രാജ്യത്ത് സജീവമായ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം 2026 മേയില്‍ 12 കോടി പിന്നിട്ടതായി ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മേയ് മാസത്തില്‍ മാത്രം 10.2 ലക്ഷം പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ചേര്‍ക്കപ്പെട്ടു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34 ശതമാനം വര്‍ധനവാണ്.
അതേസമയം, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള മൊത്തം ചെലവ് വാര്‍ഷികാടിസ്ഥാനത്തില്‍ 6.3 ശതമാനം മാത്രമാണ് ഉയര്‍ന്നത്. 2026 മേയില്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള മൊത്തം ചെലവ് 2.02 ലക്ഷം കോടി ആയിരുന്നു. 2025 മേയില്‍ ഇത് 1.90 ലക്ഷം കോടിയും, 2026 ഏപ്രിലില്‍ 1.97 ലക്ഷം കോടിയുമായിരുന്നു. ഏപ്രിലിലെ സാധാരണ ഇടിവിന് ശേഷം ഉപഭോക്തൃ ചെലവില്‍ ചെറിയ തോതില്‍ പുരോഗതി ഉണ്ടായെങ്കിലും, മാര്‍ച്ചിലെ 2.19 ലക്ഷം കോടി എന്ന ഉയര്‍ന്ന നിലവാരത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.
സജീവമായ ക്രെഡിറ്റ് കാര്‍ഡുകളുടെ ആകെ എണ്ണം 2025 മേയിലെ 11.12 കോടിയില്‍ നിന്ന് 2026 മേയില്‍ 8.3 ശതമാനം വര്‍ധിച്ച് 12 കോടി പിന്നിട്ടു. സുരക്ഷിതമല്ലാത്ത വായ്പകളില്‍ ബാങ്കുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കര്‍ശനമായ വായ്പാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും തുടരുന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് മേഖലയിലെ വളര്‍ച്ച ഉയര്‍ന്ന ഒറ്റ അക്ക ശതമാന നിരക്കില്‍ തുടരുകയാണ്. കൂടാതെ, റിവാര്‍ഡ് പദ്ധതികളില്‍ കുറവ് വരുത്തുന്നതും ചെലവുമായി ബന്ധിപ്പിച്ച ആനുകൂല്യങ്ങള്‍ നല്‍കുന്നതും ലാഭക്ഷമതയും ചെലവ് നിയന്ത്രണവും ലക്ഷ്യമിട്ടാണ്.
ഒരു ക്രെഡിറ്റ് കാര്‍ഡിന് ശരാശരി ചെലവ് ഏപ്രിലിലെ 16,495ല്‍ നിന്ന് മേയില്‍ 16,778 ആയി നേരിയ തോതില്‍ ഉയര്‍ന്നു. അതേസമയം, ചെറിയ തുകകളിലുള്ള സുരക്ഷിതമല്ലാത്ത വായ്പകളിലും റിവോള്‍വിങ് ക്രെഡിറ്റ് വിഭാഗങ്ങളിലും സമ്മര്‍ദം നിലനില്‍ക്കുന്നതിനാല്‍ ബാങ്കുകള്‍ പുതിയ കാര്‍ഡുകള്‍ അനുവദിക്കുന്നതിലും വായ്പാ പരിധി വര്‍ധിപ്പിക്കുന്നതിലും കൂടുതല്‍ ജാഗ്രത തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കിയത് എസ്ബിഐ ആണ്. കമ്പനി 1,81,851 പുതിയ കാര്‍ഡുകളാണ് കൂട്ടിചേര്‍ത്തത്. ഇതോടെ ഏപ്രിലില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഐസിഐസിഐ ബാങ്കിനെ മറികടന്നു.
Content Highlights: India's Active Credit Cards Cross 120 Million as New Card Issuance Surges in May