തട്ടിപ്പ് തടയാന്‍ ഇടപാടുകള്‍ വൈകിപ്പിക്കുന്നത് 'അമിത നടപടി'; ആര്‍ബിഐ നിര്‍ദേശം തിരിച്ചടിയാകുമെന്ന് ആശങ്ക

ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് നിര്‍ദേശമെങ്കിലും തത്സമയ ഇടപാട് എന്ന വലിയ ആശയത്തിനാകും ഇതു തിരിച്ചടിയാവുക

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനായി ഉയര്‍ന്ന തുകയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ സമയപരിധി ഏര്‍പ്പെടുത്തണമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നിര്‍ദ്ദേശത്തിനെതിരെ ബാങ്കിങ്, ഫിന്‍ടെക് മേഖലകളില്‍നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നു. ആര്‍ബിഐ മുന്നോട്ടുവെച്ചിട്ടുള്ള ഡിസ്സഷന്‍ പേപ്പറില്‍ പറയുന്ന രീതിയില്‍ 10,000 രൂപയ്ക്കു മുകളില്‍, യുപിഐ അടക്കമുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഒരു മണിക്കൂര്‍ കാത്തിരിപ്പുസമയമാണ് പറയുന്നത്. ഇതിലൂടെ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇടപാട് റദ്ദാക്കാന്‍ ഉപഭോക്താവിന് സമയം ലഭിക്കുമെന്ന് ആര്‍ബിഐ കരുതുന്നു. എന്നാല്‍ നിര്‍ദേശം അതേപടി നടപ്പായാല്‍ പണം സ്വീകരിക്കുന്നവര്‍ക്ക് അതു ലഭിക്കാന്‍ ഒരു മണിക്കൂര്‍ കാത്തിരിക്കേണ്ടി വരും. ഇത് ഡിജിറ്റല്‍ ഇടപാടുകളില്‍ വലിയ തടസ്സങ്ങള്‍ക്കു കാരണമായേക്കാം.

ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് നിര്‍ദേശമെങ്കിലും തത്സമയ ഇടപാട് എന്ന വലിയ ആശയത്തിനാകും ഇതു തിരിച്ചടിയാവുക. 2024-25 സാമ്പത്തിക വര്‍ഷം 35,000 കോടി രൂപയുടെ സാമ്പ ത്തികത്തട്ടിപ്പുകളാണ് നടന്നത്. ഇതില്‍ കൂടുതലും ഇരയാക്കപ്പെട്ടത് മുതിര്‍ന്ന പൗരരാണ്. ഡിജിറ്റല്‍ തട്ടിപ്പുകളില്‍ 99 ശതമാനവും 10,000 രൂപയ്ക്കു മുകളില്‍ വരുന്നതായതിനാലാണ് നിയന്ത്രണത്തിനുള്ള തുകയുടെ പരിധി 10,000 രൂപയായി നിശ്ചയിച്ചത്. എന്നാല്‍, നിയന്ത്രണം വരുന്നത് ഡിജിറ്റല്‍ ഇടപാട് മേഖലയെ ഒന്നാകെ ശിക്ഷിക്കുന്ന പോലെയാകുമെന്ന് ബാങ്കിങ് രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു. തത്സമയ ഇടപാട് എന്നതിന് പിന്നീട് പ്രസക്തിയുണ്ടാകില്ല.

