റിലയന്‍സ് ജിയോ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വന്തമായി ലോ എര്‍ത്ത് ഓര്‍ബിറ്റ് വഴി ബ്രോഡ്ബാന്‍ഡ് സേവനത്തിന് ഒരുങ്ങുന്നു. 1,600 മുതല്‍ 1,650 വരെ ലോ എര്‍ത്ത് ഓര്‍ബിറ്റ് (LEO) ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു കൊണ്ട് ബ്രോഡ്ബാന്‍ഡും ഡയറക്ട്-ടു-ഡിവൈസ് സേവനങ്ങളും നല്‍കാനാണ് പദ്ധതി.
ഏകദേശം 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലായിരിക്കും ഈ ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കുക. ഇതിനായുള്ള നിര്‍ദ്ദേശം ജിയോ ഇന്ത്യയുടെ ബഹിരാകാശ നിയന്ത്രണ ഏജന്‍സിയായ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന് ആന്‍ഡ് ഓതറൈസേഷന്‍ സെന്ററിന് സമര്‍പ്പിച്ചിട്ടുണ്ട്. ഉപഗ്രഹ ശൃംഖലയുടെ സാങ്കേതിക ഘടനയും ക്രമീകരണങ്ങളും നിലവില്‍ ഏജന്‍സി പരിശോധിച്ചു വരികയാണ്.
സ്റ്റാര്‍ലിങ്കിന് ഇന്ത്യന്‍ വെല്ലുവിളി
ഇന്ത്യന്‍ കമ്പനികളില്‍ ആദ്യമായാണ് ഒരു സ്ഥാപനം ലാഭകരമായ LEO ഉപഗ്രഹ മേഖലയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. നിലവില്‍ ഈ മേഖലയെ ആധിപത്യം പുലര്‍ത്തുന്നത് സ്റ്റാര്‍ലിങ്ക് ആണ്. ഇലോണ്‍ മസ്ക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്കിന് ഏകദേശം 10,000 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തുണ്ട്. ദേശീയ സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തില്‍ വിദേശ ഉപഗ്രഹ സേവനദാതാക്കളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ പല രാജ്യങ്ങളും ശ്രമിക്കുന്ന സാഹചര്യത്തിലാണ് ജിയോയുടെ ഈ നീക്കം ശ്രദ്ധേയമാകുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ
ഇന്ത്യന്‍ സ്ഥാപനമെന്ന നിലയില്‍ ജിയോയ്ക്ക് ഭ്രമണപഥ സ്ലോട്ടുകള്‍ ലഭ്യമാക്കാന്‍ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന് ഫയലിങുകളില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭാവിയില്‍ ഈ മേഖലയിലേക്ക് കടക്കാന്‍ താല്പര്യമുള്ള മറ്റ് ഇന്ത്യന്‍ കമ്പനികള്‍ക്കും സമാന പിന്തുണ ലഭിച്ചേക്കും.
വന്‍ നിക്ഷേപം ആവശ്യമായ പദ്ധതി
വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം ഇത്തരമൊരു ഉപഗ്രഹ ശൃംഖല സ്ഥാപിക്കാന്‍ 10 മുതല്‍ 15 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപം ആവശ്യമായി വരും. ഇതിലൂടെ നിരവധി ടെറാബിറ്റുകളുടെ ഡാറ്റാ ശേഷി സൃഷ്ടിക്കാനാകും. ജിയോയുടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ജിയോ പ്ലാറ്റ്ഫോംസ് എന്ന കമ്പനിയുടെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക.
ആമസോണ്‍ LEO (Project Kuiper) നിലവില്‍ 3,200ലധികം LEO ഉപഗ്രഹങ്ങള്‍ സ്ഥാപിക്കുന്ന പദ്ധതിയിലാണ്. ഇതിനകം 300ലധികം ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിയിട്ടുണ്ട്. ജിയോയ്ക്ക് ഇതിനകം തന്നെ മറ്റൊരു ഉപഗ്രഹ ശൃംഖലയായ എസ്ഇഎസുമായി സംയുക്ത സംരംഭമുണ്ടെങ്കിലും, എസ്ഇഎസിന്റെ ഉപഗ്രഹങ്ങള്‍ ജിയോസ്റ്റേഷനറിയും മീഡിയം എര്‍ത്ത് ഓര്‍ബിറ്റിലുമാണ് പ്രവര്‍ത്തിക്കുന്നത്. LEO മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നതോടെ ജിയോയ്ക്ക് സ്വന്തമായി ഈ രംഗത്ത് പ്രവേശനം ലഭിക്കും.
Content Highlights: Reliance Jio is planning to launch up to 1,650 low Earth orbit (LEO) satellites over the next two to three years, aiming to provide broadband and direct-to-device services while positioning India as a major player in the global satellite internet market and challenging established operators like Starlink