എല്ലാ മാസവും 10,000 രൂപ വരുമാനം വേണോ ? എത്ര രൂപ FDയിൽ നിക്ഷേപിക്കണം?

ബാങ്കുകൾ മുതിർന്ന പൗരൻമാർക്കും, 80 വയസിനു മുകളിൽ പ്രായമുള്ള സൂപ്പർ സീനിയർ സിറ്റിസൺസിനും കൂടുതൽ പലിശ നൽകാറുണ്ട്

സ്ഥിരമായ മാസവരുമാനം ആഗ്രഹിക്കുന്നവർക്കിടയിൽ ഫിക്ക്സഡ് ഡെപ്പോസിറ്റ് (FD) വീണ്ടും ശ്രദ്ധ നേടുകയാണ്. പ്രത്യേകിച്ച് വിരമിച്ചവർക്കും റിസ്ക് എടുക്കാൻ താല്പര്യമില്ലാത്ത നിക്ഷേപകർക്കും എഫ്ഡി ഇപ്പോഴും സുരക്ഷിതമായൊരു മാർഗമായി തുടരുകയാണ്. മാസം 10,000 രൂപ പലിശ വരുമാനം ലഭിക്കണമെങ്കിൽ എത്ര രൂപ നിക്ഷേപിക്കണം എന്നതാണ് പലരുടെയും ചോദ്യം.

പലിശ നിരക്കുകളാണ് ഫിക്ക്സഡ് ഡെപ്പോസിറ്റ് വരുമാനം നിർണയിക്കുന്നത്. അതിനാൽ തന്നെ നിലവിൽ ഏറ്റവും മികച്ച പലിശ നിരക്ക് ഉറപ്പുനൽകുന്ന ബാങ്കിൽ തന്നെ നിക്ഷേപിക്കുക എന്നതാണ് ഏറ്റവും മികച്ച ഓപ്ഷൻ. ബാങ്കുകൾ മുതിർന്ന പൗരൻമാർക്കും, 80 വയസിനു മുകളിൽ പ്രായമുള്ള സൂപ്പർ സീനിയർ സിറ്റിസൺസിനും കൂടുതൽ പലിശ നൽകാറുണ്ട്.

ബാങ്കുകളുടെ നിലവിലെ പലിശനിരക്കുകൾ ഏകദേശം 6% മുതൽ 8% വരെയാണ്. ഈ നിരക്കുകൾ അടിസ്ഥാനമാക്കി കണക്കാക്കുമ്പോൾ, 7% വാർഷിക പലിശ ലഭിക്കുന്ന ഒരു എഫ്ഡിയിൽ നിന്ന് മാസം 10,000 നേടാൻ ഏകദേശം 17 -18 ലക്ഷം വരെ നിക്ഷേപിക്കേണ്ടി വരും.

ഉദാഹരണത്തിന്, 17 ലക്ഷം 7% പലിശയ്ക്ക് ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടാൽ വാർഷിക പലിശ 1.19 ലക്ഷം ലഭിക്കും. അതായത് മാസം ഏകദേശം 9,900 മുതൽ 10,000 വരെ വരുമാനം. അതേസമയം എഫ്ഡിയിൽ നിന്നുള്ള പലിശ പൂർണമായും കൈയിൽ ലഭിക്കില്ലെന്ന കാര്യവും ശ്രദ്ധിക്കണം. പലിശ വരുമാനത്തിന് നികുതി ബാധകമാണ്. ഒരു സാമ്പത്തിക വർഷത്തിൽ നിശ്ചിത പരിധിക്ക് മുകളിൽ പലിശ ലഭിക്കുമ്പോൾ ടിഡിഎസ് ഈടാക്കും.

പാൻ വിവരങ്ങൾ നൽകിയില്ലെങ്കിൽ കൂടുതൽ ടിഡിഎസ് ബാധകമാകാനും സാധ്യതയുണ്ട്. ഹ്രസ്വ കാലത്തേക്ക് മാസവരുമാനം ആവശ്യമായവർ നോൺ-ക്യൂമുലേറ്റിവ് എഫ്ഡി തിരഞ്ഞെടുക്കുന്നതാണ് നല്ലത് . ഇതിൽ പലിശ ഓരോ മാസവും അക്കൗണ്ടിലേക്ക് ലഭിക്കും. എന്നാൽ ദീർഘകാല വളർച്ച ലക്ഷ്യമിടുന്നവർ ക്യൂമുലേറ്റിവ് എഫ്ഡി തിരഞ്ഞെടുക്കുമ്പോൾ കോംപൗണ്ടിങ് ഗുണം ലഭിക്കുകയും മച്യുരിറ്റി തുക ഉയരുകയും ചെയ്യും.മുഴുവൻ പണവും എഫ്ഡിയിൽ മാത്രം നിക്ഷേപിക്കുന്നതിന് പകരം എസ്ഐപി ഡെറ്റ് ഫണ്ട് തുടങ്ങിയവ ചേർത്ത് ബാലൻസ്ഡ് പോർട്ടഫോളിയോ ഉണ്ടാക്കുന്നതാണ് നല്ലതെന്നാണ് ധനകാര്യ വിദഗ്ധർ പറയുന്നത്. കാരണം, ദീർഘകാലത്ത് പണപ്പെരുപ്പം കാരണം എഫ്ഡിയുടെ യഥാർത്ഥ റിട്ടേൺസ് കുറയാൻ സാധ്യതയുണ്ട്.

Content Highlights: Planning an FD? Here’s how much you need to invest to earn ₹10,000 monthly interest

To advertise here,contact us