ദീര്‍ഘകാല നിക്ഷേപത്തിനായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന രണ്ട് മാര്‍ഗങ്ങളാണ് മ്യൂച്വല്‍ ഫണ്ട് എസ്ഐപിയും (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍) പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (പിപിഎഫ്). ചെറിയ തുകയോടെ തുടക്കം കുറിക്കാമെന്ന സൗകര്യവും കമ്പൗണ്ടിങ് (കൂട്ടുപലിശ) വഴി കൂടുതല്‍ പണം നേടാനുള്ള സാധ്യതയും കാരണം രണ്ട് രീതികള്‍ക്കും വലിയ ജനപ്രീതിയുണ്ട്. എന്നാല്‍ ദീര്‍ഘകാല നിക്ഷേപത്തില്‍ ഏതാണ് കൂടുതല്‍ നല്ലത് എന്ന ചോദ്യമാണ് നിക്ഷേപകരില്‍ നിന്ന് സാധാരണ ഉയരുന്നത്.
എസ്ഐപി എന്നത് മ്യൂച്വല്‍ ഫണ്ടുകളില്‍ സ്ഥിരമായി ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ്. ഇത് ഓഹരി വിപണിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ റിട്ടേണ്‍ സ്ഥിരമല്ല. വിപണി ഉയര്‍ന്നാല്‍ കൂടുതല്‍ ലാഭവും ഇടിഞ്ഞാല്‍ കുറഞ്ഞ വളര്‍ച്ചയോ നഷ്ടസാധ്യതയോ ഉണ്ടാകും. എന്നാല്‍ ദീര്‍ഘകാലയളവില്‍ ഇക്വിറ്റി എസ്ഐപികള്‍ സാധാരണയായി 10 മുതല്‍ 15 ശതമാനം വരെ വാര്‍ഷിക വരുമാനം നല്‍കുന്നുവെന്നാണ് കണക്ക്.
അതേസമയം പപിഎഫ് കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ള സുരക്ഷിത നിക്ഷേപ പദ്ധതിയാണ്. നിലവില്‍ പിപിഎഫ് പലിശനിരക്ക് 7.1 ശതമാനമാണ്. 15 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലാവധിയുള്ള ഈ പദ്ധതിയില്‍ നിക്ഷേപിച്ച തുകയും പലിശയും മെച്യൂരിറ്റി തുകയും മുഴുവനായും നികുതിയിളവിന് അര്‍ഹമാണ്. അതിനാല്‍ റിസ്ക് എടുക്കാന്‍ താല്പര്യമില്ലാത്ത നിക്ഷേപകര്‍ പ്രധാനമായും പിപിഎഫ് തിരഞ്ഞെടുക്കുന്നു.
പ്രതിമാസം 3,000 രൂപ വീതം എസ്ഐപിയില്‍ 15 വര്‍ഷം നിക്ഷേപിക്കുകയും ശരാശരി 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുകയും ചെയ്താല്‍ മെച്യൂരിറ്റി സമയത്ത് ഏകദേശം 15 ലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെ സമ്പാദിക്കാനാകും. ആകെ നിക്ഷേപം ഏകദേശം 5.4 ലക്ഷം മാത്രമായിരിക്കുമ്പോള്‍ കമ്പൗണ്ടിംഗിലൂടെ ഇരട്ടിയിലേറെ വളര്‍ച്ച നേടാനാകും.
അതേ സമയം, പിപിഎഫില്‍ മാസം 3,000 രൂപ വീതം നിക്ഷേപിച്ച് 7.1 ശതമാനം പലിശ ലഭിച്ചാല്‍ 15 വര്‍ഷത്തിന് ശേഷം ഏകദേശം 9 ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെയാണ് നേടാന്‍ കഴിയുക. എസ്ഐപിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറഞ്ഞ റിട്ടേണാണെങ്കിലും നിക്ഷേപം പൂര്‍ണ സുരക്ഷിതമാണെന്നതാണ് പ്രധാന നേട്ടം.
എസ്ഐപിയും പിപിഎഫും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം റിസ്കിലും റിട്ടേണിലുമാണ്. എസ്ഐപി കൂടുതല്‍ റിട്ടേണ്‍ നല്‍കാനുള്ള സാധ്യത നല്കുന്നുവെങ്കിലും വിപണിയിലെ ചാഞ്ചാട്ടം നേരിടേണ്ടിവരും. പിപിഎഫില്‍ വരുമാനം കുറഞ്ഞതായിരിക്കാം, പക്ഷേ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ളതിനാല്‍ നഷ്ടം സംഭവിക്കില്ല.
നികുതിയുടെ കാര്യത്തിലും ഇവ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പിപിഎഫില്‍ ലഭിക്കുന്ന പലിശയും മെച്യൂരിറ്റി തുകയും പൂര്‍ണമായും നികുതിയിളവിന് അര്‍ഹമാണ്. എന്നാല്‍ എസ്ഐപിയില്‍ ലഭിക്കുന്ന ലാഭത്തിന് നികുതി ബാധകമാകും. അതിനാല്‍ കൈവശം ലഭിക്കുന്ന തുക കുറയാന്‍ സാധ്യതയുണ്ട്.
സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലനുസരിച്ച്, ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യമെങ്കില്‍ എസ്ഐപി കൂടുതല്‍ അനുയോജ്യമാണ്. എന്നാല്‍ സുരക്ഷിതവും ഉറപ്പുള്ളതുമായ വരുമാനമാണ് ആവശ്യമെങ്കില്‍ പിപിഎഫ് മികച്ച മാര്‍ഗമാണ്. പല നിക്ഷേപകരും റിസ്കും സുരക്ഷയും ബാലന്‍സ് ചെയ്യുന്നതിനായി രണ്ട് രീതികളും ഒരുമിച്ച് ഉപയോഗിക്കുന്ന തന്ത്രമാണ് പിന്തുടരുന്നത്.
Content Highlights: Long-term wealth creation requires disciplined investing and careful financial planning. Among the most preferred investment options in India, mutual fund Systematic Investment Plans (SIPs) and the Public Provident Fund (PPF) remain popular choices for investors targeting long-term financial goals.