാണോ?" എന്നും അദ്ദേഹം ചോദിക്കുന്നു.

പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ആളുകളിൽ നിന്നും ഉണ്ടാകുന്നത്. പലരും ഈ ബഡ്ജറ്റ് വളരെയധികം തുക കൂട്ടി കാണിച്ചതാണെന്നും ചില മേഖലകളിൽ വലിയ രീതിയിൽ പണം ലാഭിക്കാൻ കഴിയുമെന്നും വ്യക്തമാക്കുന്നുണ്ട്. "നിങ്ങൾ ഒരേസമയം വലിയൊരു തുക വാടകയായും ഒപ്പം വീടിന്റെ ലോൺ അടവായും നൽകുന്നുണ്ട്. ഇതാണ് നിങ്ങളുടെ ചെലവ് കൂട്ടുന്നത്. കൂടാതെ പലചരക്ക് സാധനങ്ങൾ വാങ്ങിയ ശേഷവും വലിയൊരു തുക ഷോപ്പിംഗിനായി മാറ്റിവെച്ചിരിക്കുന്നു. ഇത് അപ്പർ ക്ലാസിന്റെ പോലും സാധാരണ ജീവിതശൈലിയല്ല," എന്നാണ് ഒരാള്‍ മറുപടിയായി കുറിച്ചത്.

എന്നാൽ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് അദ്ദേഹം കുറച്ചാണ് കാണിച്ചതെന്നാണ് മറ്റൊരു ഉപയോക്താവ് പറയുന്നത്. "സ്കൂളിനായി നീക്കിവെച്ച 20,000 രൂപ വളരെ കുറവാണ്. നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസം ഇപ്പോൾ വളരെ ചെലവേറിയതാണ്, കുറഞ്ഞത് 30,000 രൂപയെങ്കിലും വേണം. അതേസമയം വീട്ടുജോലിക്കാർക്കായി നൽകുന്ന 25,000 രൂപ വളരെ കൂടുതലാണ്," എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നുണ്ട്.

Content Highlights: A young professional earning nearly ₹7 lakh a month has revealed that he is able to save only about ₹8,000 after covering living expenses in Bengaluru. His story has sparked discussions on the city's rising cost of living, housing, taxes, and lifestyle expenses, highlighting that a high income does not always translate into substantial savings.

To advertise here,contact us