ജിയോ ഐപിഒയിൽ വമ്പൻ ട്വിസ്റ്റ്; നിക്ഷേപകർക്ക് സർപ്രൈസുമായി റിലയൻസ് ഇൻഡസ്ട്രീസ്

പുതിയ ക്രമീകരണപ്രകാരം ഐപിഒ വഴി സമാഹരിക്കുന്ന മുഴുവൻ തുകയും നേരിട്ട് ജിയോ പ്ലാറ്റ്ഫോംസിലേക്ക് തന്നെ എത്തും

റിലയൻസ് ഇൻഡസ്ട്രീസ് ടെലികോം, ഡിജിറ്റൽ വിഭാഗമായ ജിയോ ഐപിഒ സംബന്ധിച്ച് നിർണായക മാറ്റങ്ങളാണ് പുറത്തുവരുന്നത്. മുൻപ് നിശ്ചയിച്ചിരുന്ന ഓഫർ ഫോർ സെയിൽ (OFS) മാതൃക കമ്പനി ഒഴിവാക്കി. ഐപിഒ പൂർണമായും “ഫ്രഷ് ഇഷ്യൂ ” ആയി നടത്താനാണ് കമ്പനി ഇപ്പോൾ ആലോചിക്കുന്നത്. മൂല്യനിർണയവുമായി ബന്ധപ്പെട്ട് നിക്ഷേപകരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെതുടർന്നാണ് പുതിയ മാറ്റം. മുൻ പദ്ധതിപ്രകാരം നിലവിലെ നിക്ഷേപകർ അവരുടെ ഓഹരികളുടെ ഒരു വിഹിതം വിറ്റഴിക്കാനായിരുന്നു തീരുമാനം.

പുതിയ ക്രമീകരണപ്രകാരം ഐപിഒ വഴി സമാഹരിക്കുന്ന മുഴുവൻ തുകയും നേരിട്ട് ജിയോ പ്ലാറ്റ്‌ഫോംസിലേക്ക് തന്നെ എത്തും. അതായത് നിലവിലെ നിക്ഷേപകർക്ക് പണം ലഭിക്കുന്ന ഒഎഫ്എസ് മോഡലിന് പകരം, കമ്പനിയ്ക്ക് പുതിയ മൂലധനം ലഭിക്കുന്ന രീതിയിലാകും ഓഹരി വിൽപ്പന.രണ്ട് പതിറ്റാണ്ടിനിടെ റിലയൻസിന് കീഴിൽ വരുന്ന സുപ്രധാന പ്രാഥമിക ഓഹരി വിൽപ്പനയാണ് വരാൻ പോകുന്നത്. ജിയോ ഐപിഒ ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് ഇഷ്യൂകളിലൊന്നാകുമെന്നാണ് വിപണി വിലയിരുത്തൽ.

ഏകദേശം 40,000 കോടി മുതൽ 50,000 കോടി വരെയായിരിക്കും ഐപിഒ യിലൂടെ കമ്പനി സമാഹരിക്കുക എന്നാണ് ബ്രോക്കറേജുകളുടെ കണക്ക്. ഐപിഒ നടപടികൾക്കായി റിലയൻസ് ഇതിനോടകം തന്നെ 19 ബാങ്കുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ഗോൾഡ്മാൻ സാക്‌സ്, എച്ച്എസ്ബിസി ഹോൾഡിങ്‌സ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

Content Highlights : Reliance may offer all new shares in Jio IPO in major U-turn: Report

To advertise here,contact us