മുകേഷ് അംബാനിയുടെ കാമ്പ കോളയും പെപ്സിയും തമ്മില്‍ നിലനില്‍ക്കുന്ന മാർക്കറ്റ് യുദ്ധത്തില്‍ യഥാർത്ഥത്തില്‍ നേട്ടമുണ്ടാക്കുന്നത് മറ്റൊരു കൂട്ടരാണ്. അവരാണ് റെഫ്രിജറേറ്റർ കമ്പനികള്‍. ചെറിയ കടകളിലും ബേക്കറികളിലും മറ്റുമായി ഇരു കമ്പനികളും ചെറിയ റെഫ്രിജറേറ്ററുകളില്‍ തങ്ങളുടെ ഉത്പന്നം വെയ്ക്കാന്‍ മത്സരിക്കുന്നതോടെയാണ് കമ്പനികൾക്ക് കോളടിച്ചത്.
കോളകളും ജൂസുകളും മറ്റും വെയ്ക്കുന്ന റെഫ്രിജറേറ്ററുകൾക്ക് വന്‍ഡിമാന്‍ഡാണ് സമീപകാലത്ത് ഉണ്ടായിരിക്കുന്നത്. ഇരു കമ്പനികളും വ്യാപകമായ വിപുലീകരണ പ്രവർത്തനങ്ങളിലുമാണ്. വിപണി പിടിക്കുന്നതിന്റെ ഭാഗമായാണ് ഈ വിപുലീകരണം. ഇതിനായി മാർക്കറ്റിന്റെ മുക്കിലും മൂലയിലും തങ്ങളുടെ കോളകൾ ഇരു കമ്പനികളും എത്തിക്കേണ്ടതുണ്ട്. അതിനാലാണ് ചെറിയ കടകൾ, ബേക്കറികൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സ്ഥാപിക്കാനായി കമ്പനികൾ റെഫ്രിജറേറ്ററുകൾ വാങ്ങുന്നത്.
റെഫ്രിജറേറ്റർ വിഭാഗത്തിൽ ഒരു പ്രത്യേക തരംഗം തന്നെയുണ്ട് എന്നാണ് ബ്ലൂ സ്റ്റാർ കമ്പനിയുടെ പ്രതിനിധികളിൽ ഒരാളായ മോഹിത് സൂദ് പറയുന്നത്. വി സി കൂളർ ഉൾപ്പെട്ട ഇന്ത്യയുടെ വാണിജ്യ ഫ്രിഡ്ജ് വിപണിക്ക് ഇത് വലിയ മുതൽക്കൂട്ടാകും. അതേസമയം, ഈ വിപണി 2034 ആകുമ്പോഴേക്കും 3.9 ബില്യൺ ഡോളറായി വളരുമെന്നും അനുമാനമുണ്ട്.
സമീപകാലത്തെങ്ങും കാണാത്ത തരത്തിലുള്ള ഈ കോള യുദ്ധം ഇന്ത്യയിൽ ഇടക്കാലത്ത് പ്രചാരമില്ലാതിരുന്ന ഒരു മാർക്കറ്റിങ് തന്ത്രത്തെയാണ് ഉയർത്തെഴുന്നേൽപ്പിക്കുന്നത്. വിൽപ്പന വർധിപ്പിക്കുന്നതിനായി ഫ്രിഡ്ജ് നിയന്ത്രിക്കുക എന്നതാണ് ആ തന്ത്രം. ഇതുവരെ അമേരിക്കൻ സോഡാ ഭീമന്മാരായ പെപ്സി, കോക്ക് എന്നിവരായിരുന്നു ഇന്ത്യൻ മാർക്കറ്റ് ഭരിച്ചിരുന്നത്. എന്നാൽ മുകേഷ് അംബാനിയുടെ കാമ്പയുടെ വരവോടെ മത്സരം കടുത്തിരിക്കുകയാണ്.
ബ്ലൂ സ്റ്റാർ, ടാറ്റ ഗ്രൂപ്പിന്റെ വോൾട്ടാസ് ലിമിറ്റഡ്, ഹെയർ അപ്ലയൻസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റേൺ റഫ്രിജറേഷൻ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ ആഗോള കമ്പനികൾക്കാണ് ഈ മത്സരം നേട്ടമായത്. കടകളുടെയും സൂപ്പർമാർക്കറ്റുകളുടെയും മുൻപിൽ ഫ്രിഡ്ജിൽ ഇത്തരം ഡ്രിങ്കുകൾ പ്രദർശിപ്പിക്കുന്നത് ഉപഭോക്താക്കളെ ആകർഷിക്കാറുണ്ട്. ചെറുകിട കടകളും മറ്റും ഒരുപാടുള്ള ഇന്ത്യയിൽ ഇത്തരത്തിലുള്ള ചെറിയ ഫ്രിഡ്ജുകൾക്ക് വലിയ മാർക്കറ്റാണ്.
ഇന്ത്യയിലെ ഈ കോളവിപണി യുദ്ധം സമീപ കാലത്ത് റഫ്രിജറേറ്റർ നിർമ്മാതാകൾക്ക് വലിയ ഉണർവ് നൽകിയിട്ടുണ്ട്. എന്നാൽ ഇറാൻ യുദ്ധം മൂലമുള്ള അനിശ്ചിതത്വവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഇതിനെ പ്രതികൂലമായി ബാധിച്ചേക്കാം എന്നും നിരീക്ഷണമുണ്ട്. ഈ വർഷം ഇന്ത്യയിൽ വേനൽക്കാലം കൂടുതൽ ചൂടേറിയതും നീണ്ടുനിൽക്കുന്നതുമായിരിക്കും എന്ന പ്രവചനവും സോഫ്റ്റ് ഡ്രിങ്കുകളുടെ ആവശ്യകത വർധിപ്പിക്കും എന്നാണ് കണക്കുകൂട്ടൽ. ഇത് സോഫ്റ്റ് ഡ്രിങ്ക് നിർമാണ കമ്പനികളെ സംബന്ധിച്ച് ഒരു വലിയ സാധ്യതയാണ്. ഇതിനൊപ്പം തന്നെ ഫ്രിഡ്ജ് വിപണിയും വളരും എന്നാണ് കണക്കുകൂട്ടൽ.
Content Highlights: Mukesh Ambani’s Campa Cola and Pepsi are battling for retail space across India. The competition to place mini refrigerators in shops and bakeries is now driving growth in the commercial refrigerator market.