എസ്ബിഐയുടെ അറ്റാദായം വര്‍ധിച്ചു, നിക്ഷേപകര്‍ക്ക് ലാഭവിഹിതം കിട്ടും; ഓഹരിയില്‍ ഇടിവ്

നിക്ഷേപകര്‍ക്ക് ഓഹരിയൊന്നിന് 17.35 രൂപ വീതം ലാഭവിഹിതം നല്‍കും. അര്‍ഹരായവരുടെ അക്കൗണ്ടിലേക്ക് ജൂണ്‍ 4ന് ഡിവിഡന്റ് വിതരണം ചെയ്യും

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 2026 ജനുവരി - മാര്‍ച്ച് ത്രൈമാസ കാലയളവിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു. മാര്‍ച്ച് പാദത്തില്‍ എസ്ബിഐയുടെ ലാഭം 19,684 കോടി രൂപയും വരുമാനം 44,380 കോടി രൂപയും വീതമാണ്. ബാങ്കിന്റെ ലാഭത്തിലും പലിശ വരുമാനത്തിലും വാര്‍ഷിക വര്‍ധന കാണിക്കുന്നുണ്ടെങ്കിലും പാദാനുപാദത്തില്‍ ഇടിവ് രേഖപ്പെടുത്തി.

നിക്ഷേപകര്‍ക്ക് ഓഹരിയൊന്നിന് 17.35 രൂപ വീതം ലാഭവിഹിതം നല്‍കും. അര്‍ഹരായ നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് ജൂണ്‍ 4ന് ഡിവിഡന്റ് വിതരണം ചെയ്യും. മ2025-26 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളും ബാങ്ക് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം 2025-26ല്‍ എസ്ബിഐ നേടിയ മൊത്തം ലാഭം 80,032 കോടി രൂപയാണ്.

മാര്‍ച്ച് പാദഫലം

ലാഭം: ബാങ്കിന്റെ മുഖ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭം മാര്‍ച്ച് പാദത്തില്‍ 19,684 കോടി രൂപയായി രേഖപ്പെടുത്തി. ഇതില്‍ വാര്‍ഷികമായി 5.6% വര്‍ധനയുണ്ടെങ്കിലും പാദാനുപാദത്തില്‍ 6.4% ഇടിവ് നേരിട്ടു. 2025 മാര്‍ച്ച് പാദത്തിലെ എസ്.ബി.ഐയുടെ ലാഭം 18,642 കോടി രൂപയും 2025 ഡിസംബര്‍ പാദത്തിലെ ലാഭം 21,028 കോടി രൂപയുമായിരുന്നു.

അറ്റ പലിശ വരുമാനം: മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ എസ്ബിഐ നേടിയ അറ്റ പലിശ വരുമാനം 44,380 കോടിയാണ്. ഇത് വാര്‍ഷികമായി 4.13% വര്‍ധനവാണെങ്കിലും പാദാനുപാദത്തില്‍ നോക്കിയാല്‍ 1.35% ഇടിവ് രേഖപ്പെടുത്തുന്നു. അതുപോലെ അറ്റ പലിശ മാര്‍ജിന്‍ 2.93 ശതമാനത്തിലേക്ക് താഴ്ന്നു. ഇത് വാര്‍ഷികമായി 0.21 ശതമാനം ഇടിവ് കുറിച്ചു.

മൊത്തം വായ്പ: എസ്.ബി.ഐ വിതരണം ചെയ്ത മൊത്തം വായ്പ 16.87 ശതമാനം വാര്‍ഷിക വര്‍ധനയോടെ 49,32,627 കോടി രൂപയായി. ഇതില്‍ കോര്‍പറേറ്റ് ലോണുകള്‍ 14,24,589 കോടിയും (വാര്‍ഷിക വര്‍ധന 14.83%) ഭവന വായ്പ 9,44,210 കോടിയും (വാര്‍ഷിക വര്‍ധന 13.66%) വീതമാണ്.

മൊത്തം നിക്ഷേപം: മാര്‍ച്ച് പാദത്തിനൊടുവില്‍ എസ്.ബി.ഐയിലുള്ള മൊത്തം നിക്ഷേപം 59,75,642 കോടി രൂപയാണ്. വാര്‍ഷികമായി 11.03 ശതമാനവും പാദാനുപാദത്തില്‍ 4.81 ശതമാനം വീതവും വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ബാങ്കിന്റെ കറന്റ് അക്കൗണ്ട് - സേവിങ്‌സ് അക്കൗണ്ട് അനുപാതം 39.46 ശതമാനമാണ്.

അസറ്റ് ക്വാളിറ്റി: മാര്‍ച്ച് പാദത്തിനുശേഷം എസ്.ബി.ഐയുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 73,452 കോടി രൂപയിലേക്ക് താഴ്ന്നു. വാര്‍ഷികമായി 4.46% ഇടിവാണ് നിഷ്‌ക്രിയ ആസ്തിയില്‍ രേഖപ്പെടുത്താന്‍ കഴിഞ്ഞത്. ഇതോടെ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി അനുപാതം 1.49 ശതമാനത്തിലേക്ക് താഴ്ന്നു നില മെച്ചപ്പെടുത്താന്‍ സാധിച്ചു. അതേസമയം അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) 18,830 കോടി രൂപയിലേക്ക് കുറഞ്ഞു. ഇത് വാര്‍ഷികമായി 4.25% ഇടിവ് കാണിക്കുന്നുവെങ്കിലും ഡിസംബര്‍ പാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ 4.54% വര്‍ധന കാണിക്കുന്നു.

ഓഹരിയില്‍ ഇടിവ്

വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ എസ്ബിഐ ഓഹരിയില്‍ വന്‍ ഇടിവ് നേരിട്ടു. ഏഴ് ശതമാനം താഴ്ന്ന് 1,018 രൂപയിലാണ് ബാങ്ക് ഓഹരി ക്ലോസ് ചെയ്തത്. മാര്‍ച്ച് പാദത്തില്‍ എസ്ബിഐയുടെ പാദഫലം വിപണിയുടെ പ്രതീക്ഷകളെ പൂര്‍ണമായും തൃപ്തിപ്പെടുത്തിയില്ല. അനലിസ്റ്റുകളുടെ പ്രവചനവുമായി ഒത്തുനോക്കുമ്പോഴും ബാങ്ക് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. പ്രധാനമായും ലാഭ മാര്‍ജിനിലും പ്രവര്‍ത്തന ലാഭത്തിലും നേരിടുന്ന സമ്മര്‍ദമാണ് വിപണി കണക്കിലെടുത്തത്. നിലവില്‍ എസ്ബിഐ ഓഹരിയുടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വിലനിലവാരം 1,235 രൂപയും താഴ്ന്ന വില 756 രൂപയുമാണ്.

Content Highlights: Shares of State Bank of India (SBI) plunged nearly 7% on Thursday after the country’s largest lender reported weaker-than-expected Q4 earnings, with pressure on treasury income overshadowing otherwise stable core banking performance.

To advertise here,contact us