ഇന്ത്യൻ ഓഹരി വിപണിയിൽ ഐടി മേഖലക്ക് വീണ്ടും കനത്ത തിരിച്ചടി. നിഫ്റ്റി ഐടി സൂചിക 3.5 ശതമാനത്തിലേറെ ഇടിഞ്ഞു. ഇതോടെ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ലെവലിലേക്കാണ് സൂചിക കൂപ്പുകുത്തിയത്. ഓപ്പൺ എഐ നേരിട്ട് എന്റർപ്രൈസ് സേവന രംഗത്തേക്ക് കടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരികളിൽ വലിയ ഇടിവ് പ്രകടമായത്.
ഓപ്പൺ എഐ പുതിയ എഐ അടിസ്ഥാനമാക്കിയ സേവനങ്ങൾ കമ്പനികൾക്ക് നേരിട്ട് നൽകാൻ തയ്യാറെടുക്കുന്നതായാണ് പുറത്തു വരുന്ന വിവരം. ഇതോടെ പരമ്പരാഗത ഐടി ഔട്ട്സോഴ്സിംഗ് മോഡലിന് വലിയ സമ്മർദമുണ്ടാകുമോയെന്ന ആശങ്ക ശക്തമായി.ഇതിനു പുറമെ ദുർബലമായ പാദഫലങ്ങളും സമീപഭാവിയിലെ വളർച്ചയെക്കുറിച്ച് കമ്പനികള്‍ ജാഗ്രത പ്രകടിപ്പിച്ചതുമാണ് ഓഹരികളുടെ ഇടിവാണ് ആക്കം കൂട്ടിയത്.
ഐടി സേവനങ്ങളിലെ ആവശ്യകത കുറഞ്ഞേക്കുമെന്ന ആശങ്ക, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വേഗത്തിലുള്ള മാറ്റങ്ങൾ എന്നിവയെല്ലാം വെല്ലുവിളിയാണ്. ഐടി സേവനങ്ങൾക്കായി പണം ചെലവാക്കുന്നത് സംബന്ധിച്ച് മറ്റു കമ്പനികള്‍ പുനര്‍വിചിന്തനം നടത്തുന്നതും തീരുമാനങ്ങൾ എടുക്കുന്നത് സാവധാനമാക്കുന്നതുമെല്ലാം മേഖലയെ തളർത്തുകയാണ്.
നിര്‍മ്മിത ബുദ്ധി മേഖലയിലുണ്ടാകുന്ന വലിയ പരിവര്‍ത്തനങ്ങള്‍ പരമ്പരാഗതമായി ചെയ്തു വരുന്ന പ്രവര്‍ത്തനങ്ങളെ കാര്യമായി സമ്മർദത്തിലാക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കമ്പനികളുടെ വരുമാനം കുറഞ്ഞേക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സ്വാഭാവികമായും ഇത് നിക്ഷേപകരിൽ ആശങ്കയ്ക്ക് ഇട നൽകിയതോടെ വില്പനാ സമ്മർദ്ദവും കനത്തു.
ഐടി കമ്പനികൾ വർഷങ്ങളായി ചെയ്തുവരുന്ന കോഡിംഗ്, സപ്പോർട്ട്, ഓട്ടോമേഷൻ, ഡാറ്റ മാനേജ്മെന്റ് പോലുള്ള സേവനങ്ങളിൽ എഐ വേഗത്തിൽ കടന്നുകയറുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുറഞ്ഞ ചെലവിൽ കൂടുതൽ വേഗത്തിൽ എഐ സേവനങ്ങൾ ലഭ്യമാകുമ്പോൾ പഴയ രീതിയിലുള്ള സേവനങ്ങൾക്ക് ആവശ്യകത കുറയാമെന്ന ആശങ്ക വിപണിയിലുണ്ട്. അമേരിക്കൻ കമ്പനികൾ ടെക് ചെലവുകൾ നിയന്ത്രിക്കുന്നതും ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഇന്ത്യൻ ഐടി മേഖലയെ കൂടുതൽ ബാധിക്കുന്ന ഘടകങ്ങളായി മാറിയിരിക്കുകയാണ്.
യുഎസ് പലിശനിരക്കുകളെച്ചൊല്ലിയ അനിശ്ചിതത്വവും അമേരിക്കൻ വിപണികളിൽ ടെക് ചെലവുകൾ കുറയാനിടയുണ്ടെന്ന ആശങ്കയും ഇന്ത്യൻ ഐടി ഓഹരികൾക്ക് കൂടുതൽ സമ്മർദ്ദമുണ്ടാക്കി. ഇന്ത്യയിലെ ഐടി കമ്പനികളുടെ വരുമാനത്തിന്റെ വലിയൊരു പങ്കും അമേരിക്കൻ വിപണിയിൽ നിന്നുള്ളതിനാൽ ആഗോള സാമ്പത്തിക സാഹചര്യങ്ങൾ നേരിട്ട് ഈ മേഖലയെ ബാധിക്കുന്നുണ്ട്
ഇടിവ് ഇങ്ങനെ
ടാറ്റ കൺസൾട്ടൻസി സർവീസസ്, പെർസിസ്റ്റന്റ് സിസ്റ്റംസ്, എൽടിഐമൈൻഡ്ട്രീ തുടങ്ങിയ പ്രമുഖ ഐടി കമ്പനികളുടെ ഓഹരികൾ കനത്ത ഇടിവ് നേരിട്ടു. ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര എന്നിവയും 4 ശതമാനത്തോളം ഇടിഞ്ഞു. പല ഓഹരികളും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു.
Content Highlights :Shares of India’s top information technology services companies took another beating on Tuesday after artificial intelligence research giant OpenAI announced its entry into the software services business