കേരളത്തില്‍ ഒരു ദശാബ്ദത്തിന് ശേഷം വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ് യുഡിഎഫ്. 102 സീറ്റുകളാണ് യുഡിഎഫ് നേടിയത്. തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ വിജയികളില്‍ 93 പേരും കോടീശ്വരന്മാരാണ്. 201 ല്‍ വെറും 75 പേരായിരുന്നതാണ് ഇപ്പോള്‍ 93 ആയി ഉയര്‍ന്നിരിക്കുന്നത്.
റെജി ചെറിയാനാണ് പുതിയ നിയമസഭയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എ. ആലപ്പുഴ ജില്ലയിലെ കുട്ടനാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച അദ്ദേഹത്തിനുള്ളത് 218 കോടി രൂപയുടെ ആസ്തിയാണ്.
മുന്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവായിരുന്ന റെജി ചെറിയാന് 2024-ല്‍ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2026 നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍സിപി - എസ്പിയുടെ സിറ്റിംഗ് എംഎല്‍എ തോമസ് കെ തോമസിനെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. റെജി ചെറിയാന്റെ ആസ്തിയുടെ വലിയ പങ്കും സ്ഥാവര സ്വത്തുകളാണ്. 210.05 കോടി രൂപ മൂല്യമുള്ള ഭൂമിയും കെട്ടിടങ്ങളുമാണ് അദ്ദേഹത്തിന്റെ പ്രധാന സമ്പത്ത്. ഇതില്‍ 200 കോടി രൂപ വിലമതിക്കുന്ന വാണിജ്യ കെട്ടിടങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ കാര്‍ഷിക-കാര്‍ഷികേതര ഭൂമികളും നിരവധി വീടുകളും വാണിജ്യ സ്വത്തുകളും അദ്ദേഹത്തിനുണ്ട്. മറ്റ് സ്വത്തുകളായി 8.91 കോടി രൂപയോളം ആസ്തിയുണ്ട്. 6 കോടി രൂപയിലധികം ബാങ്ക് നിക്ഷേപങ്ങളും ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ആലപ്പുഴയുടെ ബാക്ക്വാട്ടര്‍ മേഖലയായ കുട്ടനാട്ടില്‍ പ്രവര്‍ത്തിക്കുന്ന റെജി ചെറിയാന് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ബിസിനസ് താല്പര്യമുള്ള വ്യക്തിയായി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തില്‍ ഹൗസ്ബോട്ടുകളും സ്പീഡ്ബോട്ടുകളും ഉള്‍പ്പെട്ട വലിയ ബോട്ട് ശേഖരവും പരാമര്‍ശിച്ചിട്ടുണ്ട്.
ജംഗമ സ്വത്തുകളുടെ ആകെ മൂല്യം 11.45 കോടി രൂപയാണ്. ഇതില്‍ 3 കോടി രൂപ വിദേശ ആസ്തികളാണ്. 50,000 രൂപ പണമായി കൈവശമുണ്ടെന്നും, വിവിധ ബാങ്ക് അക്കൗണ്ടുകളും ഫിക്സഡ് ഡെപ്പോസിറ്റുകളും ഉള്‍പ്പെടെ 6.07 കോടിയിലധികം രൂപ ബാങ്ക് നിക്ഷേപങ്ങളുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ വാഹന-ബോട്ട് ശേഖരത്തിന്റെ മൂല്യം 2.02 കോടി രൂപയാണ്. 37 ലക്ഷം രൂപ വിലവരുന്ന ലാന്‍ഡ് റോവറും 15 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെന്‍സ് കാറുകളും, ജെസിബി, ട്രാക്ടര്‍, ടാങ്കര്‍ എന്നിവയും ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.
അദ്ദേഹത്തിന് പിന്നാലെ 111 കോടി രൂപയോളം ആസ്തിയുമായി രാജീവ് ചന്ദ്രശേഖര്‍ രണ്ടാം സ്ഥാനത്തുണ്ട്. അദ്ദേഹത്തിന്റെ സ്വത്തിന്റെ ഭൂരിഭാഗവും, 78.81 കോടി രൂപയുടേത് ജംഗമ ആസ്തികളാണ്. 15 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ഭാര്യയ്ക്ക് 18.10 കോടി രൂപയുടെ ജംഗമ ആസ്തികളുമുണ്ട്, സ്ഥാവര സ്വത്തുക്കളൊന്നുമില്ല.
മുസ്ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടിയാണ് തൊട്ടടുത്ത സ്ഥാനത്തുള്ളത്. ആകെ 3.04 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. സ്ഥാവര സ്വത്ത് മാത്രം 2.36 കോടി രൂപയും ജംഗമ ആസ്തി 67.99 ലക്ഷം രൂപയുമാണ്. ഭാര്യയുടെ മൊത്തം സ്വത്ത്, കുടുംബത്തിന്റെ മൊത്തം ആസ്തി എന്നിങ്ങനെ 4.20 കോടി രൂപ കൂടി അദ്ദേഹത്തിന്റെ ആസ്തിയായി കണക്കാക്കപ്പെടുന്നു.
Content Highlights: Reji Cheriyan emerged as Kerala’s richest MLA with ₹218 crore in assets, while 93 of winning candidates are crorepatis