രണ്ടേ രണ്ട് രാജി കാരണം നഷ്ടം 270 ബില്യൺ ഡോളർ; ഗൂഗിൾ ഒരിക്കലും ജൂൺ 19 മറക്കില്ല; സംഭവിച്ചതെന്ത്?

ഒരു വർഷത്തിനിടയിൽ അൽഫബറ്റിന്റെ മൂല്യത്തിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്

ടെക്ക് കമ്പനികളെ സംബന്ധിച്ച് ഓരോ തൊഴിലാളികളും പരമപ്രധാനമാണ്. അവരുടെ കഴിവുകളെ ആശ്രയിച്ചാണ് ആ സ്ഥാപനം നിലനിൽക്കുന്നത് തന്നെ. അതിൽത്തന്നെ പ്രധാനമായും മാനേജീരിയൽ സ്രേണിയിലെ ജീവനക്കാർ ആയിരിക്കും ഏറ്റവും വിലപ്പെട്ടവർ. വർഷങ്ങളുടെ പരിചയസമ്പത്ത്, മേഖലയിലെ വൈദഗ്ധ്യം എന്നിവ ഉള്ളവരായിരിക്കും അവർ. അവരുടെ രാജി ഒരുപക്ഷെ കമ്പനികളെ ആടിയുലച്ചേക്കാം.

ഇങ്ങനെയൊരു പ്രതിസന്ധിയാണ് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ജൂൺ 19ന് നേരിട്ടത്. രണ്ട് പ്രധാനപ്പെട്ട വ്യക്തികളുടെ രാജി കാരണം അൽഫബറ്റിന് ഉണ്ടായ നഷ്ടം 270 ബില്യൺ ഡോളറാണ്. കമ്പനിയുടെ ഓഹരിവില 5% ഇടിയുകയും ചെയ്തു. ഒരു വർഷത്തിനിടയിൽ അൽഫബറ്റിന്റെ മൂല്യത്തിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.

സാഹചര്യം ഇങ്ങനെയാണ്. ജൂൺ 16നാണ് അൽഫബറ്റിനെ ഞെട്ടിച്ചുകൊണ്ടുള്ള ആദ്യ രാജി ഉണ്ടാകുന്നത്. ഗൂഗിൾ എഞ്ചിനീറിങ്ങിന്റെ മുൻ വൈസ് പ്രസിഡന്റ് ആയിരുന്ന, നിലവിൽ ജെമിനി എഐ മോഡലുകളുടെ കൊ-ലീഡ് ആയ നോം ഷസീർ ആണ് രാജി വെച്ചത്. ഗൂഗിളിന്റെ ഏറ്റവും വലിയ എതിരാളിയായ ഓപ്പൺ എഐയിലേക്കാണ് നോം ഷസീർ പോയത്. രണ്ട് വർഷം മുൻപ് ഷസീറിനെ കമ്പനിയിലേക്കെത്തിക്കാൻ 2.7 ബില്യൺ ഡോളറാണ് ഗൂഗിൾ ചെലവാക്കിയത്. ഷസീർ സഹസ്ഥാപനക്കായിരുന്ന കാരക്ടർ എഐ എന്ന കമ്പനിയുമൊത്ത് 2024 ഓഗസ്റ്റിൽ ഗൂഗിൾ ഒരു പാർട്ണർഷിപ്പും ഉണ്ടാക്കിയിരുന്നു.

ഷസീറിന്റെ രാജിയുടെ ചൂടാറുന്നതിന് തൊട്ടുപിന്നാലെയാണ് അൽഫബറ്റിനെ തളർത്തി മറ്റൊരു രാജി ഉണ്ടാകുന്നത്. നൊബേൽ സമ്മാന ജേതാവായ ജോൺ ജംപർ ആണ് രാജിവെച്ചത്. ഗൂഗിളിന്റെ മറ്റൊരു എതിരാളിയായ ആന്ത്രോപിക്കിലേക്കാണ് അദ്ദേഹം പോയത്.

തങ്ങളുടെ പുതിയ ജെമിനി 3.5 ഫ്ലാഷ് മോഡൽ ലോഞ്ചിന്റെയും, ജെമിനി സ്പാർക്ക് എഐ ഏജന്റ് ലോഞ്ചിന്റെയും ചൂടാറും മുമ്പേയാണ് ഇരുവരുടെയും രാജി ഉണ്ടായിരിക്കുന്നത്. ആഴ്ചകൾക്ക് മുൻപ് തങ്ങളുടെ വാർഷിക ഡെവലപ്പർ കോൺഫറൻസിലാണ് അവ പുറത്തിറക്കിയത്.

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ ഒരു അഭിപ്രായപ്രകടനവും ഇത്തരം രാജികൾക്ക് കാരണമായിട്ടുണ്ട് എന്നാണ് കരുതുന്നത്. വാൾ സ്ട്രീറ്റ് ജേർണലിലെ ഒരു അഭിമുഖത്തിൽ ടെക് വ്യവസായത്തോട് എഐ ഭീമന്മാരെ ആശ്രയിക്കുന്നത് കുറയ്‌ക്കണമെന്നും എഐ വിപണി അതിവേഗം കച്ചവടവൽക്കരിക്കപ്പെടുകയാണെന്നും നദെല്ല അഭിപ്രായപ്പെട്ടിരുന്നു. ഇത് എഐ മേഖലയിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ആൽഫബെറ്റിന് നീക്കങ്ങൾക്ക് തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ.

Content Highlights: Alphabet, the parent company of Google, witnessed a massive decline in market value, losing approximately $270 billion after the resignation of two key executives. The company's stock price dropped by nearly 5%, marking its biggest single-year decline in valuation.

To advertise here,contact us