ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 8.25%; ഈ മാസം തന്നെ അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്‌തേക്കും

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പലിശ നിരക്ക് 8.25% ആയി നിലനിര്‍ത്തുന്നത്

2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) നിക്ഷേപങ്ങള്‍ക്ക് 8.25 ശതമാനം പലിശ നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ 7 കോടിയിലധികം ഇപിഎഫ്ഒ അംഗങ്ങളുടെ അക്കൗണ്ടുകളില്‍ ഈ മാസം തന്നെ പലിശ തുക ക്രെഡിറ്റ് ചെയ്‌തേക്കും. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പലിശ നിരക്ക് 8.25% ആയി നിലനിര്‍ത്തുന്നത്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നിശ്ചയിക്കുന്ന പലിശ നിരക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച ശേഷമാണ് അത് പ്രാബല്യത്തില്‍ വരുന്നത്. 2026 മാര്‍ച്ച് 2-ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അധ്യക്ഷനായ യോഗത്തില്‍ ഇപിഎഫ്ഓയുടെ പരമോന്നത തീരുമാനമെടുക്കുന്ന സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് 2025-26 വര്‍ഷത്തേക്കും 8.25 ശതമാനം പലിശ നിരക്ക് തുടരാന്‍ തീരുമാനിച്ചിരുന്നു.

ഈ മാസം തന്നെ അക്കൗണ്ടില്‍

ധനമന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതിനാല്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇപിഎഫ്ഓ ഈ മാസം തന്നെ അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് പലിശ തുക ക്രെഡിറ്റ് ചെയ്‌തേക്കും. പുതിയ ഡിജിറ്റല്‍ സംവിധാനത്തിന്റെ ഭാഗമായി പലിശ കണക്കാക്കല്‍ പൂര്‍ത്തിയായ ഉടന്‍ അത് അംഗങ്ങളുടെ അക്കൗണ്ടുകളില്‍ പ്രതിഫലിക്കുമെന്നും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

മുന്‍ വര്‍ഷങ്ങളിലെ പലിശ നിരക്കുകള്‍

2024-25 : 8.25%2023-24 : 8.25%2022-23 : 8.15%2021-22 : 8.10% (40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്ന്)2020-21 : 8.50%2019-20 : 8.50%2018-19 : 8.65%

എന്നിങ്ങനെയാണ്.

ഇപിഎഫ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് 8.25% വാര്‍ഷിക പലിശ ലഭിക്കുന്നതിനാല്‍ തൊഴിലാളികളുടെ വിരമിക്കല്‍ സമ്പാദ്യത്തില്‍ മികച്ച വളര്‍ച്ച ലഭിക്കും. രാജ്യത്തെ ഏറ്റവും ജനപ്രിയമായ ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലൊന്നാണ് ഇപിഎഫ്ഓ.

Content Highlights: The Government of India has approved an 8.25% interest rate on Employees' Provident Fund (EPF) deposits for FY 2025-26, with more than seven crore EPFO subscribers expected to receive the credited interest in their accounts this month

To advertise here,contact us