സ്വർണ വിപണിയിൽ മോദി ഇഫക്ട്: കൂപ്പുകുത്തി ജ്വല്ലറി ഓഹരികൾ; 11 ശതമാനത്തിലധികം തകർച്ച

ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തന്നെ തുടരുന്നതിനാൽ വർധിച്ചുവരുന്ന ഇറക്കുമതി ചെലവാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ആശങ്ക

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ മാർഗനിർദ്ദേശങ്ങൾ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക ആഹ്വാനം വലിയ രീതിയിൽ ചർച്ചചെയ്യപ്പെടുകയാണ്. സ്വർണ വിപണിയേയും ജ്വല്ലറി ഓഹരികളേയും വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ് പ്രഖ്യാപനം. ഹൈദരാബാദിൽ നടന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി ഒരു വർഷത്തേക്ക് അനാവശ്യ സ്വർണ വാങ്ങലുകളും വിദേശ യാത്രകളും ഒഴിവാക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

പശ്ചിമേഷ്യൻ സംഘർഷവും ഉയരുന്ന ക്രൂഡ് ഓയിൽ വിലയും ഇന്ത്യയുടെ സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഈ പ്രസ്താവന വന്നതോടെ ജ്വല്ലറി കമ്പനികളുടെ ഓഹരികൾ വിപണിയിൽ കനത്ത ഇടിവ് നേരിട്ടു. വ്യാപാരം ആരംഭിച്ചപ്പോൾ മുതൽ ഓഹരികളൊട്ടാകെ വില്പനാ സമ്മർദ്ദത്തിലേയ്ക്ക് നീങ്ങി എന്ന് മാത്രമല്ല തിരിച്ചു വരവിന്റെ ഒരു സൂചനകളും പ്രകടമാക്കിയില്ല.

ഇടിവ് ഇങ്ങനെ

  • ടൈറ്റൻ കമ്പനി ഓഹരികൾ ഏകദേശം 7% വരെ ഇടിഞ്ഞു
  • സെൻകോ ഗോൾഡ്, കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 8%-11% വരെ ഇടിഞ്ഞു
  • തങ്കമയിൽ ജ്വലറി 7 ശതമാനത്തോളം ഇടിവ്
  • പിസി ജ്വല്ലർ, ഇടിവ് 5 ശതമാനത്തോളം ഇടിഞ്ഞു

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഏകദേശം 72 ബില്യൺ ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്തത്. ഇത് രാജ്യത്തിന്റെ മൊത്തം ഇറക്കുമതി ചെലവിന്റെ വലിയൊരു ഭാഗമാണ്. സ്വർണ ഇറക്കുമതി ഉയരുമ്പോൾ രാജ്യത്ത് നിന്ന് കൂടുതൽ ഡോളർ പുറത്തേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകുന്നു. അതോടൊപ്പം ഉയർന്ന ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവും ചേർന്നാൽ രൂപയ്ക്ക് കൂടുതൽ സമ്മർദ്ദമുണ്ടാകുകയും വിദേശനാണയ ശേഖരത്തിന് തിരിച്ചടിയാകുകയും ചെയ്യും.

ഈ സാഹചര്യത്തിലാണ് സ്വർണ വാങ്ങൽ കുറയ്ക്കുക, അനാവശ്യ വിദേശ യാത്രകൾ ഒഴിവാക്കുക, ഇന്ധന ഉപയോഗം നിയന്ത്രിക്കുക തുടങ്ങിയ നിർദേശങ്ങൾ പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. കൂടാതെ ഉപഭോഗം കുറക്കാൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഉയർത്തുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് കേന്ദ്രസർക്കാർ നീങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തന്നെ തുടരുന്നതിനാൽ വർധിച്ചുവരുന്ന ഇറക്കുമതി ചെലവാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ആശങ്ക.സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ സ്വർണ ഇറക്കുമതി പ്രത്യേക ശ്രദ്ധ നേടാറുണ്ട്. പ്രധാനമന്ത്രിയുടെ പരാമർശത്തിന്റെയും ഇന്ന് ആഭരണ കമ്പനികളുടെ ഓഹരികളിൽ കണ്ട കനത്ത ഇടിവിന്റെയും പിന്നിലെ വലിയ സാമ്പത്തിക സന്ദേശവും ഇത് തന്നെയാണ്.

Content Highlights : Titan, Senco Gold, Kalyan Jewellers shares fall up to 10% on Monday; Key factors explained

To advertise here,contact us