ഒല ഇലക്ട്രിക്ക് ഓഹരികൾ കഴിഞ്ഞ ഒരു മാസത്തിനിടെ മുന്നേറിയത് 60%. ഏപ്രിൽ മാസത്തിലെ വിൽപ്പനയിൽ 20% വർധനവാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. ഇതോടെ ഓഹരികൾ തിരിച്ചു വരവിന് തയ്യാറെടുക്കുമോ എന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
പ്രതീക്ഷ നൽകി വില്പന
ഏപ്രിൽ മാസത്തിൽ 20 ശതമാനം വർധനയോടെ 12,166 യൂണിറ്റുകളാണ് ഒല വിറ്റത്. രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി മുൻ മാസത്തേക്കാൾ 22 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോഴാണിത് എന്നതും ശ്രദ്ധേയമാണ്. ഏപ്രിലിൽ മികച്ച വിൽപന സ്വന്തമാക്കിയ ഒരേയൊരു ബ്രാൻഡ് ഒലയാണെന്നും കമ്പനി പറയുന്നു.
ഇലക്ട്രിക് മോട്ടോർസൈക്കിൾ വിഭാഗത്തിൽ, പ്രത്യേകിച്ച് റോഡ്സ്റ്റർ മോഡലുകൾക്ക് വിപണികളിൽ മികച്ച സ്വീകാര്യത ലഭിക്കുന്നതും വളർച്ചയ്ക്ക് സഹായകമായതായി കമ്പനി വ്യക്തമാക്കുന്നു. തദ്ദേശീയമായി വികസിപ്പിച്ച ഭാരത് 4680 ഭാരത് സെൽ ടെക്നോളജി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾക്കും ആവശ്യകത ഉയരുന്നുണ്ട്. ഇതിനു പുറമെ സർവീസ് സെന്ററുകളുടെ പ്രവർത്തനം വിപുലീകരിച്ചത്, ഉപഭോക്താക്കളുടെ വിശ്വാസം തിരിച്ചു പിടിച്ചത് തുടങ്ങിയവ വിൽപന വർധിക്കാനുള്ള കാരണങ്ങളായി കമ്പനി വിലയിരുത്തുന്നുണ്ട്. കൂടാതെ ക്രൂഡ് ഓയിൽ പ്രതിസന്ധിക്കിടെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന തുടർന്നും വർധിക്കാനാണ് സാധ്യതയെന്നും ഒല പറയുന്നു.
വിദഗ്ദ്ധർ പറയുന്നത്
സർവീസ് ക്വാളിറ്റി പ്രശ്നങ്ങളും പ്രവർത്തന ദൗർബല്യങ്ങളും ഒലയ്ക്ക് തിരിച്ചടിയായത് നിക്ഷേപകരുടെ വിശ്വാസത്തെ ബാധിച്ചിരുന്നുവെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. വരാനിരിക്കുന്ന മാസങ്ങളിലും തുടർച്ചയായ ഉയർന്ന വിൽപ്പനയാണ് ഈ മുന്നേറ്റം സ്ഥിരതയാർജിക്കുമോ എന്ന് തീരുമാനിക്കുക.ശക്തമായ വിൽപ്പന വളർച്ച ഓഹരികൾക്ക് പിന്തുണ നൽകുന്നുണ്ടെങ്കിലും, ഈ റാലി ദീർഘകാലം തുടരണമെങ്കിൽ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുകയും ഉപഭോക്താക്കളുടെ വിശ്വാസം നിലനിൽക്കുകയും വേണം.
2024 ഓഗസ്റ്റ് ഒമ്പതിനാണ് ഓഹരിയൊന്നിന് 76 രൂപ നിരക്കിൽ ഒല ഇലക്ട്രിക്ക് മൊബിലിറ്റി വിപണിയിൽ ലിസ്റ്റ് ചെയ്തത്. പിന്നാലെ ഓഹരി റെക്കോർഡ് നിലയായ 133.08 രൂപയിലെത്തി. എന്നാൽ വിൽപന കുറഞ്ഞതും വിൽപനാനന്തര സേവനങ്ങളിലെ പോരായ്മകളും മറ്റ് കമ്പനികൾ പുതു മോഡലുകളുമായി കളം നിറഞ്ഞതും ഓഹരിക്ക് തിരിച്ചടിയായി. മാർച്ച് 16ന് ഓഹരി സർവകാല താഴ്ചയായ 22.25 രൂപയിലെത്തി.
Content Highlights :Up 60% in a month! Ola Electric shares to be in focus next week on 20% growth in April sales