മോദിയെപ്പോലെ ഇന്ദിരഗാന്ധിയും സ്വർണം ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്തോ? സത്യാവസ്ഥ കണ്ടെത്തി ഫാക്ട് ചെക്കേഴ്സ്

ബിജെപി-സംഘപരിവാർ പ്രൊഫൈലുകളാണ് ഈ പത്രകട്ടിങ് വ്യാപകമായി പ്രചരിപ്പിച്ചത്

സ്വർണം ഉപയോഗിക്കുന്നത് കുറയ്ക്കണം, ഇന്ധന ഉപഭോഗം കുറയ്ക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശങ്ങൾ വലിയ ആശയക്കുഴപ്പത്തിനാണ് വഴിവെച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇത്തരത്തിൽ പറഞ്ഞത് എന്നുള്ള നിരവധി ചർച്ചകള്‍ സോഷ്യൽ മീഡിയയിൽ അടക്കം ഉണ്ടായിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് മറ്റൊരു ലോക്ക്ഡൗൺ ഉണ്ടാകാൻ പോകുന്നുണ്ടോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വരെ പരന്നു. എന്നാൽ അങ്ങനെയൊന്നും ഉണ്ടാകില്ല എന്നും പിന്നീട് വ്യക്തമായി.

എന്നാൽ പ്രധാനമന്ത്രിയുടെ ഈ പരാമർശത്തിന് പിന്നാലെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പേരിൽ വലിയ ഒരു പ്രചാരണം നടക്കുകയുണ്ടായി. ഇന്ദിര ഗാന്ധിയും സ്വർണം വാങ്ങരുത് എന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ആ പ്രചാരണം. സ്വർണം വാങ്ങരുത് എന്ന് ഇന്ദിര ആഹ്വാനം ചെയ്ത വാർത്തയുള്ള 'പത്രകട്ടിങ്' പങ്കുവെച്ചായിരുന്നു ഈ പ്രചാരണം. സ്വർണം വാങ്ങരുത് എന്നും നാഷണൽ ഡിസിപ്ലിൻ ഉണ്ടാകണമെന്നും ഇന്ദിര ആവശ്യപെപ്പടുന്നതായിരുന്നു 'വാർത്ത'. എന്നാൽ ഈ പ്രചാരണം സത്യമല്ല എന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

ബിജെപി-സംഘപരിവാർ പ്രൊഫൈലുകളാണ് ഈ പത്രകട്ടിങ് വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാൽ നിരവധി ഫാക്ക്ട് ചെക്കിങ് വെബ്‌സൈറ്റുകൾ നടത്തിയ പരിശോധനയിലാണ് പത്രകട്ടിങ് വ്യാജമെന്ന് കണ്ടെത്തിയത്. ഹിന്ദു പത്രത്തിന്റെ പേരിലാണ് പത്രകട്ടിങ് പുറത്തിറങ്ങിയത്. പത്രവും ഇത് തങ്ങളുടെ വാർത്ത അല്ലായിരുന്നുവെന്ന് തുറന്നുപറഞ്ഞു. ഇതോടെ സംഘപരിവാർ ഹാൻഡിലുകൾ നടത്തിയ ഒരു വ്യജപ്രചരണം പൊളിഞ്ഞിരിക്കുകയാണ്.

എന്താണ് മോദി പറഞ്ഞത്?

പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റം നേരിടാൻ ജനങ്ങൾക്ക് പുതിയ സമ്പത്തിക നയങ്ങൾ നിർദേശിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. ഹൈദരബാദിലെ ചടങ്ങിൽ പങ്കെടുക്കവേയാണ് മോദി പുതിയ ആശയങ്ങൾ പങ്കുവെച്ചത്.

രാജ്യത്തിൻ്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകൾ പരമാവധി ഒഴിവാക്കണം, പെട്രോൾ, ഡീസൽ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണം. കാർ പൂളിങ് പ്രോത്സാഹിപ്പിക്കണം, ചരക്കുനീക്കത്തിനായി റെയിൽവേയ്ക്ക് മുൻഗണന നൽകണം എന്നിങ്ങനെയായിരുന്നു മോദിയുടെ നിർദേശങ്ങൾ. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടണമെന്നും 'വർക്ക് ഫ്രം ഹോം' സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

കൂടാതെ, അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാത്ത സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രതയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണെന്ന് മോദി ചൂണ്ടിക്കാട്ടി. ദൈനംദിന ആവശ്യങ്ങൾക്കായി തദ്ദേശീയമായി നിർമിച്ച ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകാനും ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു.

കർഷകർ രാസവളങ്ങളുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കണമെന്നും ഡീസൽ പമ്പുകൾക്ക് പകരം സൗരോർജത്തിലേക്ക് മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആഗോള വിതരണ ശൃംഖലയിലുമുണ്ടായ തടസ്സങ്ങളും വിലക്കയറ്റവും നേരിടാൻ രാജ്യത്തിന് ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം ആവശ്യമാണെന്നും ഇതിനായി എല്ലാവരും സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.

Content Highlights: Fact checkers uncover the truth behind the viral paper cutting where indira gandhi told not to buy gold to indians

To advertise here,contact us