മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ എസ്യുവി, കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് എന്നിവയുടെ വില വര്‍ധിപ്പിക്കുന്നു. നിലവിലെ വിലയില്‍ 2.5 ശതമാനം വരെ വര്‍ധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മോഡലുകള്‍ക്ക് ശരാശരി 1.6 ശതമാനം വില വര്‍ധനയുണ്ടാകും. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ 6 മുതല്‍ പ്രാബല്യത്തില്‍ വരും. ഉല്പാദന ചെലവിലുണ്ടായ വര്‍ധനയാണ് വില കൂട്ടാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.
മഹീന്ദ്ര നിലവില്‍ വില്‍ക്കുന്ന 13 മോഡലുകളില്‍ 12 എണ്ണത്തിനും വില വര്‍ധന ബാധകമാകും. അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര XUV 7XO മോഡലിനെ താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഈ എസ്യുവിയുടെ ആദ്യ 40,000 ബുക്കിങ്ങുകള്‍ക്ക് പഴയ വില തന്നെ തുടരുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു. നിലവില്‍ 13.66 ലക്ഷം മുതല്‍ 25.07 ലക്ഷം രൂപ വരെയാണ് XUV 7XOയുടെ എക്സ്-ഷോറൂം വില.ആദ്യ 40,000 ബുക്കിങ്ങുകള്‍ പൂര്‍ത്തിയാകുന്നതോടെ ഈ മോഡലിനും വില വര്‍ധന ബാധകമാകും.
വില കൂടുന്നവ
ബൊലേറോ പിക്കപ്പ്, ജീറ്റോ, സുപ്രോ തുടങ്ങിയ കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കും വില കൂടുമെന്ന് ചില റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്. വര്‍ധിച്ചുവരുന്ന നിര്‍മാണ ചെലവുകള്‍ നേരിടുന്നതിനായി ടാറ്റ മോട്ടോഴ്സ് ഉള്‍പ്പെടെ മറ്റ് പ്രമുഖ നിര്‍മാതാക്കളും നേരത്തെ വില വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മഹീന്ദ്രയും സമാന തീരുമാനവുമായി രംഗത്തെത്തിയത്. ഓരോ മോഡലിനും എത്ര രൂപ വീതം വര്‍ധിക്കുമെന്ന കൃത്യമായ കണക്കുകള്‍ കമ്പനി വരും ദിവസങ്ങളില്‍ പുറത്തുവിടും.
ടാറ്റയുടെ പ്രമുഖ മോഡലുകളായ നെക്സോണ്‍, സിയറ, ഹാരിയര്‍ തുടങ്ങിയ വാഹനങ്ങള്‍ക്കെല്ലാം ഏപ്രില്‍ ഒന്നിന് പുതുക്കിയ വിലയിലാണ് വില്‍ക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളെ വില വര്‍ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മെഴ്സിഡസ് ബെന്‍സ്, ഔഡി തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളും ഏപ്രില്‍ മുതല്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
Content Highlights: Mahindra hikes SUV, CV prices up to 2.5% from April 6, XUV 7XO spared