രൂപ ഇടിഞ്ഞ് ഇടിഞ്ഞ് ഇതെങ്ങോട്ട്? പ്രവാസികൾക്ക് വൻ നേട്ടം; നാട്ടിലേയ്ക്ക് ഇനി കൂടുതൽ പണമയക്കാം

മെയ് മാസത്തിൽ ഇതുവരെ ഏകദേശം 14,231 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ വീണ്ടും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വ്യാപാരത്തിന്റെ തുടക്ക ഘട്ടത്തിൽ തന്നെ ഒരു ഡോളറിന് 95.63 എന്ന ലെവൽ വരെ താഴ്ന്നതോടെയാണ് രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തിലെ അനിശ്ചിതത്വങ്ങളും ക്രൂഡ് ഓയിൽ വില വർധന ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളും കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

ഇന്ധനവില വർധന രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുന്നത് കൂടാതെ കമ്പനികളുടെ പ്രവർത്തന ലാഭത്തെ ബാധിക്കുകയും ഓഹരി വിപണിയിലെ അനിശ്ചിതത്വം കൂട്ടുകയും ചെയ്യും. എണ്ണ ഇറക്കുമതിയിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമായ ഇന്ത്യയ്ക്ക് വില വർധന കനത്ത പ്രഹരമേല്പിക്കും.

വിദേശ നിക്ഷേപകരുടെ പിൻവാങ്ങലാണ് രൂപയ്ക്ക് മേൽ സമ്മർദ്ദമുണ്ടാക്കുന്ന മറ്റൊരു കാരണം. മെയ് മാസത്തിൽ ഇതുവരെ ഏകദേശം 14,231 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്.

2026-ലെ കണക്ക് ഇങ്ങനെ

  • ജനുവരി: 35,962 കോടി
  • ഫെബ്രുവരി: 22,615 കോടിയുടെ നിക്ഷേപം
  • മാർച്ച്: 1,17,775 കോടി പിൻവലിക്കപ്പെട്ടു (പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ)
  • ഏപ്രിൽ: 60,847 കോടിയുടെ പിൻവലിക്കൽ

പ്രവാസികൾക്ക് നേട്ടം

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദിർഹം ഉൾപ്പെടെയുള്ളവയുടെ മൂല്യം ഉയർന്നിരിക്കുകയാണ്. ഇതോടെ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് പണം അയയ്ക്കുമ്പോൾ കൂടുതൽ രൂപ ലഭിക്കുന്ന സാഹചര്യം ഉടലെടുക്കും. ഉദാഹരണത്തിന്, ഇന്ത്യയിലേക്ക് പണം അയയ്ക്കുമ്പോൾ മുമ്പ് 1000 ഡോളറിന് 83,000 ആണ് കിട്ടിയിരുന്നതെങ്കിൽ ഇപ്പോൾ 1000 ഡോളറിന് 95,000 ആകും. അതെ ഡോളറിന് കൂടുതൽ രൂപ നാട്ടിൽ കിട്ടും. ദിർഹത്തെ സംബന്ധിച്ചിടത്തോളം മുൻപ് 1 യുഎഇ ദിർഹത്തിന് 22 മുതൽ 23 രൂപ വരെ ലഭിച്ചിരുന്നെങ്കിൽ, ഇപ്പോൾ 25 രൂപയിൽ കൂടുതലാണ്. അതായത്, ഒരേ ശമ്പളത്തിൽ നിന്നു നാട്ടിലേക്ക് കൂടുതൽ തുക അയയ്ക്കാൻ പ്രവാസികൾക്ക് കഴിക്കും.

  • മുൻപ് 1 ദിർഹം എന്നത് നാട്ടിലെ 22 രൂപ
  • 1,000 ദിർഹം : 22,000 രൂപ
  • രൂപ ദുർബലമായതോടെ, 1 ദിർഹം : 25 രൂപ
  • 1,000 ദിർഹം : 25,000 രൂപ
  • അധികമായി ലഭിക്കുന്നത്: 3,000 രൂപ

പ്രവാസികളെ സംബന്ധിച്ചിടത്തോളം ബാങ്ക് നിക്ഷേപങ്ങൾക്കും നിക്ഷേപ പദ്ധതികൾക്കും ഇനി കൂടുതൽ തുക വിനിയോഗിക്കാനാകും. ഭൂമി, വീട് തുടങ്ങിയ ആസ്തികളിൽ നിക്ഷേപിക്കാനും ഇത് അനുകൂല സാഹചര്യമാണ്.

വിദഗ്ദ്ധർ പറയുന്നത്

നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ പണപ്പെരുപ്പം വർധിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. രൂപയുടെ ഇടിവ് തുടർന്നാൽ ഇന്ധനവില, ഇറക്കുമതി ഉൽപ്പന്നങ്ങൾ, വിദേശ യാത്ര, വിദ്യാഭ്യാസ ചെലവ് തുടങ്ങിയ മേഖലകളിൽ നേരിട്ട് ആഘാതമുണ്ടാകാനിടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

Content Highlights:INR vs USD: Rupee drops to fresh record low of 95.63 in early trade

To advertise here,contact us