പശ്ചിമേഷ്യൻ പ്രതിസന്ധികളും എയർലൈൻ കമ്പനികളുടെ സർവീസ് നിയന്ത്രണങ്ങളും നിലനിൽക്കെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) തുടർച്ചയായി നാലാം സാമ്പത്തിക വർഷവും ഒരു കോടിയിലധികം യാത്രക്കാർ എന്ന ശ്രദ്ധേയ നേട്ടം കൈവരിച്ചു.2025-26 സാമ്പത്തിക വർഷത്തിൽ ആകെ 1,14,42,583 യാത്രക്കാരാണ് സിയാൽ വഴി യാത്ര ചെയ്തത്.
73,134 വിമാന സർവീസുകളും ഈ കാലയളവിൽ രേഖപ്പെടുത്തി. ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളിൽ മികച്ച വളർച്ചയാണ് സിയാൽ രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 54 ലക്ഷത്തിനുമുകളിലും ആഭ്യന്തര യാത്രക്കാരുടെ എണ്ണം 60 ലക്ഷത്തിനുമുകളിലും എത്തി.
2025 മെയ് മാസത്തിലാണ് യാത്രക്കാരുടെ എണ്ണം ഏറ്റവും അധികം രേഖപ്പെടുത്തിയത്. മെയ്യിൽ മാത്രം 11 ലക്ഷത്തിലധികം യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. അന്താരാഷ്ട്ര വിമാന സർവീസുകൾ 31,505ഉം ആഭ്യന്തര സർവീസുകൾ 41,629ഉം ആയി.2025ന്റെ രണ്ടാം പാദത്തിൽ ചില എയർലൈൻ കമ്പനികൾ നേരിട്ട പ്രവർത്തന പ്രതിസന്ധികളും 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷങ്ങളും അന്താരാഷ്ട്ര വ്യോമഗതാഗതത്തെ ബാധിച്ചിരുന്നുവെങ്കിലും സിയാൽ 2.2 ശതമാനം യാത്രക്കാരുടെ വളർച്ച കൈവരിച്ചതായി അധികൃതർ അറിയിച്ചു.
‘സിയാൽ 2.0’ നവീകരണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ അടിസ്ഥാന സൗകര്യ വികസനങ്ങളും സാങ്കേതിക സേവനങ്ങളുമാണ് വളർച്ചയ്ക്ക് കരുത്തായതെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് വ്യക്തമാക്കി.
Content HIghlights : CIAL crosses 10 million passengers for 4th year