തമിഴ്നാട്ടില്‍ മുഖ്യമന്ത്രി പദത്തില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയ് അധികാരമേല്‍ക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ടിവികെയുടെ വിജയം വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറുന്നതിനിടെ, വിജയ്യേക്കാള് ഒമ്പത് മടങ്ങ് അധികം സമ്പത്തുള്ള മറ്റൊരു എംഎല്‍എയുടെ ആസ്തി വിവരങ്ങള്‍ വൈറലാകുകയാണ്. തിരുച്ചിറപ്പള്ളി ജില്ലയിലെ ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്ന് ജയിച്ച എഐഎഡിഎംകെയുടെ ലീമ റോസ് മാര്ട്ടിനാണത്. ഡെമോക്രാറ്റിക് റിഫോംസ് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം തമിഴ്നാട് നിയമസഭയിലെ ഏറ്റവും ധനികയായ എംഎല്‍എ ആണവര്.
ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യയാണ് ലീമ റോസ്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്മൂലത്തില്‍ 5,863 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. മാര്‍ട്ടിന്റെ സ്വത്തുവിവരം കൂടി ഉള്‍പ്പെടുത്തിയാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.139 കോടി രൂപയുടെ ജംഗമ വസ്തുക്കളും 910 കോടി രൂപയുടെ സ്ഥാവര വസ്തുക്കളുമാണ് അവരുടെ പേരിലുള്ളത്. തെരഞ്ഞെടുപ്പ് കമീഷന് നല്കിയ സത്യവാങ്മൂലം പ്രകാരം രണ്ടാമതുള്ള നടന് വിജയിയുടെ ആകെ ആസ്തി ഏകദേശം 648 കോടിയാണ്. ലീമ റോസ് നല്കിയ സത്യവാങ്മൂലം പ്രകാരം അവരുടെ മൊത്തം ആസ്തി വിജയിയുടെ സമ്പത്തിനെക്കാള്‍ ഏകദേശം 9 മടങ്ങ് അധികമാണെന്ന് കാണാം.
ഗണ്യമായ അളവില്‍ സ്വര്‍ണ്ണാഭരണങ്ങളും വിലപിടിപ്പുള്ള വജ്രശേഖരവും ലീമ റോസിനുണ്ട്. 19.233 കിലോഗ്രാം സ്വര്‍ണവും 1217 കാരറ്റ് വജ്രവും സ്വന്തമായുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 131.81 കിലോ വെള്ളി, 32 ഗ്രാം പ്ലാറ്റിനം എന്നിവയും ആസ്തിയില്‍ ഉള്‍പ്പെടുന്നു. കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകളുടെ വലിയ ശേഖരം തന്നെ ഇവര്‍ക്കുണ്ട്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും അയല്‍ സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ഭൂസ്വത്തും കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ വ്യാപാര സ്ഥാപനങ്ങളിലും ബോണ്ടുകളിലുമായി വലിയ തുക നിക്ഷേപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ 60,795 വോട്ടുകള്‍ നേടിയ ലീമ റോസ്, ടിവികെയുടെ കെ പി കൃഷ്ണനെതിരെ 2,739 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
ചെന്നൈയിലെ വില്ലിവാക്കം മണ്ഡലത്തില്‍നിന്ന് ജയിച്ച ടിവികെയുടെ ആധവ് അര്‍ജുനയാണ് സമ്പത്തില്‍ മൂന്നാമതുള്ളത്. 535 കോടിയാണ് അര്‍ജുനയുടെ ആസ്തി. ലീമ റോസിന്റെ മരുമകനാണ് അര്ജുനയെന്നതും ശ്രദ്ധേയമാണ്. പുതുച്ചേരിയിലെ കാമരാജ് നഗറില്‍നിന്ന് ലച്ചിയ ജനനായക കക്ഷി (എല്‍ജെകെ) സ്ഥാനാര്‍ത്ഥിയായി വിജയിച്ച ജോസ് ചാള്‍സ് മാര്ട്ടിന് ലീമയുടെ മകനാണ്.
കേരളത്തിലെ സിക്കിം ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട ബിസിനസുകാരനാണ് സാന്റിയാഗോ മാര്ട്ടിന്. സിക്കിം സര്‍ക്കാര്‍ ലോട്ടറികള്‍ കേരളത്തില്‍ വിറ്റതുമായി ബന്ധപ്പെട്ട് 900 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നതാണ് പ്രധാന ആരോപണം. കള്ളപ്പണം വെളുപ്പിച്ചെന്നു കാണിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാര്‍ട്ടിന്റെ 1,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. വില്ക്കാത്ത ടിക്കറ്റുകള്‍ക്ക് സമ്മാനം നല്‍കുക, സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ പണം നല്കി വാങ്ങി കള്ളപ്പണം വെളുപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ മാര്ട്ടിന് ഏകദേശം 15,000 കോടി രൂപയുടെ വിറ്റുവരവ് നടത്തിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇലക്ടറല്‍ ബോണ്ട് വിവാദങ്ങളിലും മാര്‍ട്ടിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്.
Content Highlights: Leema Rose, the All India Anna Dravida Munnetra Kazhagam (AIADMK) Member of Legislative Assembly (MLA) from Lalgudi constituency is the richest candidate in the the Tamil Nadu assembly, a report compiled by Association for Democratic Reforms.