ഔഡിയും ഫെറാറിയും ഇനി റോയല്‍ എന്‍ഫീല്‍ഡിന് പിന്നില്‍; ലോകത്തിലെ കരുത്തന്‍ ബ്രാന്‍ഡുകളില്‍ മൂന്നാമത്

റോയല്‍ എന്‍ഫീല്‍ഡിന്റെ ബ്രാന്‍ഡ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ് സ്‌കോര്‍ 100ല്‍ 88.9 ആണ്. കമ്പനിയുടെ ഓവറോള്‍ ബ്രാന്‍ഡ് വാല്യു 30 ശതമാനം ഉയര്‍ന്ന് 120 കോടി ഡോളറിലെത്തി

ലോകത്തിലെ കരുത്തുറ്റ മൂന്നാമത്തെ ഓട്ടോമോട്ടീവ് ബ്രാന്‍ഡായി മാറി റോയല്‍ എന്‍ഫീല്‍ഡ്. ഔഡി, ഫെറാറി തുടങ്ങിയ ലോകത്തിലെ വമ്പന്‍ വാഹന നിര്‍മാതാക്കളെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ബ്രാന്‍ഡ് ഫിനാന്‍സ് ഓട്ടോമോട്ടിവ് ഇന്‍ഡസ്ട്രി 2026 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം റോയല്‍ എന്‍ഫീല്‍ഡിന്റെ ബ്രാന്‍ഡ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ് സ്‌കോര്‍ 100ല്‍ 88.9 ആണ്. കമ്പനിയുടെ ഓവറോള്‍ ബ്രാന്‍ഡ് വാല്യു 30 ശതമാനം ഉയര്‍ന്ന് 120 കോടി ഡോളറിലെത്തി. ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് രാജയായ എന്‍ഫീല്‍ഡിനു മുന്നിലുള്ളത് ടൊയോട്ടയും ബിഎംഡബ്ല്യുവും മാത്രമാണ്.

റെട്രോ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് എന്നതില്‍നിന്ന് ഗ്ലോബല്‍ ലൈഫ്‌സ്റ്റൈല്‍ ആന്‍ഡ് ലെഷര്‍ മോട്ടോര്‍സൈക്ലിങ് എന്ന നിലയിലാണ് റോയല്‍ എന്‍ഫീല്‍ഡിനെ നിലവില്‍ ആഗോള വിപണിയില്‍ കാണുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദേശ വിപണിയിലും എന്‍ഫീല്‍ഡിന്റെ വാഹനങ്ങള്‍ എത്തുന്നുണ്ട്. നിലവില്‍ 80ലേറെ രാജ്യങ്ങളിലെ നിരത്തുകള്‍ എന്‍ഫീല്‍ഡ് കൈയടക്കി കഴിഞ്ഞു. ലോകവ്യാപകമായി 3200ലേറെ റീട്ടെയില്‍ ടച്ച്‌പോയിന്റുകളും ഏഴ് സികെഡി അസംബ്ലി ഫെസിലിറ്റികളുമാണ് കമ്പനിക്കുള്ളത്.

മറ്റു വാഹന നിര്‍മാതാക്കള്‍ പുതിയ ട്രെന്‍ഡ് തേടിപ്പോകുമ്പോഴും പെര്‍ഫോമന്‍സിനും സ്‌റ്റൈലിനുമാണ് ഇപ്പോഴും എന്‍ഫീല്‍ഡ് പ്രാധാന്യം നല്‍കുന്നത്. ഓടിക്കുന്നയാള്‍ക്ക് എക്കാലത്തും മികച്ച റൈഡിങ് എക്‌സ്പീരിയന്‍സ് നല്‍കുന്ന എല്‍ഫീല്‍ഡിന് ലോക വ്യാപകമായി വലിയ ആരാധകവൃന്ദമുണ്ട്. 1901ല്‍ യുകെയില്‍ സ്ഥാപിച്ച കമ്പനിയുടെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്.

അതേസമയം പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഇന്ത്യയുടെ സ്വന്തം ടാറ്റ മോട്ടോഴ്‌സുണ്ട്. ഇലക്ട്രിക് വാഹന വിപണിയിലെ ആധിപത്യവും ആഗോള വിപണിയിലേക്കുള്ള വ്യാപനവുമാണ് ടാറ്റയ്ക്ക് തുണയായത്. ഔഡിയും ഫെറാറിയും യഥാക്രമം നാലും ആറും സ്ഥാനങ്ങളിലാണ്. മഹിന്ദ്ര 25-ാം സ്ഥാനത്തും മാരുതി സുസുക്കി 34-ാമതുമാണുള്ളത്.

Content Highlights: Royal Enfield has emerged as the world's third-strongest automotive brand in the Brand Finance Automotive Industry 2026 report, outperforming global giants like Audi and Ferrari and highlighting India's growing automotive influence.

To advertise here,contact us