പറ്റിച്ചത് 200 പേര്‍ ചേര്‍ന്ന്, പണയം വെച്ചത് മുക്കുപണ്ടം, ഐസിഐസിഐ ബാങ്കില്‍ കോടികളുടെ വെട്ടിപ്പ്

ലോണ്‍ തുക തിരിച്ചടയ്ക്കാതെ വന്നതോടെ പണയം വെച്ച ആഭരണങ്ങള്‍ ലേലം ചെയ്യാനായി പുറത്തെടുത്തപ്പോഴാണ് അധികൃതര്‍ ഞെട്ടിയത്.

സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ കണ്ണുവെട്ടിച്ച് മുക്കുപണ്ടം പണയം വെച്ച് കോടികള്‍ തട്ടിയെടുത്തു. ഏകദേശം 200-ഓളം അക്കൗണ്ട് ഉടമകള്‍ ചേര്‍ന്നാണ് ബാങ്കിനെ കബളിപ്പിച്ചത്. ബാങ്കിന്‌റെ നാഗ്പൂര്‍ ശാഖയിലാണ് സംഭവം. എന്നാല്‍ ഏറ്റവും വിചിത്രമായ കാര്യം, ഈ തട്ടിപ്പ് നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ബാങ്ക് അധികൃതര്‍ വിവരം തിരിച്ചറിയുന്നത് എന്നതാണ്.

നടന്നത് വന്‍ ആസൂത്രണം

സാധാരണ ഗതിയില്‍ ബാങ്കുകളില്‍ സ്വര്‍ണ്ണം പണയം വെക്കുമ്പോള്‍ കൃത്യമായ പരിശോധനകള്‍ നടക്കാറുണ്ട്. എന്നാല്‍ ഇവിടെ ഇത്രയധികം പേര്‍ക്ക് എങ്ങനെ മുക്കുപണ്ടം പണയം വെക്കാന്‍ സാധിച്ചു എന്നത് ദുരൂഹമാണ്. ഇതിന് പിന്നില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെയോ അല്ലെങ്കില്‍ സ്വര്‍ണം പരിശോധിക്കുന്ന അപ്രൈസറുടെയോ സഹായം ഉണ്ടായിട്ടുണ്ടാകാം എന്നാണ് പ്രാഥമിക നിഗമനം.

രണ്ട് വര്‍ഷത്തെ മൗനം

രണ്ട് വര്‍ഷം മുന്‍പാണ് ഈ സ്വര്‍ണ്ണപ്പണയങ്ങള്‍ നടന്നത്. ലോണ്‍ തുക തിരിച്ചടയ്ക്കാതെ വന്നതോടെ പണയം വെച്ച ആഭരണങ്ങള്‍ ലേലം ചെയ്യാനായി പുറത്തെടുത്തപ്പോഴാണ് അധികൃതര്‍ ഞെട്ടിയത്. മിന്നിത്തിളങ്ങുന്ന സ്വര്‍ണ്ണത്തിന് പകരം ഉള്ളില്‍ വെറും ചെമ്പും മറ്റ് ലോഹങ്ങളുമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.

സംഭവത്തില്‍ ബാങ്ക് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളായ 200 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പിന് പിന്നില്‍ ഏതെങ്കിലും സംഘടിത മാഫിയ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ബാങ്കിലെ ആഭ്യന്തര പരിശോധനകളില്‍ വീഴ്ച പറ്റിയോ എന്നതും ഗൗരവമായി കാണുന്നു.

Content Highlights : The fraud went unnoticed for nearly two years, raising serious concerns

To advertise here,contact us