രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സ്വര്‍ണ ഉപഭോഗമുള്പ്പെടെ നിയന്ത്രിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ജ്വല്ലറി മേഖലയില്‍ പ്രതിസന്ധി. ആളുകള്‍ സ്വര്‍ണം വാങ്ങുന്നത് കുറഞ്ഞതിനൊപ്പം വിറ്റഴിക്കാനും എത്തിയതോടെ ജ്വല്ലറി ഉടമകള്‍ ആശങ്കയിലായിരിക്കുകയാണ്. രാജ്യാന്തര വിപണിയിലെ ആശങ്കകള്‍ക്കിടെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. അതിനിടെ സ്വര്‍ണം വാങ്ങരുതെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചതോടെ ഓഹരികളിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി.
ഈ സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തുകയല്ല ചെയ്യേണ്ടതെന്നും പകരം ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണം പുനരുപയോഗത്തിന് സാധ്യമാകുന്ന രീതിയില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊള്ളണമെന്നും കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. രാജ്യത്ത് ബുള്ളിയന്‍ ബാങ്ക് രൂപീകരിച്ച് നിയമപരവും വ്യവസ്ഥാപിതമായ രീതിയില്‍ അനാവശ്യ സ്വര്‍ണ്ണ ഇറക്കുമതി ഗണ്യമായി കുറയ്ക്കാനും, വിദേശനാണ്യം ലാഭിക്കാനും, അതേ സമയം ആഭരണ ആവാസവ്യവസ്ഥയിലുടനീളം ബിസിനസ് തുടര്‍ച്ചയും തൊഴിലും ഉറപ്പാക്കാനും ഇന്ത്യയ്ക്ക് കഴിയും.
ഇന്ത്യയില്‍ സ്വര്‍ണ്ണം വെറും ആഭരണം മാത്രമല്ല. അത് സമ്പാദ്യം, സുരക്ഷ, സംസ്കാരം, സ്ത്രീ ശാക്തീകരണം, തൊഴില്‍ എന്നിവയുമായെല്ലാം ബന്ധപ്പെട്ട് കിടക്കുന്ന ഒരു സാമ്പത്തിക ആവാസവ്യവസ്ഥയാണ്. സ്വര്‍ണം വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുക എന്നതാണ് തങ്ങളുടെ നിലപാട് എന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് അറിയിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് മാസമായി സ്വര്‍ണവിലയില്‍ വന്‍ മാറ്റങ്ങളാണ് ഉണ്ടായത്. ഒന്നര ലക്ഷത്തിനടുത്തെത്തിയ സ്വര്‍ണവില ഏതാനും ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം സൃഷ്ടിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയും വിതരണ ശൃംഖലയിലെ തടസങ്ങളും മറികടക്കാന്‍ രാജ്യത്തെ ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. സ്വര്‍ണം വാങ്ങുന്നത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. ഡോളര്‍ രാജ്യത്തിനു പുറത്തേക്ക് ഒഴുകുമ്പോള്‍ അത് രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമാകുന്നു. ഇത് രാജ്യത്ത് പണപ്പെരുപ്പ നിരക്കുയരാനും നിത്യോപയോഗ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വിലക്കയറ്റം അനുഭവപ്പെടാനും കാരണമാകും.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുത്തനെ ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ചെലവു ചുരുക്കല്‍ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയത്. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള സമ്പദ് വ്യവസ്ഥയെ ഒന്നാകെ ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിലിന്റെ വില ഏതാനും ആഴ്ചകള്‍ക്കിടെ ബാരലിന് 70 ഡോളറില്‍നിന്ന് 126 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടാതെ, ഉപയോഗം നിയന്ത്രിക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് തുടര്‍ന്നാല്‍, അത് വ്യാപാരക്കമ്മിക്ക് കാരണമായേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കാനായി മുമ്പും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തുക, സോവെറിന്‍ ഗോള്‍ഡ് ബോണ്ട് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികളാണ് മുമ്പ് സ്വീകരിച്ചിരുന്നത്. എണ്ണവില ഉയര്‍ന്നതിനു പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ രൂപ റെക്കോഡ് ഇടിവ് രേഖപ്പെടുത്തിയിരുന്നു.
Content Highlights: Prime Minister’s call to curb gold consumption triggers fresh concerns in India’s jewellery sector amid falling demand and volatile gold prices