ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. 100നു മുകളില്‍ സീറ്റ് നേടാനായത് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും ഇരട്ടി മധുരമായി. തെരഞ്ഞെടുപ്പിന് മുമ്പ് ഇലക്ഷന് കമ്മീഷനു നല്കിയ സത്യവാങ്മൂലത്തില്‍ വി ഡി സതീശനും കുടുംബത്തിനും 1.22 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. പറവൂരില്‍ നിന്ന് മത്സരിച്ച വി ഡി സതീശന് നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞ സ്വത്തുവിവരങ്ങള്‍ നോക്കാം.
വി ഡി സതീശനും, ഭാര്യ ലക്ഷ്മിപ്രിയയ്ക്കും ആകെ 1,22,27,760 രൂപയുടെ നിക്ഷേപമാണുള്ളത്. സതീശന്റെ പേരില്‍ ബാങ്ക് നിക്ഷേപമായി 53,82,286 രൂപയും, ഭാര്യയുടെ പേരില്‍ 68,45,474 രൂപയുടെ നിക്ഷേപവുമുണ്ട്. വി ഡി സതീശന്റെ കൈവശം 64,000 രൂപയും, ഭാര്യയുടെ പക്കല്‍ 9,000 രൂപയുമാണുള്ളത്. 25,000 രൂപയുടെ ബാങ്ക് ഓഹരിയും, 35 ഗ്രാം സ്വര്‍ണവും സതീശന്റെ പക്കലുണ്ട്.
വീടും സ്ഥലവും അടക്കം 2,42,63,816 രൂപ മൂല്യമുള്ള സ്ഥാവര വസ്തുക്കള്‍ വി ഡി സതീശന്റെ പേരിലുണ്ട്. പറവൂരിലുള്ള 30 സെന്റ് സ്ഥലം, ജന്മദേശമായ നെട്ടൂരിലുള്ള 33.5 സെന്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഭാര്യയുടെ കൈവശം 1,128 ഗ്രാം സ്വര്‍ണവും, മകള്‍ ഉണ്ണിമായയുടെ പേരില്‍ 9,61,000 രൂപയുടെ കാറുമുണ്ട്. സതീശന്റെ ഭാര്യയ്ക്ക് പൈതൃക സ്വത്തായി ലഭിച്ച 1,85,27,520 രൂപ മൂല്യം വരുന്ന ഭൂമിയുണ്ട്.
ബാധ്യത 24 ലക്ഷം
മകളുടെ പേരില്‍ വാങ്ങിയ കാറിന്റെ ലോണ്‍ 11,71,316 രൂപയാണ്. മറ്റ് കടങ്ങള്‍ ഉള്‍പ്പെടെ ആകെ 24,00,635 രൂപയുടെ ബാധ്യതയാണ് വി ഡി സതീശനുള്ളത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് 17,45,000 രൂപയുടെ ബാധ്യതയുമുണ്ട്. വിവിധ കോടതികളിലായി 18 കേസുകളാണ് സതീശന്റെ പേരിലുള്ളത്.
Content Highlights: VD Satheesan net worth; VD Satheesan wealth details - check here