തത്സമയ ഇടപാടുകള്‍ നടക്കുന്നതാണ് യു.പി.ഐ. ഉള്‍പ്പെടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തിന്റെ വിജയം. തീരുമാനം പ്രാബല്യത്തിലായാല്‍ വലിയ തുകയുടെ ഇടപാടുകളില്‍ പണം ലഭിക്കേണ്ടവര്‍ക്ക് അത് കിട്ടിയോ എന്നുറപ്പിക്കാന്‍ കാത്തിരിക്കണം. അയക്കുന്നവര്‍ക്കും ആശങ്ക സ്വാഭാവികമായുമുണ്ടാകും. എല്ലാ തരത്തിലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കും പുതിയ നിബന്ധനകള്‍ ബാധകമാകുമെങ്കിലും ഐഎംപിഎസ്, നെഫ്റ്റ് പോ ലുള്ളവയ്ക്ക് നിലവില്‍ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടുതന്നെ യുപിഐ ഇടപാടുകളെയാകും ഇത് കൂടുതല്‍ ബാധിക്കുക. വിശ്വസ്തരായ ഇടപാടുകാരെ ചേര്‍ക്കാന്‍ സംവിധാനമുണ്ടന്ന് പറയുന്നുണ്ടെങ്കിലും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. യുപിഐയുടെ ജനകീയ സ്വഭാവത്തെ തന്നെ ഇതു ബാധിച്ചേക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അവതരിപ്പിച്ച് പത്തുവര്‍ഷം പിന്നിട്ട യുപി.ഐ പേയ്മെന്റ് സംവിധാനത്തില്‍ 338 ശതമാനം വരെ വ്യക്തികള്‍ തമ്മിലാണ് ഇടപാടുകള്‍. മൂല്യത്തില്‍ 60 ശതമാനം വരെയും ഇത്തരത്തിലുള്ളതാണ്. തട്ടിപ്പുകളുണ്ടാകുന്നുണ്ടെങ്കില്‍ തടയാന്‍ മറ്റു വഴികള്‍ തേടുകയാണ് വേണ്ടതെന്നും പൊതുവില്‍ അഭിപ്രായമുയര്‍ ന്നിട്ടുണ്ട്. മാത്രമല്ല, ഡിജിറ്റല്‍ അറസ്റ്റ്, നിക്ഷേപങ്ങളുടെ പേരിലുള്ള തട്ടിപ്പ് എന്നിവയ്ക്ക് ഉപഭോക്താക്കളെ വിശ്വസിപ്പിക്കാന്‍ തന്നെ തട്ടിപ്പുകാര്‍ക്ക് ദിവസങ്ങള്‍ വേണ്ടിവന്നേക്കാം. ഇതിനിടയില്‍ അക്കൗണ്ട് വിശ്വസ്തരുടെ ഗണത്തിലാക്കിയാല്‍ ഈ നിയന്ത്രണങ്ങള്‍ നിഷ്ഫലമാകുമെന്ന ന്യൂനതയുമുണ്ട്. ഡിസ്സഷന്‍ പേപ്പറില്‍ ബാങ്കുകളും ഫിന്‍ടെക് കമ്പനി കളുമുള്‍പ്പെടെ ഈ ആശങ്കകള്‍ ആര്‍ബിഐയെ അറിയിക്കുമെന്നാണ് സൂചന. ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍കൂടി സ്വരൂപിച്ചുകൊണ്ടാകും ആര്‍ബിഐ അന്തിമ തീരുമാനം കൈക്കൊള്ളുക.

തട്ടിപ്പുകള്‍ തടയാന്‍ സമയപരിധി ഏര്‍പ്പെടുത്തുന്നതിന് പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് തട്ടിപ്പുകള്‍ മുന്‍കൂട്ടി കണ്ടെത്തുകയാണ് വേണ്ടതെന്ന് ഫിന്‍ടെക് കമ്പനികള്‍ നിര്‍ദേശിക്കുന്നു. അസ്വാഭാവിക ഇടപാടുകള്‍ തിരിച്ചറിയാന്‍ ശക്തമായ മോണിറ്ററിങ് സംവിധാനങ്ങളാണ് ആവശ്യമെന്നും അവര്‍ പറയുന്നു. ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ആര്‍ബിഐ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നതെങ്കിലും, അത് ഡിജിറ്റല്‍ പണമിടപാട് രംഗത്ത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് സാമ്പത്തിക മേഖലയിലെ വിദഗ്ധരുടെ പൊതു അഭിപ്രായം.

Content Highlights: RBI proposal on delayed UPI transactions could disrupt digital payments, say bankers

To advertise here,contact us